റക്കമില്ലാത്ത രാത്രിയില്‍ മനസ്സിലെ ഭാരം ഇറക്കി വെക്കാനായി തുടങ്ങിയ കുത്തിവര. എന്നാല്‍ വെറും കുത്തിവരകളല്ല അവ, മാനസികസംഘര്‍ഷങ്ങളെ മറികടക്കാന്‍ എഞ്ചിനീയര്‍ ബിരുദധാരിയായ അമല്‍ നെഡ് (അമല്‍ ജെ. നെടുംപുറം) എന്ന യുവാവ് കണ്ടെത്തിയ വഴി വ്യത്യസ്തമാണ്. ഒറ്റയ്ക്കിരിക്കുമ്പോഴുള്ള ആത്മസംഘര്‍ഷങ്ങളെ ഇന്ന് ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കുകയാണ് അമല്‍. ദി അണ്‍ടോള്‍ഡ്‌സ് എന്ന പേരില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുന്ന പാകത്തിലെത്തി അമലിന്റെ ആ കുത്തിവരകള്‍.

To advertise here,

സത്യത്തില്‍ ഉത്കണ്ഠയും മറ്റും കൂടിയ സമയത്ത് ആരോടും തുറന്നുപറയാനാവാതെ വിഷമിച്ചിരുന്നതാണ് ചിത്രകലയിലേക്കുള്ള തുടക്കമെന്ന് അമല്‍ പറയുന്നു. മനസ്സിലെ വിഷമം ഇറക്കിവെക്കാന്‍ എന്തെങ്കിലുമൊക്കെ കുറിക്കാനിരുന്നുവെങ്കിലും വാക്കുകള്‍ വഴങ്ങിയില്ല. ഉറക്കമില്ലാത്ത രാത്രിയില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും താന്‍ ആഗ്രഹിച്ചതുപോലെ വരാതിരുന്ന നിരാശയില്‍ അതിനുമുകളില്‍ കുത്തിവരച്ചു. ആ കുത്തിവരകള്‍ മറ്റെന്തിനേക്കാളും തീവ്രമായി സംസാരിക്കുന്നുവെന്ന് അപ്പോഴാണ് തോന്നിയതെന്ന് അമല്‍ പറയുന്നു.

'വാക്കുകളിലൂടെ എനിക്ക് പറയാന്‍ പറ്റാത്തത് അലസമായ ആ കുത്തിവരകള്‍ സംസാരിച്ചു. എനിക്ക് അറിയാതിരുന്ന ഇതുവരെ എനിക്ക് വെളിപ്പെടാത്ത പലതും ആ കുത്തിവരക്കിടയില്‍ തെളിഞ്ഞു വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ എഴുതിയ വാക്കുകളിലൂടെ എന്റെ മനസ്സ് സ്വതന്ത്രമായി അവയുടെ മുകളില്‍ വരച്ച കുത്തിവരകളിലൂടെ സുരക്ഷിതവും. ആ കുത്തിവരകള്‍ എന്റെ വാക്കുകളെ മറ്റുള്ളവര്‍ക്കും, എനിക്കുപോലും വായിക്കാന്‍ കഴിയാത്തതാക്കി മാറ്റി. എന്റെ എല്ലാ ചിന്തകളെയും പുറത്തേക്ക് അഴിച്ചുവിട്ടെങ്കിലും, ഒന്നിനെയും പറ്റി പിന്നീട് എനിക്ക് ഉത്കണ്ഠപ്പെടെണ്ടേണ്ടി വന്നില്ല. അവിടെ ഒരു പ്രതിഫലനമെന്നോണം ആ രാത്രിയില്‍ 'അണ്‍ടോള്‍ഡ്' ജനിച്ചു', അമല്‍ പറയുന്നു.

പിന്നീടുള്ള രാത്രികളില്‍, ഉറക്കം ചിന്തകള്‍ക്ക് വഴിമാറുമ്പോള്‍, ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ബ്രഷ് ടൂളുകളില്‍ അഭയം തേടുന്നത് തന്റെ ശീലമായി മാറിയെന്നും അമല്‍ പറയുന്നു. ചിന്തകളും വികാരങ്ങളും വാക്കുകളുമൊക്കെ കുത്തിവരച്ചു. ഈ നിശബ്ദമായ തുറന്നുപറച്ചിലുകളൊക്കെ ഒരു രോഗശാന്തി പോലെയാണ് പിന്നീട് അനുഭവപ്പെട്ടതെന്നും അമല്‍ പറയുന്നു. അവ വെറും കുത്തിവരകള്‍ മാത്രമല്ല. മറിച്ച് തന്റെ ആത്മാവിന്റെ കൈയക്ഷരമാണെന്നാണ് അമല്‍ പറയുന്നത്.

തുടക്കത്തില്‍ ഒരിക്കലും ഈ മേഖലയെ ഗൗരവത്തോടെ സമീപിച്ചിരുന്നില്ലെന്നും അമല്‍ പറയുന്നുണ്ട്. മനസ്സിലെ നെഗറ്റീവ് ചിന്തകളും ഭാരവുമൊക്കെ ഇറക്കിവെക്കാന്‍ സ്വീകരിച്ച തീര്‍ത്തും സ്വകാര്യമാര്‍ഗം മാത്രമായിരുന്നു അത്. എന്നാല്‍ അതിജീവനത്തിനായി തുടങ്ങിയ ഈ രീതി അറിഞ്ഞോ അറിയാതെയോ സാവധാനം കലയായി രൂപാന്തരപ്പെട്ടു. കുത്തിവരകള്‍ കൂടുതല്‍ മികച്ച രചനകളായി പരിണമിച്ചു.

സ്വപ്നങ്ങളും ചിത്രങ്ങളായി മുന്നില്‍

സ്വപ്നങ്ങള്‍ കാണുന്നവരായിരിക്കും മിക്കവരും. എന്നാല്‍ കണ്ട സ്വപ്നങ്ങളെ ഓര്‍ക്കാനോ, അവയേക്കുറിച്ച് വിവരിക്കാനോ പലര്‍ക്കും ഓര്‍മ കാണില്ല. പക്ഷേ താന്‍ കണ്ട സ്വപ്നങ്ങള്‍ മറക്കുംമുമ്പേ ചിത്രരൂപങ്ങളില്‍ പകര്‍ത്തുകയാണ് അമല്‍. ഒരു സുഹൃത്ത് അയാള്‍ കണ്ട സ്വപ്നം കഥപോലെ പറഞ്ഞപ്പോഴാണ് അതിനെ ദൃശ്യരൂപത്തിലേക്ക് ആക്കിമാറ്റാന്‍ അമല്‍ ചിന്തിച്ചത്. അന്നത് പൂര്‍ത്തിയാക്കിയപ്പോള്‍ ഇത്രനാളും താന്‍ എന്തുകൊണ്ട് സ്വപ്നങ്ങളെക്കൂടി ചിത്രങ്ങളാക്കി മാറ്റിയില്ലെന്ന ചിന്ത അമലിനെ നിരാശനാക്കി. അവിടെ നിന്നാണ് താന്‍ കാണുന്ന സ്വപ്നങ്ങളും ദൃശ്യരൂപത്തിലേക്ക് മാറ്റാന്‍ അമല്‍ തീരുമാനിച്ചത്.

സ്വപ്നങ്ങളുടെ ഓര്‍മയുള്ള ഭാഗങ്ങളെല്ലാം ഉറക്കമുണര്‍ന്ന ഉടന്‍തന്നെ അമല്‍ കുറിച്ചുവെക്കാന്‍ തുടങ്ങി. ചിലപ്പോള്‍ അവ വ്യക്തമായിരുന്നു, മറ്റു ചിലപ്പോള്‍ അവ പൂര്‍ണ്ണമല്ലാത്തവയും. അങ്ങനെ സൃഷ്ടിച്ച ചിത്രങ്ങളാണ് അണ്‍സീന്‍സ് എന്നപേരില്‍ അമല്‍ പുറത്തിറക്കുന്നത്. കണ്ണുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, എന്നാല്‍ മനസ്സ് കണ്ടിട്ടുള്ള കാഴ്ചകളാണ് അവ എന്നാണ് അമല്‍ പറയുന്നത്.

 

'ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടാല്‍ അവ കണ്ടതിനേക്കാള്‍ അര്‍ത്ഥവത്തായി ഞാന്‍ വരയ്ക്കാന്‍ തുടങ്ങി. അവ വ്യക്തമോ അമൂര്‍ത്തമോ, ഭാവനാത്മകമോ അതീതഭാവനയോ ആവാം. ചിലത് വ്യക്തമായ ദൃശ്യങ്ങളും ചിലത് ഞാന്‍ ഇതുവരെ ജീവിച്ചിട്ടില്ലാത്ത അപരിചിതമായ നിമിഷങ്ങളും വെളിപ്പെടുത്തി, മറ്റു ചിലത് എന്റെ ബോധമനസ്സ് ഉപേക്ഷിച്ച ഇടത്തുനിന്ന് തുടരുന്ന ജീവന്‍ വച്ച കാഴ്ചകള്‍ പോലെ തോന്നി. എന്റെ കാഴ്ചപ്പാടില്‍ അവയില്‍ ഭൂരിഭാഗവും എന്റെ ഉള്ളിലെ ഞാന്‍ പോലും അറിയാത്ത എന്റെ ആഗ്രഹങ്ങളോ വിശ്വാസങ്ങളോ ആണ്. അവ എന്റെ മനസ്സിലുണ്ടായവയല്ല മറിച്ച്, എന്റെ ആത്മാവ് ഓര്‍ത്തെടുത്തവയാണ്.' അമല്‍ പറയുന്നു.

 

എഞ്ചിനീയറിങ്ങില്‍ നിന്ന് ചിത്രകലയിലേക്ക്

ഒരു എഞ്ചിനീയറിങ് ബിരുദധാരിയായ അമല്‍ നെഡ് കലയുടെ ലോകത്തിലേക്കു കടക്കുന്നത് തീര്‍ത്തും ആകസ്മികമായാണ്. കൊച്ചി മുസിരിസ് ബിനാലെയിലെ പ്രവര്‍ത്തി പരിചയവും വിദേശ പ്രൊജെക്ടുകളും, വില്യം മോറിസ് ഗാലറി(യു.കെ) യുമായുള്ള സഹകരണവും അമലിനെ ഈ മേഖലയില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അമല്‍നെഡ് ആര്‍ട്ടിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ സമകാലിന കലകള്‍ (ഡിജിറ്റല്‍, ഫൈന്‍, വിഷ്വല്‍), കസ്റ്റം ആര്‍ട്ട് വര്‍ക്കുകള്‍, ക്രിയേറ്റിവ് ഡയറക്ഷന്‍, ബ്രാന്‍ഡിംഗ്, ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, കൂടാതെ ആര്‍ക്കിടെക്ചറല്‍, സ്പെഷ്യല്‍ ഡിസൈന്‍ എന്നിവയില്‍ അമല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.