
കര്‍ണാടക പോലീസ് സേനയിലേക്ക് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പുതിയ അഞ്ച് ബൈക്കുകള്‍ എത്തിയത്. ഒറ്റ നോട്ടത്തില്‍ ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകളെ പോലെ തോന്നുമെങ്കിലും ഇവ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോട്ടോര്‍സൈക്കിളുകളാണ്. കര്‍ണാടകയിലെ തന്നെ ബുള്ളറ്റീര്‍ കസ്റ്റം മോട്ടോര്‍സൈക്കിള്‍ എന്ന സ്ഥാപനമാണ് വിദേശ രാജ്യങ്ങളിലെ പോലീസ് സേനയിലെ പോലീസ് ബൈക്കുകള്‍ക്ക് സമാനമായി അഞ്ച് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ബൈക്കുകളെ മാറ്റിയെടുത്തത്.
ബെംഗളൂരു സിറ്റി പോലീസ് സേനയുടെ ഭാഗമാകാന്‍ എത്തിയ ഈ മോടിപിടിപ്പിച്ച അഞ്ച് ബൈക്കുകളും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി.ദയാനന്ദ് പരിശോധിക്കുന്നതിന്റെയും ഓരോന്നായി ഓടിച്ച് നോക്കുന്നതിന്റെയും വീഡിയോകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ബെംഗളൂരു സിറ്റി പോലീസ് സേനയ്ക്കായി അഞ്ച് ബൈക്കുകള്‍ രൂപമാറ്റം വരുത്തി നല്‍കാന്‍ ബുള്ളറ്റീര്‍ കസ്റ്റം മോട്ടോര്‍സൈക്കിള്‍സ് തീരുമാനിച്ചത്.
പിന്നീട് അഞ്ച് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളെയും അഴിച്ചുപണിയുകയായിരുന്നു. ഒടുവില്‍ പോലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ബൈക്കുകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് കമ്മീഷണര്‍ക്ക് സ്ഥാപന ഉടമ വിശദീകരിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷം സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരും കമ്മീഷണറുമെല്ലാം ഈ ബൈക്കുകളില്‍ ഒന്ന് കറങ്ങുകയും ചെയ്തു. നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് ക്ലാസിക് 350 ബൈക്കുകള്‍ക്ക് പോലീസ് ബൈക്കിന്റെ ഭാവം നല്‍കിയത്.
രൂപമാറ്റത്തില്‍ ഏറ്റവമധികം ശ്രദ്ധിക്കപ്പെടുന്നത് ബാറ്റ്മാന്‍ സ്റ്റൈല്‍ ഫ്രണ്ട് വൈസറാണ്. അമേരിക്കയില്‍ ഉള്‍പ്പെടെ പോലീസ് ഉപയോഗിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ ക്രൂയിസര്‍ ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ് ഈ വൈസര്‍. ഇതിനുപുറമെ, റൈഡേഴ്‌സിനുള്ള ലെഗ് ഗാര്‍ഡും അധികമായി നല്‍കിയിട്ടുണ്ട്. ഈ ഗാര്‍ഡില്‍ തന്നെയാണ് പോലീസ് വാഹനമാണെന്ന സൂചന നല്‍കുന്ന ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. ബൈക്കുകളില്‍ നല്‍കിയിട്ടുള്ള പെയിന്റില്‍ പോലും പോലീസ് ടച്ച് വരുത്തിയിട്ടുണ്ട്.
പിന്‍നിരയിലെ സീറ്റുകള്‍ അഴിച്ചുമാറ്റി, അത് ലഗേജ് റാക്ക് ആക്കിയതാണ് മറ്റൊരു പുതുമ. രണ്ട് വശങ്ങളിലുമായി ലഗേജ് ബോക്‌സുകളും നല്‍കിയിട്ടുണ്ട്. ഈ ബൈക്കുകള്‍ക്ക് ക്രൂയിസര്‍ ഭാവം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് ഈ ബോക്‌സുകളാണ്. വാഹനത്തിലുടനീളം ബ്ലാക്ക് ആന്റ് വൈറ്റ് പെയിന്റ് സ്‌കീമാണ് നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ നല്‍കിയിരിക്കുന്ന രണ്ട് ബോക്‌സുകളിലും ബെംഗളൂരു സിറ്റി പോലീസ് എന്ന് ആലേഖനവും ചെയ്തിട്ടുണ്ട്. ടാന്‍-ബ്ലാക്ക് ഇരട്ട നിറങ്ങളിലാണ് സീറ്റുകള്‍ തീര്‍ത്തിരിക്കുന്നത്.
Content Highlights: Bengaluru City Police gets 5 modified Royal Enfield Classic 350 motorcycles.
Published: 06 Oct 2024, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented