ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഇ-വോ (E-VO) ചൈനയിൽ അവതരിപ്പിച്ചു. ഹോണ്ടയുടെ പ്രാദേശിക പങ്കാളിയായ ഗ്വാങ്‌ഷൂവുമായി ചേർന്നാണ് ഈ വാഹനം വികസിപ്പിച്ചത്. അതിനാൽ വുയാങ്-ഹോണ്ട എന്ന ബ്രാൻഡിന് കീഴിലാകും ഇ-വോ നിരത്തുകളിലെത്തുക. ഒരു കഫേ റേസറിന്റെ രൂപഭംഗിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 

To advertise here,

ബാറ്ററിയും റേഞ്ചും

4.1kWh, 6.2kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ E-VO ലഭ്യമാണ്. 120 കിലോമീറ്റർ റേഞ്ചും 143 കിലോഗ്രാം ഭാരവുമാണ് 4.1kWh ബാറ്ററി പായ്ക്കിനുള്ളത്. ഡ്യുവൽ ബാറ്ററി സെറ്റപ്പാണിത്. ഒരു ഹോം ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ 30 മിനിറ്റുകൊണ്ട് ഈ ബാറ്ററി ചാർജ് ചെയ്യാം. 6.2kWh ബാറ്ററി പായ്ക്കിന് 170 കിലോമീറ്ററാണ് റേഞ്ച്. ട്രിപ്പിൾ-ബാറ്ററി കോൺഫിഗറേഷനാണിത്. 156 കിലോഗ്രാം ആണ് ഭാരം. രണ്ട് മണിക്കൂർ 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. രണ്ട് ബാറ്ററി പായ്ക്കുകളിലും 15.3kW പീക്ക് പവർ ഉത്പാദിപ്പിക്കുന്ന മോട്ടോറാണുള്ളത്. 

ഇ-വോ സവിശേഷതകൾ

ഇക്കോ,നോർമൽ,സ്‌പോർട്ട് എന്നീ മൂന്ന് റൈഡിങ്ങ് മോഡുകളുണ്ട്. നാവിഗേഷൻ, മ്യൂസിക്, ടയർ പ്രഷർ, ബാറ്ററി എസ്ഒസി വിവരങ്ങൾ എന്നിവയും മറ്റ് കാര്യങ്ങളും പ്രദർശിപ്പിക്കുന്ന ടിഎഫ്ടി സ്ക്രീനാണ് മറ്റൊരു പ്രത്യേകത. ചെറിയ ബാറ്ററി പായ്ക്ക് ഉള്ള മോഡലിൽ ഒരു ഫ്രണ്ട് ഡാഷ് ക്യാം ലഭിക്കും. വലിയ ബാറ്ററി മോഡലിൽ പിൻവശത്തും ഡാഷ് ക്യാം  ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിൽ 16ഉം പിന്നിൽ 14 ഇഞ്ചും വീലുകളാണുള്ളത്. സെമി-സ്ലിക്ക് ടയറുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.

4.1kWh ബാറ്ററി വേരിയന്റിന് ഏകദേശം 3.56 ലക്ഷം രൂപയും 6.2kWh വേരിയന്റിന് ഏകദേശം 4.39 ലക്ഷം രൂപയുമാണ് വില. പ്രാദേശിക കമ്പനിയായ ഗ്വാങ്‌ഷൂവുമായി ചേർന്ന് ചൈനീസ് വിപണിക്ക് വേണ്ടി പ്രത്യേകം നിർമിച്ചതായതിനാൽ ഹോണ്ട ഇ-വോ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.