ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഏറ്റവും പ്രീമിയം ബൈക്കായ മാവ്റിക് 440 നിർത്തലാക്കിയെന്ന് റിപ്പോർട്ട്. ഒട്ടേറെ റൈഡർമാർക്ക് ഈ നേക്കഡ് സ്ട്രീറ്റ് ബൈക്കിനെ കുറിച്ച്  മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും, വിൽപനയിൽ തുടർച്ചയായുണ്ടായ ഇടിവിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനമെന്നാണ് വിവരം.

To advertise here,

കഴിഞ്ഞ മൂന്ന് മാസമായി ഒരു യൂണിറ്റ് പോലും നിർമിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെബ്സൈറ്റിൽനിന്ന് മോട്ടോർസൈക്കിളിനെ ബ്രാൻഡ് നീക്കം ചെയ്തിട്ടില്ലെങ്കിലും ചില ഡീലർഷിപ്പുകൾ മാവ്രിക്ക് 440-ക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്.

2024-ന്റെ തുടക്കത്തിലായിരുന്നു മാവ്റിക് 440 പുറത്തിറക്കിയത്. ഹീറോ-ഹാര്‍ളി ഡേവിഡ്‌സണ്‍ പങ്കാളിത്തത്തിൽ വികസിപ്പിച്ച ഹാർലി ഡേവിഡ്സൺ X440-യുടെ അതേ പ്ലാറ്റ്‌ഫോമിലാണ് മാവ്റിക്കും നിർമിച്ചത്. X 440-യുമായി സാങ്കേതികമായി സാമ്യമുണ്ടായിരുന്നിട്ടും സമാനമായ താൽപര്യം ഉപഭോക്താക്കളിൽ സൃഷ്ടിക്കാൻ മാവ്റിക്കിന് കഴിഞ്ഞില്ല.

 

2024 ഏപ്രിലിനും ഡിസംബറിനും ഇടയിൽ വെറും 3,214 യൂണിറ്റുകളാണ് വിൽക്കാൻ കഴിഞ്ഞത്. ഇതേ കാലയളവിൽ ഹാർലി-ഡേവിഡ്‌സൺ X 440-ന്റെ 8,974 യൂണിറ്റുകൾ വിറ്റഴിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. 2025 ജനുവരിയോടെ പ്രതിമാസ വിൽപന ഏകദേശം 50 യൂണിറ്റായി കുറഞ്ഞു. ഏപ്രിൽ മുതൽ ഇത് ഒറ്റ അക്കത്തിലേക്ക് താഴ്ന്നു. 

1.99 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുണ്ടായിരുന്ന മാവ്റിക് 440 റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട CB350 എന്നിവ ഉൾപ്പെടുന്ന കടുത്ത മത്സരമുള്ള ഒരു വിഭാഗത്തിലായിരുന്നു സ്ഥാനം പിടിച്ചത്. 440 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് മാവ്രിക്കിന് ഉണ്ടായിരുന്നത്. 27 ബിഎച്ച്പി പവറും 36 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിന് കഴിഞ്ഞിരുന്നു.

അതേസമയം, മാവ്റിക് നിർത്തലാക്കിയതോടെ ഹാർലി-ഡേവിഡ്സൺ X440-യുടെ വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ ഹീറോ മോട്ടോകോർപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങി വെറും 18 മാസത്തിനുള്ളിൽ മാവ്റിക് 440 നിർത്തലാക്കിയത് ആശ്ചര്യകരമായി തോന്നാമെങ്കിലും, ഇത് ഹാർലി-ഡേവിഡ്സൺ X440-ക്ക് ഉയർന്ന വിൽപന നേടാൻ കൂടുതൽ അവസരമൊരുക്കിയേക്കാം. കഴിഞ്ഞ മാസങ്ങളിൽ നേടിയ മികച്ച വിൽപന ഇനിയും ഉയർത്താൻ ഇത് സഹായിക്കും.