കൊച്ചി: പിള്ളേരെപ്പോലെ കളിച്ച് നടക്കുകയാണോ?... പലപ്പോഴും നമ്മൾ കേൾക്കുന്ന ചോദ്യം. എന്നാൽ ‘മാതൃഭൂമി’ കപ്പ കൾച്ചറിലെത്തിയാൽ നിങ്ങൾ കളിച്ച് നടക്കുന്നത് പിള്ളേരെപ്പോലെ മാത്രമാകില്ല. പിള്ളേർ മുതൽ ഏതു പ്രായത്തിലുള്ളവരെപ്പോലെയും നിങ്ങൾക്ക് കളിച്ച് നടക്കാനൊരു ഭൂമിക. മാതൃഭൂമി കപ്പ കൾച്ചറിന്റെ ഗെയിം സോൺ സെറ്റ് ചെയ്തിരിക്കുന്നത് അത്തരം ആശയത്തിലാണ്. ആദിത്യ മഹേഷ് ക്യൂറേറ്ററായി എത്തുന്ന ഗെയിം സോണിൽ ആർക്കേഡ് ഗെയിംസാണ് കൾച്ചറിന്റെ ഇത്തവണത്തെ പ്ലസ് പോയിന്റ്

To advertise here,

കൾച്ചറിൽ ഒരുപാട് കൾച്ചറുണ്ട്, ഫുഡ്, ആർട്ട്, ഡാൻസ് എന്നിങ്ങനെ ഒരുപാട് കൾച്ചർ. അക്കൂട്ടത്തിൽ വ്യത്യസ്തമായ അനുഭവവുമായാണ് ഇത്തവണ ആർക്കേഡ് ഗെയിംസ് എത്തുന്നതെന്ന് ആദിത്യ മഹേഷ് പറയുന്നു.

“ആർക്കേഡ് ഗെയിംസ് നിങ്ങൾക്ക് മാളുകളിൽ ലഭ്യമായേക്കാം. എന്നാൽ മലയാളിക്ക് ഇപ്പോഴും അത് വീക്ക് എൻഡ് കൾച്ചറിന്റെ ഭാഗമായിട്ടില്ല. ആർക്കേഡ് സംസ്‌കാരത്തിന്റെ ടേസ്റ്റിൽ കുറെ പരിപാടികളാണ് കൾച്ചറിൽ ഞങ്ങൾ പ്ലാൻ ചെയ്യുന്നത്. ഫൈറ്റിങ് ഗെയിമുകൾ, ആനിമേഷൻ, കോസ്‍പ്ലേ എന്നിവയെല്ലാം ഇതിലുണ്ടാകും. ഞങ്ങൾ സൃഷ്ടിക്കുന്ന വേഴ്‌സസ് എക്‌സ്പീരിയൻസ് എന്നത് വേഴ്‌സസ് ബ്രാൻഡിന്റെ മികച്ച വശങ്ങളെ മാതൃ ഇവന്റുമായി ലയിപ്പിക്കുന്ന ഒരു മൾട്ടി സെൻസറി ആഡ് ഓൺ ആണ്. സ്ട്രീറ്റ് ഫൈറ്റർ, സ്മാഷ് ബ്രോസ് അൾട്ടിമേറ്റ്, അണ്ടർ നൈറ്റ് ഇൻ-ബർത്ത് സിസ് സെലെസ് തുടങ്ങി കുറെ മത്സരങ്ങൾ കൾച്ചറിൽ എത്തുന്നുണ്ട്.” ആദിത്യ പറഞ്ഞു. സിരകളിൽ സംഗീതം ഒരു ലഹരി പോലെ പടരുമ്പോൾ കേശാദിപാദം ഒരു കലക്കൻ റീച്ചാർജ്. മനസ്സും ശരീരവും ഒരു കടലിൽ നീന്തിത്തുടിച്ചതുപോലെ ഉന്മാദത്തിലാകുന്ന കപ്പ കൾച്ചറിൽ ഗെയിം സോൺ ഇത്തവണ കലക്കൻ ത്രില്ലാകും എന്ന് അടിവരയിടുന്നതാണ് ആർക്കേഡ് ഗെയിംസിന്റെ വരവ്. പല പ്രായത്തിലുള്ള ആസ്വാദകരും ഇവിടെയെത്തിയാൽ ഒരേ ആവേശത്തിന്റെ ആൾരൂപമാകുമെന്ന് ഉറപ്പ്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷത്തിന്റെയും കുളിർമഴയായി പെയ്യുന്ന കൾച്ചറിൽ ഗെയിം സോൺ ഒരു ഇടിവെട്ട് തന്നെയാകും.

കൾച്ചറിൽ സംഗീതത്തിനൊപ്പം ഫുഡും ഫാഷനും ഗെയിമും സാഹസികതയുമെല്ലാം കൈകോർക്കുന്നതിനാൽ ഒരു നേരമെങ്കിലും ഇവിടെ വന്നു പോകാനാകും ഓരോ ആസ്വാദകനും ഇത്തവണയും ആഗ്രഹിക്കുന്നത്.

കൾച്ചറിന്റെ വിസ്മയ ഭൂമിക തുറക്കാൻ ഇനി രണ്ട് ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം. ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടി പാലസിലാണ് കൾച്ചർ അരങ്ങേറുന്നത്. കൾച്ചറിന്റെ വിസ്മയ ഭൂമികയിലേക്കുള്ള ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആദ്യ ദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2500 രൂപ വീതവുമാണ്. മൂന്ന് ദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.