ഇന്ത്യയിലെ വാഹന വിപണിയോട് ഗുഡ്‌ബൈ പറഞ്ഞുപോയവരാണ് അമേരിക്കന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ളി ഡേവിഡ്‌സണ്‍. എന്നാല്‍, ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയുടെ പള്‍സ് ശരിക്കും അറിഞ്ഞിട്ടുള്ള ഹീറോ അവരെ തിരിച്ച് എത്തിക്കുകയും ഏറ്റവുമധികം ആരാധകരുള്ള ശ്രേണിയിലേക്ക് ഒരു ബൈക്ക് അവതരിപ്പിക്കുകയും ചെയ്തു. പ്രഖ്യാപനത്തില്‍ തന്നെ ഹിറ്റായ ഈ വാഹനം വിപണിയില്‍ എത്തും മുമ്പ് ബുക്കിങ്ങിലും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. 

To advertise here,

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ്440-യുടെ ഓണ്‍ലൈന്‍ ബുക്കിങ് താത്കാലികമായി നിര്‍ത്താനുള്ള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍. ഓഗസ്റ്റ് മൂന്നാം തീയതി വരെ ബുക്കിങ്ങ് തുടരുമെന്നും അതിനുശേഷം താത്കാലികമായി ഓണ്‍ലൈന്‍ ബുക്കിങ്  നിര്‍ത്തുകയാണെന്നുമാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നതിനും മുകളിലാണ് ഈ വാഹനത്തിന് ലഭിക്കുന്ന ബുക്കിങ്ങ് എന്നാണ് വിലയിരുത്തലുകള്‍.

രാജസ്ഥാനിലെ നീമ്രാണയിലുള്ള ഗാര്‍ഡന്‍ ഫാക്ടറിയിലാണ് ഈ ബൈക്ക് നിര്‍മിക്കുന്നത്. ഡിമാന്റിന് അനുസരിച്ച് നിര്‍മാണശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം സെപ്റ്റംബറോടെ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ബുക്കിങ്ങിലെ മുന്‍ഗണന അനുസരിച്ച് ഒക്ടോബര്‍ മാസം മുതല്‍ ഈ വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ എക്‌സ് 440-ക്ക് 2.29 ലക്ഷം രൂപ മുതല്‍ 2.69 ലക്ഷം രൂപ വരെ പ്രാരംഭ വില പ്രഖ്യാപിച്ചാണ് എത്തിയിട്ടുള്ളത്. എന്നാല്‍, ഓഗസ്റ്റ് മുന്നിന് നിര്‍ത്തുന്ന ബുക്കിങ്ങ് പുനരാരംഭിക്കുന്നതോടെ വാഹനത്തിന്റെ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അതേസമയം, ബുക്കിങ്ങ് എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഹീറോ മോട്ടോകോര്‍പ് കൃത്യമായ അറിയിപ്പ് നല്‍കിയിട്ടുമില്ല.

ഗ്ലോബല്‍ പ്രൊഡക്ട് ആയാണ് ഈ വാഹനത്തെ ഹാര്‍ളി ഡേവിഡ്സണ്‍ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണിയിലേക്ക് എക്സ് 440 ബൈക്ക് കയറ്റുമതി ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.