പത്തുവര്‍ഷമായി ഗ്രേറ്റര്‍നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ട്  നിദ്രയിലായിരുന്നു. ഇപ്പോഴിതാ ലക്ഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കാന്‍ വീണ്ടും ഉണരുകയായി. പത്തുവര്‍ഷം മുമ്പ് ഫോര്‍മുല വണ്‍ കാറുകളുടെ ഇരമ്പമായിരുന്നെങ്കില്‍ ഇനി കേള്‍ക്കുക സൂപ്പര്‍ബൈക്കുകളുടെ മൂളലുകളായിരിക്കും. ആഗോള മത്സരങ്ങള്‍ക്കായി നിര്‍മിച്ച ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പത്തുവര്‍ഷം മുമ്പാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരം നടന്നത്. 

To advertise here,

നിര്‍മാണത്തിലും സാങ്കേതിക മികവിലും പ്രശസ്ത ഡ്രൈവര്‍മാര്‍ പാടിപ്പുകഴ്ത്തിയ ട്രാക്കില്‍ പിന്നീട് അന്താരാഷ്ട്ര മത്സരം നടന്നില്ല. സൂപ്പര്‍ബൈക്കുകളുടെ തലതൊട്ടപ്പനെ നിശ്ചയിക്കുന്ന മോട്ടോ ജിപി സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ ഇവിടെ നടക്കും. ഈ മത്സരത്തിലൂടെ 950 കോടിയുടെ നിക്ഷേപം ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. 2500 മുതല്‍ 40,000 രൂപവരെയാണ് ടിക്കറ്റ് വില.

മോട്ടോ ജിപി

1949-ല്‍ തുടങ്ങിയ മോട്ടോ ജിപി ലോകത്തെ ഏറ്റവും മികച്ച ബൈക്ക് റേസായി പരിഗണിക്കുന്നു. ഇക്കുറി 11 ടീമുകളിലായി 22 പേര്‍ മത്സരരംഗത്തുണ്ട്. ഒരു ടീമില്‍ രണ്ടുപേരാണുണ്ടാകുക. ഈ സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 ഗ്രാന്‍പ്രീ മത്സരങ്ങളുണ്ട്.

ഇന്ത്യയില്‍ ആദ്യമായാണ് മോട്ടോ ജിപി എത്തുന്നത്. മോട്ടോ ജിപി, മോട്ടോ 2, മോട്ടോ 3, മോട്ടോ ഇ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. ആദ്യ മൂന്നു വിഭാഗത്തില്‍ ഫോര്‍സ്‌ട്രോക്ക് എന്‍ജിനുകളും മോട്ടോ ഇ വിഭാഗത്തില്‍ വൈദ്യുത ബൈക്കുകളുമാണ് മത്സരിക്കുക.

ബുദ്ധ് സര്‍ക്യൂട്ട്

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ 2011 ഒക്ടോബറിലാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ റേസ് ട്രാക്ക് ഉദ്ഘാടനം ചെയ്തത്. ഫോര്‍മുല വണ്‍ മത്സരങ്ങളുടെ ഇന്ത്യയിലെ ആദ്യവേദി. ജര്‍മന്‍ റേസ് ട്രാക്ക് ഡിസൈനര്‍ ഹെര്‍മന്‍ ടില്‍ക്കെയുടെ നേതൃത്വത്തിലാണ് 5.125 കിലോമീറ്ററുള്ള ട്രാക്ക് നിര്‍മിച്ചത്. 2011 മുതല്‍ 2014 വരെ ഇവിടെ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ നടന്നു. ജെ.പി. ഗ്രീന്‍സിറ്റിയുടെ ഭാഗമായി 2500 ഏക്കറിലാണ് സര്‍ക്യൂട്ട് നിര്‍മിച്ചത്. ഇവിടെ ഒരു ലക്ഷം പേര്‍ക്കിരിക്കാം. നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഇന്ത്യയിലെ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ചു.

മോട്ടോ ജിപി ഇതുവരെ

ഈ സീസണിലെ 12 മത്സരം കഴിഞ്ഞപ്പോള്‍ ഡ്യുക്കാട്ടി ലെനോവോ ടീമിന്റെ ഇറ്റലിക്കാരന്‍ ഡ്രൈവര്‍ ബഗാനിയ 260 പോയന്റുമായി മുന്നില്‍നില്‍ക്കുന്നു. പ്രമാക്കിന്റെ സ്‌പെയിന്‍കാരന്‍ ജെ. മാര്‍ട്ടിനാണ് (247 പോയന്റ്) രണ്ടാമത്. മൂണി വി.ആര്‍. 46 റേസിങ് ടീമംഗം എം. ബെസെച്ചി മൂന്നാമതുണ്ട് (218 പോയന്റ്). ഒന്നാം സ്ഥാനത്ത് എത്തുന്നയാള്‍ക്ക് 25 പോയന്റും രണ്ടാംസ്ഥാനത്തിന് 20, മൂന്നിന് 16, നാലിന് 13, അഞ്ചിന് 11, ആറിന് 10, ഏഴിന് 9, എട്ടിന് 8, ഒന്‍പതിന് 7, പത്തിന് ആറ് എന്നിങ്ങനെയാണ് പോയന്റ് ലഭിക്കുക.

ബൈക്ക് നിയമങ്ങള്‍

• എന്‍ജിന്‍ 1000 സി.സി.യില്‍ കൂടരുത്
• ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ മാത്രം
• ഭാരം 157 കിലോഗ്രാമില്‍ കൂടരുത്
• കൂടിയ വേഗം മണിക്കൂറില്‍ 350 കിലോമീറ്റര്‍
• 250 എച്ച്.പി. കരുത്തെങ്കിലുമുണ്ടാവണം
• ഇന്ധനടാങ്ക് കപ്പാസിറ്റി 22 ലിറ്ററില്‍ കൂടരുത്
• ബൈക്കും യാത്രക്കാരനുമടക്കം ഭാരം 215 കിലോഗ്രാമില്‍ കൂടരുത്