
മധു വാരണാസി അരങ്ങില്‍.|Photo: Madhu Varanasi/ Facebook
ഒരുകാലത്ത് ക്ഷേത്രങ്ങളുടെ അകത്തളങ്ങളില്‍ മാത്രം അവതരിപ്പിച്ചിരുന്ന പല കലകളും ഇന്ന് ജനകീയമായിരിക്കുന്നു. വേദികളും അവസരങ്ങളും വര്‍ധിച്ചതോടെ കഥകളിയ്ക്കും ഇന്ന് ആസ്വാദകര്‍ ഏറെയാണ്. കഥകളിയുടെ പല ഘടകങ്ങളില്‍ ഒന്നായ ആട്ടക്കഥയില്‍ കാലങ്ങളായി കേട്ടുവന്ന പുരാണങ്ങളില്‍ നിന്ന് മാറി പാശ്ചാത്യ ലോകത്തേക്കും കടന്നുചെല്ലുകയാണ് മധു വാരണാസി. ഷേക്സ്പിയറിന്റെ ഒഥല്ലോ അടക്കമുള്ള നാടകങ്ങള്‍ ആട്ടക്കഥയായി കഥകളിപ്രേമികളുടെ മുന്നിലേക്ക് അദ്ദേഹം എത്തിച്ചു.
കഥകളി സംഗീതത്തിൽ ചെണ്ടയിൽ അദ്ഭുതങ്ങൾ വിരിയിച്ച വാരണാസി മാധവന്‍ നമ്പൂതിരിയുടെ കൊച്ചുമകനാണ് മധു വാരണാസി. 'ഡെയ്ഞ്ചര്‍ ബിസ്‌കറ്റിലെ' 'ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍' എന്ന ഗാനത്തിൽ ശ്രീകുമാരൻ തമ്പി വാരണാസിയുടെ ചെണ്ട എന്ന വരിയിൽ പരാമർശിച്ച് ഗാനാസ്വാദകർക്ക് സുചപരിതനായ അതേ വാരണാസി മാധവൻ നമ്പൂതിരി. തിരുവിതാംകൂറിലെ കഥകളി അരങ്ങുകളിലെ സജീവ സാന്നിധ്യമായിരുന്ന മാധവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ സഹോദരനും കവി ഹൃദയത്തെ മാത്രമല്ല സ്വാധീനിച്ചത്. വാരണാസിയുടെ കഥകളി പാരമ്പര്യം അതേ പൊലിമയോടെ പിന്തുടരുകയാണ് കൊച്ചുമകൻ മധു വാരണാസിയും.
വേഷം കലാകാരനാണെങ്കിലും കഥകളിയുടെ അഗാഥമായ കടലില്‍ തന്റേത് എന്ന് പറയാന്‍ സാധിക്കുന്ന ഒരു തുള്ളി മധുവിന്റേതായുണ്ട്. മലയാളികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഒഥല്ലോയിലെയും മാക്ബത്തിലെയും ചില രംഗങ്ങള്‍ ആട്ടക്കഥാ രൂപത്തിലാക്കി വേദികളില്‍ അവതരിപ്പിച്ചു. എട്ടാമത്തെ വയസില്‍ കഥകളി അരങ്ങേറ്റം നടത്തുകയും പതിമൂന്നാമത്തെ വയസില്‍ ആദ്യത്തെ ആട്ടക്കഥ രചിക്കുകയും ചെയ്തു. അഗ്നിപരീക്ഷ, സത്യാസ്വയംവരം, മഹിഷീമര്‍ദ്ദനം, എന്നീ ആട്ടക്കഥകള്‍ രചിച്ചു. മധു വാരണാസിയുമായി നടത്തിയ അഭിമുഖം.
ആട്ടക്കഥയുടെ രചനയ്ക്കായി 'ഒഥല്ലോ' തിരഞ്ഞെടുക്കാനുള്ള കാരണം?
വേദികളിലൂടെ കൃത്യമായി സംവേദിക്കാന്‍ സാധിക്കുന്ന കഥകള്‍ മാത്രമേ കഥകളിയിലൂടെ അവതരിപ്പിക്കാന്‍ സാധിക്കൂ. ഷേക്സ്പിയറിന്റെ കഥാപാത്രങ്ങള്‍ കാവ്യാത്മകമായാണ് സംസാരിക്കുന്നത്. ഇത് കഥകളിക്കും ഉപകാരപ്പെടുന്നു. അടുത്ത കാര്യം നാടകീയതയാണ്. കഥകളിയില്‍ നാടകമുണ്ടെങ്കിലും അതിനാടകീയമല്ല എന്നത് ശ്രദ്ധിക്കണം. ഇതെല്ലാം ഷേക്സ്പിയർ നാടകങ്ങളില്‍ കാണാന്‍ സാധിക്കും. ഒഥല്ലോ വിജയിക്കാനുള്ള മറ്റൊരു പ്രത്യേകത അതിന്റെ കഥയാണ്. സാര്‍വത്രികമായ, എല്ലാ കാലത്തും എല്ലാവര്‍ക്കും അറിയാവുന്ന കഥ. ഇത് പ്രേക്ഷകരിലേക്ക് സംവദിക്കുന്നത് എളുപ്പമാക്കുന്നു. കാരണം ഇവിടെ പകുതി ജോലി ചെയ്യുന്നത് അതിന്റെ കഥാതന്തു ആണ്.
ഷേക്സ്പിയർ നാടകങ്ങള്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് കോളേജില്‍ പഠിക്കുന്ന സമയത്താണ്. 2005-ല്‍ മാവേലിക്കര ബിഷപ്പ് മൂർ കോളേജില്‍ പി.ജിയ്ക്ക് പഠിക്കുന്ന സമയത്ത് സാഹിത്യോത്സവത്തിന് മാക്ബത്തിലെ ഒരു രംഗം മാത്രം ആട്ടക്കഥ രചിച്ച് കഥകളിയായി അവതരിപ്പിച്ചിരുന്നു. അത് വേദിയില്‍ വിജയിച്ചത് കൂടുതല്‍ എഴുതാനുള്ള പ്രചോദനം നല്‍കി
ആട്ടക്കഥയുടെ രചനയിലേക്ക് വരാനുള്ള കാരണം ?
പതിമൂന്നാമത്തെ വയസില്‍ രചിച്ച 'അഗ്നിപരീക്ഷ' ആയിരുന്നു ആദ്യത്തെ ആട്ടക്കഥ. മുത്തശ്ശന്‍ വാരാണാസി മാധവന്‍ നമ്പൂതിരിയും മദ്ദളം കലാകാരനായ സഹോദരനും തിരുവിതാംകൂറിലെ കഥകളിയരങ്ങുകളിലെ നിത്യസാന്നിധ്യമായിരുന്നു. ചെറുപ്പത്തില്‍ അവരുമൊത്ത് കഥകളി കാണാന്‍ പോകാറുണ്ടായിരുന്നു. കേരള കലാമണ്ഡലത്തില്‍ ചെണ്ട പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു അച്ഛന്‍. ഇതെല്ലാം കലയുമായുള്ള ബന്ധം ദൃഢമാക്കാന്‍ സഹായിച്ചു. എട്ടാമത്തെ വയസില്‍ വേഷം കലാകാരനായി അരങ്ങേറിയപ്പോള്‍ ആട്ടക്കഥകളും പഠിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അത് മലയാള സാഹിത്യത്തോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. അങ്ങനെയാണ് ആട്ടക്കഥ സ്വയം രചിക്കാമെന്ന ചിന്തയുണ്ടായത്.
ആട്ടക്കഥയില്‍ മലയാളം സാഹിത്യമാണോ കൂടുതല്‍ കടന്നുവന്നത് ?
സംസ്‌കൃതം പഠിച്ചിട്ടില്ല. എങ്കിലും രചനയില്‍ മണിപ്രവാളം കടന്നുവന്നിട്ടുണ്ട്. മറ്റുള്ള ആട്ടക്കഥയുമായുള്ള ബന്ധമാണ് ഇതിന് കാരണം. മുന്‍പ് സൂചിപ്പിച്ചത് പോലെ വേഷം കെട്ടുന്നയാള്‍ കഥയും അറിഞ്ഞിരിക്കണം. അതുകൊണ്ട് ആട്ടക്കഥകള്‍ മനഃപാഠമായിരുന്നു. ഇതു കാരണം ഞാന്‍ രചിക്കുന്ന ആട്ടക്കഥയിലും മണിപ്രവാളം കടന്നുവന്നു. എന്നാല്‍ ഇന്ന് രചിക്കപ്പെടുന്ന ആട്ടക്കഥകള്‍ പലതും സാധാരണ സംഭാഷണ രീതിയിലായിക്കഴിഞ്ഞു. കഥകളി എന്ന കലാരൂപം ഒരു കാലഘട്ടത്തെയാണ് ചിത്രീകരിക്കുന്നത്. അതിനായി അന്നത്തെ സാമൂഹിക പശ്ചാത്തലം അനുകരിക്കണം. കാലത്തെ ചിത്രീകരിക്കുന്ന ഭാഷയുണ്ടാകണം. ഇത് ആട്ടക്കഥയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്റെ ശ്രമം പൂര്‍ണമായി എന്നല്ല, ശ്രമിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പതിമൂന്നാമത്തെ വയസില്‍ ആദ്യത്തെ ആട്ടക്കഥ എഴുതി. അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
അന്ന് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ ആട്ടക്കഥയ്ക്കായി തിരഞ്ഞെടുത്ത വിഷയം നല്ലതായിരുന്നു. രാമനാട്ടത്തില്‍ രാമായണത്തിലെ രാവണവധവും പട്ടാഭിഷേകവും മാത്രമേയുള്ളു. അതില്‍ സീതാദേവിയുടെ അഗ്നിപരീക്ഷ വരുന്ന ഭാഗം രംഗാവതരണത്തിലില്ല. ആ ഒരു ഭാഗമാണ് ഞാന്‍ അന്ന് എന്റെ കഥയ്ക്ക് വേണ്ടി സ്വീകരിച്ചത്. ആദ്യത്തെ ആട്ടക്കഥയ്ക്ക് പലവിധത്തിലുള്ള പോരായ്മകള്‍ ഉണ്ടായിരുന്നു. താളത്തിന് അനുസരിച്ചുള്ള വാക്കുകളില്ല, സാഹിത്യത്തിന് അര്‍ത്ഥഭംഗം വന്നു... കലാമണ്ഡലം സുരേന്ദ്രനാണ് ആട്ടക്കഥയ്ക്ക് സംഗീതം ചിട്ടപ്പെടുത്തിയത്. അദ്ദേഹം നേരിട്ട പ്രശ്‌നങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എന്നാല്‍ കഥാചര്‍ച്ചയില്‍ പോലും ആരും എന്നെ വിമര്‍ശിച്ചില്ല. പതിമൂന്ന് വയസുള്ള ഒരു കുട്ടി രച്ചിച്ച ആട്ടക്കഥയാണ് എന്ന പരിഗണനയും പ്രോത്സാഹനവും എനിക്ക് ലഭിച്ചിരുന്നു.

ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, തെറ്റുകള്‍ തിരുത്തിയാണ് ഭാവിയില്‍ രചനകള്‍ നടത്തിയത്. ആട്ടക്കഥ രചിക്കുമ്പോള്‍ അത് വേദിയില്‍ അവതരിപ്പിക്കുന്ന കലാകാരന് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന കാര്യം എഴുതുമ്പോള്‍ ശ്രദ്ധിച്ചു. എഴുതിയതിന് ശേഷം പലപ്പോഴായി മാറ്റങ്ങള്‍ വരുത്തുകയും വരികള്‍ക്ക് ഭംഗി വര്‍ധിപ്പിക്കുകയും ചെയ്തു.
ഇന്നത്തെ കഥകളി?
കഥകളി കാണാനുള്ള അവസരവും ഇന്ന് കൂടിയിരിക്കുന്നു. ആദ്യകാലത്ത് ക്ഷേത്രകലയായി മാത്രം ഒതുങ്ങിയ കലാരൂപം ഇന്ന് എല്ലാവര്‍ക്കും എല്ലാ കാലത്തും കാണാനും ആസ്വാദിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ട്. മഴക്കാലത്ത് പോലും ഇന്ന് കഥകളി അരങ്ങേറുന്നു. ആസ്വാദകരിലും മാറ്റം പ്രകടമാണ്. കഥയറിഞ്ഞ് കല ആസ്വദിക്കണം എന്ന ചിന്തയോടെ എത്തുന്നവരാണ് ഭൂരിഭാഗവും. കഥകളിയുടെ വേഷം ആസ്വദിക്കുവാന്‍ വരുന്നവരും കുറവല്ല. കഥകളിയുടെ വേഷങ്ങള്‍ പകര്‍ത്തുന്ന പ്രത്യേക ഫോട്ടോഗ്രാഫി വിഭാഗം തന്നെയുണ്ടായിരിക്കുന്നു.
കഥകളിയോടുള്ള സ്നേഹം എന്നു മുതലാണ് തുടങ്ങിയത്?
ചെറുപ്പം മുതല്‍ കഥകളി കണ്ടു തുടങ്ങിയതാണ്. അന്ന് രാത്രി വൈകിയാണ് കഥകളി അരങ്ങുകള്‍ ഉണ്ടാവുക. കല ആസ്വദിക്കാനുള്ള തിരക്കില്‍ ഉറക്കം നഷ്ടപ്പെട്ടാലും അടുത്ത ദിവസത്തെ ക്ലാസ് ഒഴിവാക്കാന്‍ അധ്യാപികയായിരുന്ന അമ്മ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. മലയാള സാഹിത്യത്തോട് താല്‍പര്യമുള്ളത് കാരണം അതും നടക്കും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ വശത്താക്കേണ്ടത് ഇംഗ്ലീഷ് ആയിരുന്നു. അതുകൊണ്ട് ഉന്നത പഠനത്തിനായി ഇംഗ്ലീഷ് തിരഞ്ഞെടുത്തു. ഇന്ന് ഇംഗ്ലീഷ് അധ്യാപകനായിരിക്കുന്നു.
വീട്ടില്‍ കലാകാരന്മാര്‍ ഉണ്ടായിരുന്നെങ്കിലും അമ്മയ്ക്ക് കഥകളി പഠിക്കുന്നത് ഇഷ്ടമല്ലായിരുന്നു. എങ്കിലും എന്റെ താല്‍പര്യം കണ്ട് അമ്മ സമ്മതിച്ചു. കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്റെ കീഴിലായിരുന്നു കഥകളി പഠനം. അദ്ദേഹം വീട്ടില്‍ വന്നായിരുന്നു പഠിപ്പിച്ചിരുന്നത്. എട്ടാമത്തെ വയസില്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ അരങ്ങേറ്റത്തിന് മുന്‍പ് തന്നെ ആദ്യത്തെ വേദി ലഭിച്ചു.
മുത്തശ്ശന്റെയും അച്ഛന്റെയും പാരമ്പര്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും ഒരിക്കലും അവര്‍ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തില്ല. സ്വന്തം പരിശ്രമങ്ങള്‍ കാരണമാണ് കലാരംഗത്ത് മുന്നോട്ട് പോവാന്‍ സാധിച്ചത്.
മുത്തച്ഛന്റെ സ്വാധീനം എന്തായിരുന്നു?
അകാലത്തില്‍ വിട്ടുപോയത് കാരണം അവരുടെ കരുതലിന്റെ തണല്‍ അധികകാലം ഇല്ലായിരുന്നു. മുത്തശ്ശന്‍ അന്നത്തെ കാലത്ത് ബിരുദധാരി ആയിരുന്നു. ശ്രമിച്ചിരുന്നെങ്കില്‍ നല്ല ജോലി ഉറപ്പിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം കലയ്ക്ക് പ്രാധാന്യം നല്‍കി. കഥകളിയുമായി മുന്നോട്ട് പോയി. ഇതൊക്കെ എനിക്കും പ്രചോദനമായി.
ആദ്യത്തെ ആട്ടക്കഥയ്ക്ക് ശേഷമുണ്ടായ മാറ്റങ്ങള്‍?
സാഹിത്യത്തിന്റെ ശൈശവദശയിലായിരുന്നു ആദ്യത്തെ ആട്ടക്കഥയും. എന്നാല്‍ അതിനായി തിരഞ്ഞെടുത്ത വിഷയം നല്ലതായിരുന്നു. എഴുത്തിലുണ്ടായിരുന്ന തെറ്റുകള്‍ മാറ്റണം എന്ന ചിന്തയാണ് രണ്ടാമത്തെ ആട്ടക്കഥ എഴുതാന്‍ പ്രേരിപ്പിച്ചത്. ആദ്യത്തെ ആട്ടക്കഥയില്‍ പ്രഗല്ഭര്‍ വേഷം കെട്ടിയിരുന്നു. പിന്നീട് കോളേജില്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായിട്ട് ഷേക്സ്പിയർ നാടകങ്ങളില്‍ അവതരിപ്പിക്കുമായിരുന്നു. അപ്പോഴാണ് അത് ആട്ടക്കഥയാക്കാം എന്ന ചിന്ത ഉള്ളില്‍ ഉദിച്ചത്. അന്നത്തെ വകുപ്പ് മേധാവിയായിരുന്ന പ്രഭ മിസ് ആണ് നാടകവും ആട്ടക്കഥയും ഒരുമിച്ചാക്കാന്‍ ആദ്യം നിര്‍ദേശിച്ചത്. മാക്ബത്തിലെ രണ്ടാമത്തെ രംഗമാണ് ആദ്യമായി ആട്ടക്കഥയാക്കിയത്. ഒഥല്ലോയില്‍ പിന്നീടാണ് എത്തിച്ചേര്‍ന്നത്. അതിന് മികച്ച രീതിയിലുള്ള സ്വീകാര്യത ലഭിച്ചു. ഈഡിപ്പസും വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അധ്യാപനത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കഥകളി കടന്നു വരുന്നുണ്ടോ?
അധ്യാപകന്‍ ഒരു നല്ല അഭിനേതാവ് കുടെ ആയിരിക്കണം. കഥകളി അരങ്ങുകളില്‍ നിന്ന് പ്രേക്ഷകരെ അഭിമുഖിക്കാനുള്ള കഴിവ് ക്ലാസ് മുറികളില്‍ സഹായിച്ചിട്ടുണ്ട്. പാഠഭാഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കഥകളിയിലെ ചലനങ്ങളും മുഖഭാവങ്ങളും കടന്നുവരുന്നതായും തോന്നിയിട്ടുണ്ട്. പിന്നെ എന്റെ വിഷയം ഇംഗ്ലീഷ് ആണ്. മലയാളം ആണെങ്കില്‍ കുറേക്കൂടി നന്നായയേനെ എന്ന് തോന്നിയിട്ടുണ്ട്.
പിന്നെ ഇപ്പൊഴത്തെ അവസ്ഥയില്‍ രണ്ടും കൂടി ഒരുമിച്ച് കൊണ്ട് പോവുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. രണ്ടും ഉത്തരവാദിത്തമേറിയ കാര്യങ്ങളാണ്. അധ്യാപകനും ദിനംപ്രതി ഉത്തരവാദിത്തം വര്‍ധിക്കുന്നു. അതിന്റേതായ മാനസികസംഘര്‍ഷങ്ങള്‍ ഉണ്ട്. എന്നാലും കഴിയുന്നത്ര കാലം രണ്ടും മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഥകളിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്?
ധനവും സ്വാധീനവും ഇല്ലാതെ ഇന്നത്തെ കലയ്ക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ല. അധ്യാപനം കാരണം കലയ്ക്ക് വേണ്ടി ചെലവഴിക്കാനുള്ള സമയം കുറവാണ്. എങ്കിലും കഥകളി ഇന്ന് ജനകീയമായിരിക്കുന്നു. എന്നാല്‍ പുതിയ തലമുറയ്ക്ക് സാഹിത്യത്തോടുള്ള താല്‍പര്യം കുറയുന്നുണ്ട്. കഥകളി നിലനില്‍ക്കുമെങ്കിലും ഭാഷയുടെ കാര്യം കഷ്ടമാണ്.
Content Highlights: Explore Madhu Varanasi`s innovative Kathakali journey, adapting Shakespeare`s plays like Othello into mesmerizing art forms.
Published: 09 Nov 2025, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented