
മാമാങ്കം ഡാന്‍സ് കമ്പനിയുടെ 'നെയ്‌തെ' നൃത്താവിഷ്കരണത്തില് നിന്ന്
കൊച്ചി: ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയില്‍ ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകവും ശ്രദ്ധാകേന്ദ്രമാകും. പ്രശസ്തമായ മാമാങ്കം ഡാന്‍സ് കമ്പനിയുടെ 'നെയ്‌തെ' (നെയ്ത്തിന്റെ നൃത്തം) എന്ന നൃത്താവിഷ്‌കരണം 2025 ഒക്ടോബര്‍ 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തും.
നര്‍ത്തകിയും നടിയും സംരംഭകയുമായ റിമ കല്ലിങ്കല്‍ 2014-ല്‍ സ്ഥാപിച്ചതാണ് മാമാങ്കം ഡാന്‍സ് കമ്പനി. ഇപ്പോള്‍ കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളില്‍ ഒന്നാണ് മാമാങ്കം.
കേരളത്തിന്റെ ശാസ്ത്രീയ, നാടോടി, കായിക പാരമ്പര്യങ്ങളില്‍ വേരൂന്നിയതും ആധുനിക കലാ-സാംസ്‌കാരിക ആവിഷ്‌കാരങ്ങളോട് പ്രതികരിക്കുന്നതുമായ ഒരു ഇന്ത്യന്‍ സമകാലിക നൃത്തഭാഷ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തില്‍ 'നെയ്ത്ത്' എന്നര്‍ത്ഥം വരുന്ന 'നെയ്‌തെ' 2018-ലെ പ്രളയത്തില്‍ തറികളും ഉപജീവനമാര്‍ഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സമകാലിക നൃത്ത നിര്‍മ്മാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങള്‍ ഉപകരണങ്ങള്‍ താളങ്ങള്‍ എന്നിവ നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും, അതിജീവനത്തിന്റെയും, സര്‍ഗ്ഗാത്മകതയുടെയും ഒരു രൂപകമായി ഇതിനെ അവതരിപ്പിക്കുന്നു.
35 മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്ത ശില്‍പ്പത്തില്‍ എട്ട് നര്‍ത്തകര്‍ അണിനിരക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കേരളത്തിലെ നാടോടി നൃത്ത രൂപങ്ങള്‍ എന്നിവയില്‍ നിന്നുള്ള സ്വാധീനവും ഇതില്‍ ഇടകലരുന്നു. നൃത്തസംവിധാനം നെയ്ത്തിന്റെ സങ്കീര്‍ണ്ണമായ പ്രക്രിയയെ പ്രതിഫലിപ്പിക്കുമ്പോള്‍, പശ്ചാത്തല സംഗീതം - തറികളുടെ അന്തരീക്ഷ ശബ്ദങ്ങള്‍, താളാത്മകമായ സ്പന്ദനങ്ങള്‍, പരമ്പരാഗത രൂപങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് - പ്രേക്ഷകരെ കരകൗശല വിദഗ്ദന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
മിലാന്‍, മോസ്‌കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ പ്രമുഖ വേദികളിലെ അവതരണങ്ങള്‍ക്ക് ശേഷം 'നെയ്‌തെ' ഇപ്പോള്‍ ബാഗ്ദാദിലേക്കും യാത്ര തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രകടനത്തിന്റെയും, സംവാദത്തിന്റെയും, സാംസ്‌കാരിക വിനിമയത്തിന്റെയും ആഘോഷത്തില്‍ 13 പ്രശസ്ത അന്താരാഷ്ട്ര നാടക കമ്പനികള്‍ക്കും കലാകാരന്മാര്‍ക്കുമൊപ്പം ഈ നൃത്തരൂപം ചേരുന്നതാണ്. സമകാലിക നാടകരംഗതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ശബ്ദത്തിനും കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ കലാ സമൂഹത്തിന് ലഭിക്കുന്ന ആഗോള അംഗീകാരത്തിനും അടിവരയിടുന്നതാണ് ഈ തിരഞ്ഞെടുപ്പ്.
പാരമ്പര്യത്തെ ആധുനികതയിലേക്ക് മാറ്റിയ നവീകരണത്തിനും സംവേദനക്ഷമതയ്ക്കും ഇറ്റലിയിലെ സ്പാസിയോ ടിയാട്രോ നോഹ്‌മയുടെ തെരേസ പൊമഡോറോ സ്ഥാപിച്ച 15-ാമത് 'തിയേറ്ററോ ന്യൂഡോ' ഇന്റര്‍നാഷണല്‍ പ്രൈസും 'നെയ്‌തെ'ക്ക് ലഭിച്ചിട്ടുണ്ട്.
'നെയ്‌തെ'യിലൂടെ കേരളത്തിലെ നെയ്ത്തുകാരുടെ കലാവൈഭവവും അതിജീവന ശേഷിയും നൃത്തഭാഷയിലേക്ക് കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ചേന്ദമംഗലത്തെ തറികളില്‍ നിന്നുള്ള ഈ കഥയെ ഒരു ആഗോള വേദിയിലെത്തിക്കുന്നത് വലിയ പ്രചോദനവുമാണ്,' മാമാങ്കം ഡാന്‍സ് കമ്പനിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ റിമ കല്ലിങ്കല്‍ പറഞ്ഞു. ബാഗ്ദാദിലെ വേദിയില്‍ 'നെയ്‌തെ' അവതരിപ്പിക്കുമ്പോള്‍, നൃത്തച്ചുവടുകളിലൂടെയും താളത്തിലൂടെയും അതിജീവനത്തിന്റെ കരുത്തിനെ ഇന്ത്യയുടെ സാംസ്‌കാരിക ഭാവനയിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിക്കും.
Content Highlights: Mamankam Dance Company`s `Neithe` (Weaving Dance) represents India at the Baghdad International Theatre Festival 2025, showcasing Kerala`s heritage & resilience.
Published: 11 Oct 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented