
അന്‍പത് വര്‍ഷങ്ങള്‍ - ഓരോ വര്‍ഷവും ഭീമന്റെയും അര്‍ജ്ജുനന്റെയും നളന്റെയും നാരദന്റെയും കര്‍ണ്ണന്റെയും കാട്ടാളന്റെയും ബാലിയുടെയും ഹനുമാന്റെയും ഓരോ പുതിയ കാഴ്ചപ്പാടുകള്‍ അനാവരണം ചെയ്യപ്പെട്ടു. രാത്രി മുഴുവന്‍ നീണ്ട അവതരണങ്ങളില്‍ നിന്ന് പകല്‍നേരത്തേക്കുകൂടി കളിയവതരണം ചുവടുമാറി. കലാകാരികളുടെ മൂന്ന് തലമുറ അവരുടെ കഴിവ് തെളിയിച്ചു - പാരമ്പര്യത്തിന്റെ ചട്ടക്കൂടുകളില്‍ ബന്ധിതരായി സ്വയം കഴിവ് തെളിയിക്കേണ്ടി വന്ന ആദ്യതലമുറ തങ്ങളെ തളച്ചിട്ട ചട്ടക്കൂടുകള്‍ക്ക് മുകളിലൂടെ ചിറകടിച്ചുയര്‍ന്നു. രണ്ടാം തലമുറയിലൂടെ ആ കുതിപ്പിന് വേഗം കൂടി, ഇപ്പോഴാകട്ടെ പുതുതലമുറയ്ക്കായി ആകാശം വിശാലമായിക്കിടക്കുന്നു!
(-ഗീത വര്‍മ്മ, കഥകളി കലാകാരി)
1975 മുതല്‍ 2025 വരെയുള്ള കാലത്തിന് പറയാനുള്ളത് ഒരു വിജയഗാഥയാണ്, തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ അന്‍പതാണ്ട് താണ്ടുന്ന അഭിമാനഗാഥ. വനിതകള്‍ മാത്രം വേദിയിലെത്തുന്ന ഒരു സംഘത്തിന് സ്വാഭാവികമായും നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങളെ കൂട്ടായ്മയിലൂടെ അതിജീവിച്ച് മുന്നേറുകയാണ് സംഘം. പിന്നണിയിലും പെണ്‍കുട്ടികള്‍ ധാരാളമായി കടന്നുവരുന്നുണ്ടിപ്പോള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ കഥകളിരംഗത്തെ ആണ്‍-പെണ്‍ വ്യത്യാസമൊക്കെ എന്നേ ഇല്ലാതായിരിക്കുന്നുവെന്ന് പറയുകയാണ് സംഘത്തിന്റെ ആരംഭം മുതല്‍ സജീവമായി രംഗത്തുള്ള മുതിര്‍ന്ന കലാകാരിയായ ഗീത വര്‍മ്മ. പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ടോ പുരുഷന്‍മാരുടെ കലാമികവിനെ വെല്ലുവിളിച്ചുകൊണ്ടോ രൂപീകൃതമായ ഒരു സംഘമല്ല വനിതാ കഥകളിസംഘമെന്നും ഒരിക്കലും അത്തരത്തിലുള്ള ചിന്തകള്‍ സംഘത്തിനോ സംഘത്തിലെ ഏതെങ്കിലും അംഗത്തിനോ ഉണ്ടായിട്ടില്ലെന്നും ഗീത വര്‍മ്മ പറയുന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഥകളിജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സംഘത്തിന്റെ പ്രതിനിധിയായി ഗീത വര്‍മ്മ സംസാരിക്കുന്നു.
കലാരംഗത്തുള്‍പ്പെടെ പുരുഷമേധാവിത്വം പുലര്‍ന്നിരുന്ന കാലത്താണ് വനിതാ കഥകളി സംഘം രൂപീകൃതമാകുന്നത്. അനുകൂലസാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും ദീര്‍ഘകാലം നിലനില്‍ക്കുക എന്നത് തീര്‍ച്ചയായും വെല്ലുവിളിയാണ്. പക്ഷെ വനിതാ കഥകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 50 കൊല്ലം പിന്നിട്ടിരിക്കുന്നു. വനിതാസംഘമെന്ന നിലയില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍
രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ് ഒരു കഥകളിസംഘം സ്വാഭാവികമായും നേരിടേണ്ടി വരുന്നത്. കലാരംഗത്ത് ഇത്രയും കാലം കളി അവതരിപ്പിച്ച് മുന്നോട്ടുനീങ്ങുക എന്നതും സമൂഹത്തില്‍ നിലനിന്നുപോകുക എന്നതും. വനിതാ കഥകളി സംഘത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും നേട്ടവും എന്തെന്നാല്‍ സമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു എന്നുള്ളതാണ്. ഈ കഥകളി സംഘത്തിന് ആരംഭം കുറിച്ചത് തൃപ്പൂണിത്തുറയിലാണ് എന്നുള്ളതും ഒരു പ്ലസ് പോയിന്റായി എന്നുപറയാം. രാജാക്കന്‍മാരുടെ കാലത്തുതന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നല്‍കിപ്പോന്നിരുന്ന സ്ഥലമാണ് തൃപ്പൂണിത്തുറ. ഞങ്ങളുടെ കുടുംബത്തിലെ പലരും ഉന്നതവിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചവരാണ്. ഡിഗ്രി, അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേഷന്‍, അധ്യാപകര്‍ അല്ലെങ്കില്‍ ബാങ്കില്‍ ജോലി- അത്തരത്തിലുള്ളവരുടെ മക്കളായിരുന്നു ഞങ്ങളൊക്കെ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം നേടുന്നതിലോ പുറത്തുപോയി കഥകളി അവതരിപ്പിക്കുന്നതിലോ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നവരില്‍ ഉള്‍പ്പെട്ടതായിരുന്നു ഞാനും.
വെല്ലുവിളി ശരിക്കും നേരിട്ടിരുന്നത് പുറത്തുനിന്നുള്ള കുട്ടികളായിരുന്നു. തൃശ്ശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ വേഷം കെട്ടാനും പാടാനും ഉണ്ടായിരുന്നു. കഥകളിയ്ക്കായുള്ള അവരുടെ യാത്രകള്‍ രക്ഷിതാക്കള്‍ക്ക് വലിയ ആശങ്കയായിരുന്നു. ആദ്യമൊക്കെ രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം വന്നിരുന്നു. പിന്നീട് പ്രശ്നങ്ങളില്ല എന്ന് തിരച്ചറിഞ്ഞതോടെ കുട്ടികളെ ഒറ്റയ്ക്ക് വിടാന്‍ അവര്‍ തയ്യാറായി. സ്‌കൂള്‍ / കോളേജ് വിദ്യാഭ്യാസം കഴിയുന്നതോടെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കുക എന്നതാണല്ലോ സമ്പ്രദായം. ചിലര്‍ക്കൊക്കെ വിവാഹശേഷം ഭര്‍ത്താവിന്റേയോ വീട്ടുകാരുടേയോ ഭാഗത്തുനിന്നുള്ള അനിഷ്ടം മൂലം കളി നിര്‍ത്തേണ്ടി വന്നു, ചിലര്‍ക്ക് വിവാഹത്തോടെയും മറ്റുചിലര്‍ക്ക് ജോലിസംബന്ധമായും മറ്റു സ്ഥലങ്ങളിലേക്ക് മാറേണ്ടി വന്നു. അവര്‍ക്കും പിന്നീട് തുടരാനായില്ല. അങ്ങനെയുള്ളവര്‍ ഇത്രയും കൊല്ലത്തിനുശേഷം മടങ്ങിയെത്തി കളിക്കുന്നുവെന്നതാണ് വനിതാ കഥകളിസംഘത്തിന്റെ ഏറ്റവും വലിയ ശക്തി.
സംഘത്തിലെ അംഗങ്ങളുടെ പരിശീലനം വനിതാ കഥകളി സംഘത്തില്‍ തന്നെയായിരുന്നോ / സംഘത്തിലെ ഒരു കളിക്കാരി ഒരേ വേഷം തന്നെ ചെയ്യുന്ന രീതിയാണോ.
വ്യക്തിഗതമായി ഓരോ ആശാന്‍മാരുടെ കീഴിലായിരുന്നു സംഘത്തിലെ അംഗങ്ങളുടെ പരിശീലനം. തൃപ്പൂണിത്തുറയിലുള്ള സംഘാംഗങ്ങളും വ്യത്യസ്ത ആശാന്‍മാരുടെ- ദാമോദര പിഷാരടി ആശാന്‍, എഫ്എസിടി പത്മനാഭന്‍ ആശാന്‍, ആര്‍എല്‍വി രാജശേഖരന്‍ ആശാന്‍ കീഴിലാണ് പഠിച്ചത്. എല്ലാവരുടേയും ബേസിക് ട്രെയിനിങ് ഒന്നാണ്. ആ അടിസ്ഥാനപരിശീലനത്തിന്റെ പുറത്താണ് നമ്മള്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഡാന്‍സിന്റെ പോലൊരു റിഹേഴ്സല്‍ ഇതിന് ആവശ്യമില്ല. ചിലപ്പോള്‍ വണ്ടിയില്‍ പോകുമ്പോഴായിരിക്കും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കുക. കഥകളി കലാകാരന്‍മാര്‍ പെര്‍ഫെക്ട് ആയതുകൊണ്ടല്ല നമുക്കത് സാധ്യമാകുന്നത്. കഥകളി എന്ന കലാരൂപത്തിന്റെ സ്ട്രക്ചര്‍ ആണത്. ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ നന്നായി പഠിച്ചുകഴിഞ്ഞാല്‍ ഏതൊരു കലാകാരനും ഏതൊരു കഥാപാത്രവും ഏതൊരു രീതിയില്‍ വേണമെങ്കിലും അവതരിപ്പിക്കാനുള്ള സ്പേസ് കൊടുക്കുന്ന ഒരു കലാരൂപമാണ് കഥകളി. ഒരു വേഷം കൂടുതല്‍ നന്നായി ചെയ്യുന്ന ആള്‍ക്ക് അത് കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. ആസ്വാദകരുടെ സ്വീകാര്യത മുന്‍നിര്‍ത്തിയാകും അത്തരത്തിലുള്ള തീരുമാനങ്ങള്‍.
പുരുഷകലാകാരന്‍മാരുടെ ഇടയില്‍ ഒരേ കഥാപാത്രം തന്നെ തുടര്‍ച്ചയായി ചെയ്യുന്നവരുണ്ട്. പക്ഷേ വനിതാസംഘമായതിനാല്‍ ചിലപ്പോഴൊക്കെ അത് സാധ്യമായിരുന്നില്ല. ക്ഷേത്രങ്ങളോട് അനുബന്ധിച്ചായിരുന്നു കളികള്‍ അരങ്ങേറിയിരുന്നതിനാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട് കളിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഉള്ളവരെ വെച്ച് കളിക്കേണ്ടിവരും. ഒരാള്‍ ചിലപ്പോള്‍ രണ്ടുവേഷമൊക്കെ കെട്ടേണ്ടി വന്നിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി പോലുള്ളവ സംഘത്തിന് നേരിടേണ്ടി വന്നിട്ടുണ്ടോ / വനിതകളെന്ന നിലയില്‍ നേരിടേണ്ടി വന്ന മറ്റ് അസൗകര്യങ്ങള്‍

സാമ്പത്തികനേട്ടം ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അതിന് ഒരിക്കലും പ്രാധാന്യം നല്‍കിയിട്ടുമില്ല. ജീവിതോപാധി എന്ന നിലയില്‍ ഞങ്ങളാരും ഇതിനെ കണ്ടിട്ടില്ല. എന്നിരുന്നാലും ഒരു കളിയ്ക്ക് പോകുമ്പോള്‍ സംഘാടകര്‍ പ്രതിഫലത്തുക ചോദിക്കാറുണ്ട്. വേഷം കെട്ടിക്കാനും ചമയമണിയിക്കാനും പിന്നണിയിലെ ചെണ്ട, മദ്ദളം എന്നിവ വായിക്കാനുമൊക്കെ വന്നിരുന്നവര്‍ക്ക് (പുരുഷന്‍മാരായിരുന്നു വന്നിരുന്നത്) പ്രതിഫലം കൊടുത്തശേഷം ബാക്കിയുള്ള തുകയായിരുന്നു ഞങ്ങളെടുത്തിരുന്നത്. കലാകാരി എന്ന നിലയില്‍ സാമ്പത്തികബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. കളിസ്ഥലത്ത് ചില അസൗകര്യങ്ങള്‍ മുന്‍പുണ്ടായിരുന്നു. അമ്പലപ്പറമ്പുകളില്‍ പലപ്പോഴും ടോയ്ലെറ്റ് സൗകര്യവും, അണിയറയും ഉണ്ടായിരുന്നില്ല. പിന്നീടായപ്പോഴേക്കും ഞങ്ങളത് ആവശ്യപ്പെട്ടുതുടങ്ങി. അത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചുതുടങ്ങി.
50 കൊല്ലത്തെ കലാപ്രവര്‍ത്തനത്തിനിടെ കഥകളിയുടെ പ്രേക്ഷകരുടെ ആസ്വാദനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ.
പ്രേക്ഷകര്‍ക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. കഥകളിയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കിയാണ് ഇപ്പോള്‍ പലരും കളി കാണാനെത്തുന്നത്. ആ നിലയിലേക്ക് കലാകാരന്‍ ഉയരണം എന്നായിട്ടുണ്ട്. മുന്‍പ് ഞങ്ങള്‍ കളിക്കാനെത്തുമ്പോള്‍ ഇവിടെ കൃഷ്ണന്‍നായരാശാനും ഗോപിയാശാനുമൊക്കെ കളിച്ചതാണ് എന്ന് അവിടത്തുകാര്‍ പറയാറുണ്ടായിരുന്നു. നന്നായി കളിച്ചില്ലെങ്കില്‍ അവര്‍ കൂവും. അതുപക്ഷേ ഒരു സ്ത്രീ കളിക്കുമ്പോള്‍ ഉണ്ടാകുന്ന കൂവലാണ്. ഇന്ന് പക്ഷേ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വേര്‍തിരിവില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് കലാകാരനോ കലാകാരിയോ കാണികളുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കില്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. അതില്‍ ജെന്‍ഡര്‍ ഡിഫറന്‍സില്ല. കഥകളിപ്പാട്ട് രംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. ചെണ്ട, മദ്ദളം തുടങ്ങിയവയിലേക്കും പെണ്‍കുട്ടികള്‍ വന്നുകഴിഞ്ഞു.
വനിതാ കഥകളി സംഘത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമായി തൃപ്പൂണിത്തുറ പോലുള്ള ഒരു സ്ഥലത്ത് പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയുണ്ടോ.
സ്ത്രീകള്‍ക്ക് മാത്രമായി ഒരു പരിശീലനകേന്ദ്രം എന്നത് ഔട്ട് ഓഫ് ക്വസ്റ്റ്യനാണ്. ഇപ്പോള്‍ ധാരാളം ആശാന്‍മാര്‍ പഠിപ്പിക്കുന്നുണ്ട്. കഥകളി വേദികളില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് ഏകദേശം ഇല്ലാതായിക്കഴിഞ്ഞുവെന്ന് പറയാം. അപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പരിശീലനകേന്ദ്രം എന്ന ആശയം സംഘത്തിലാര്‍ക്കും തന്നെയില്ല. കളിക്കലും പഠിപ്പിക്കലും രണ്ടും രണ്ട് കഴിവാണ്. നല്ല കലാകാരന് നല്ല അധ്യാപകനാകാനോ നല്ല അധ്യാപകന് നല്ല കലാകാരനോ ആകാനാകില്ലെന്ന് തമാശയായി പറയാറുണ്ടല്ലോ. സംഘത്തില്‍ ആരെങ്കിലും വ്യക്തിഗതമായി പരിശീലനകേന്ദ്രം തുടങ്ങാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ഒട്ടേറെ പേര്‍ ഇപ്പോള്‍ പ്രൊഫഷണലായി പഠിക്കുന്നുണ്ട്. കലാമണ്ഡലത്തിലും ആര്‍എല്‍വിയിലും ഇപ്പോള്‍ കഥകളിയില്‍ ബിരുദപഠനം നടത്തുന്ന കുട്ടികളുണ്ട്. അവരൊക്കെ സ്വാഭാവികമായും കഥകളി അധ്യാപനത്തിലേക്ക് വരുമെന്ന് തോന്നുന്നു.
രാജ്യത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും സംഘം കളി അവതരിപ്പിച്ചു വരുന്നുണ്ടല്ലോ. ആ അവതരണ അനുഭവങ്ങളെ കുറിച്ച്
വിദേശരാജ്യങ്ങളില്‍ കളി അവതരിപ്പിക്കുമ്പോള്‍ വ്യത്യസ്തരായ പ്രേക്ഷകരാണ് മുന്നിലെത്തുന്നത്. ഭാഷയോ കളയോ അറിയാത്ത ഒരു ഓഡിയന്‍സിനുവേണ്ടിയാണ് കഥകളി അവതരിപ്പിക്കേണ്ടത്. അവര്‍ക്കുവേണ്ട് ആദ്യമൊരു ലക്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തും. അവതരിപ്പിക്കുന്ന കഥയെ കുറിച്ച് കാഴ്ചക്കാര്‍ക്ക് ഒരു ധാരണ ഉണ്ടാക്കുന്നതിനാണത്. അവിടങ്ങളില്‍ നിന്ന് എല്ലായ്‌പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
കഥകളിയുടെ പിന്നണിയിലേക്കും ഇപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ കടന്നുവരുന്നുണ്ടല്ലോ. സംഘത്തില്‍ എങ്ങനെയാണ് ഈ പിന്നണി പെണ്‍സാന്നിധ്യം.
ആദ്യമൊക്കെ തൃപ്പൂണിത്തുറയില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു പാടിയത്. ആകെ നാല് പാട്ടുകാരാണ് ഉണ്ടായിരുന്നത്. രാത്രി മുഴുവനും അവര്‍ തന്നെയായിരുന്നു പാടിയിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ കല്യാണം കഴിഞ്ഞുപോയി. അതോടെ രണ്ടുപേര്‍ മാത്രമായി. കുമാരി വര്‍മ്മയും ശൈലജ വര്‍മ്മയും മാത്രമായിരുന്നു പാടാനുണ്ടായിരുന്നത്. പത്തുപതിനഞ്ച് വര്‍ഷം ഇവര്‍ തന്നെയായിരുന്നു പാടിയിരുന്നത്. രാത്രി മുഴുവനും പാടുക എന്നത് ചില്ലറ കാര്യമല്ല. എല്ലാ പദങ്ങളും ഓര്‍മ്മ വേണം. ഓരോ ക്യാരക്ടറിന്റെയും ഭാവങ്ങള്‍ക്കനുസരിച്ച് പാടാന്‍ സാധിക്കണം. അരങ്ങ് നിയന്ത്രിക്കുക എന്നത് പാട്ടുകാരുടെ കയ്യിലാണ്. കളിയുടെ സമയക്രമീകരണത്തില്‍ പാട്ടുകാരനാണ് പ്രധാനപങ്ക്. ചിലപ്പോള്‍ കുറച്ചു നീട്ടേണ്ടി വരും, ചിലപ്പോള്‍ വേഗത കൂട്ടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിന്നണിയിലെ പാട്ടുകാരാണ്. ഇപ്പോള്‍ പാട്ടുകാരായി ഏഴെട്ട് പെണ്‍കുട്ടികളുണ്ട്.
ആദ്യകാലത്ത് സ്ത്രീകള്‍ പുരുഷവേഷം ചെയ്യുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള ധൈര്യക്കുറവോ മറ്റോ ഉണ്ടായിരുന്നോ / പരിശീലനത്തിന്റെ ഭാഗമായി പുരുഷന്‍മാര്‍ ചെയ്യുന്ന ഉഴിച്ചില്‍ പോലുള്ളവ സ്ത്രീകള്‍ ചെയ്യുന്നത് സാധാരണയായി പ്രോത്സാഹിപ്പിക്കാറില്ലല്ലോ
നമ്മുടെ ആശാന്‍മാര്‍ പറയുന്ന വലിയൊരു കാര്യമുണ്ട്. കാല്‍ഭാഗം അറിവേ ഗുരുമുഖത്തുനിന്ന് ലഭിക്കൂ എന്ന്. പിന്നെയൊരു കാല്‍ഭാഗം നമ്മള്‍ കളി മനസ്സിലാക്കി ചെയ്യണം. വായനയിലൂടെ, അതായത് നാം സ്വരൂപിക്കുന്ന അറിവുകളിലൂടെ ഒരു കാല്‍ഭാഗം ലഭിക്കും. ഒടുവിലത്തെ കാല്‍ഭാഗം അരങ്ങിലെ പരിചയത്തിലൂടെയാണ് ലഭിക്കുന്നത്. ഒരു കഥാപാത്രത്തെ മനസ്സിലാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും നാം ഉപയോഗപ്പെടുത്തണം.
കഥകളിയ്ക്ക് ബോഡി ലാംഗ്വേജ് വളരെ പ്രധാനമാണ്. ഏതുപ്രായത്തിലും ബോഡി മൂവ് ചെയ്യാന്‍ സാധിക്കണം. അതിന് സഹായിക്കുന്ന ഒരു ഘടകമാണ് ഉഴിച്ചില്‍. ശരീരം എപ്പോഴും സജ്ജമാക്കി വെയ്ക്കുന്നതിന് വേണ്ടിയാണത്. പുരുഷന്‍മാരുടെ ശരീരം ഒരു പ്രായം കഴിഞ്ഞാല്‍ കുറച്ചു സ്റ്റിഫാകും. ഇത്രയും കഠിനമായ കളി തുടര്‍ച്ചയായി ചെയ്യണമെന്നുണ്ടെങ്കില്‍ ഉഴിച്ചില്‍ ആവശ്യമാണ്. എന്നുവെച്ചാല്‍ സ്ത്രീകള്‍ക്ക് ഉഴിച്ചില്‍ ആവശ്യമില്ല എന്നല്ല. കാലങ്ങളായി പുരുഷന്‍മാര്‍ക്കാണ് ഉഴിച്ചില്‍ ചെയ്തുവരുന്നുവെന്നേയുള്ളൂ. ഉഴിച്ചില്‍ ഇല്ലെങ്കിലും ശരീരം വഴങ്ങും എന്നതിന്റെ ഉദാഹരമാണല്ലോ ഞങ്ങളെ പോലുള്ള കളിക്കാര്‍. ചവിട്ടിയുഴിച്ചില്‍ ചെയ്തില്ലെങ്കിലും സാധാരണ ബോഡി മസാജൊക്കെ കഥകളി കലാകാരികള്‍ക്ക് നല്ലതാണ്. താത്പര്യവും മനസ്സുമാണ് പ്രധാനം. പത്തുപന്ത്രണ്ട് കൊല്ലം കളിയില്‍നിന്ന് വിട്ടുനിന്നവരും സംഘത്തിന്റെ അന്‍പതാം വാര്‍ഷികത്തിന് കളിയവതരിപ്പിച്ചു എന്നത് ചില്ലറ കാര്യമല്ലല്ലോ.
വനിതാ കഥകളി സംഘത്തിന്റെ സുവര്‍ണജൂബിലി വിപുലമായി ആഘോഷിച്ചുവല്ലോ, ഏതുവിധത്തിലായിരുന്നു പരിപാടികളുടെ അവതരണം
സുവര്‍ണജൂബിലി ആഘോഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. പുരുഷന്‍മാര്‍ മാത്രം അവതരിപ്പിച്ചുപോന്നിരുന്ന കഥകളിയിലേക്ക് സ്ത്രീകള്‍ എത്തിയപോലെത്തന്നെ പുരുഷന്‍മാര്‍ അവതരിപ്പിച്ചിരുന്ന കേളി, പഞ്ചവാദ്യം, താളവാദ്യം തുടങ്ങിയ കലാരൂപങ്ങളിലേക്ക് ഇപ്പോള്‍ പെണ്‍കുട്ടികളും ധാരാളമായി കടന്നുവരുന്നുണ്ട്. അത്തരത്തിലുള്ളവ സുവര്‍ണജൂബിലി ആഘോഷത്തില്‍ ഉള്‍പ്പെടുത്തി. രാമനാട്ടത്തില്‍ നിന്നാണല്ലോ കഥകളിയുടെ വരവ്. അതുകൊണ്ടുതന്നെ ആഘോഷത്തിന്റെ ആദ്യദിവസം രാമന്റെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം വരുന്ന രംഗങ്ങള്‍ അവതരിപ്പിച്ചു. രമണീയം രാമായണം എന്ന പേരില്‍ അവതരിപ്പിച്ച ഭാഗത്ത് ചൂഢാമണി, താടകാവധം, ഖരവധം തുടങ്ങി അധികമാരും അവതരിപ്പിക്കാത്ത ഭാഗങ്ങള്‍ അവതരിപ്പിച്ചു. അത് സംഘത്തിലെ സീനിയറായ കലാകാരികളാണ് ചെയ്തത്. ധാരാളം ആശാന്‍മാര്‍ ഇപ്പോള്‍ കഥകളി അഭ്യസിപ്പിക്കുന്നുണ്ട്. അവരുടെ കീഴില്‍ പരിശീലിക്കുന്ന ഒരു കലാകാരിയെ എങ്കിലും ഉള്‍പ്പെടുത്തി കളി അവതരിപ്പിക്കാമെന്നൊരു ആശയമുണ്ടായിരുന്നു. രണ്ടാമത്തെ ദിവസം അത് നടപ്പാക്കാനായി. പുതിയ തലമുറയിലെ ധാരാളം കുട്ടികളെ അന്നത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.
Content Highlights: Celebrating 50 years of the Thripunithura Vanitha Kathakali Sangam
Published: 17 Aug 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented