തിരുവല്ല: 77-ാംവയസ്സിൽ കഥകളി പഠിച്ചുതുടങ്ങി. 80-ാം വയസ്സിൽ അരങ്ങേറ്റം. അതും 24 വയസ്സുകാരിയുടെ ശിക്ഷണത്തിൽ. സംസ്ഥാനത്തെ മുൻ ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. പി.എസ്. രാമകൃഷ്ണനാണ് പ്രായത്തെ വെല്ലുവിളിച്ച് കഥകളിവേഷമാടിയത്. കഴിഞ്ഞ ദിവസം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

To advertise here,

കുട്ടിക്കാലത്ത് ഉത്സവവേദിയിൽ കഥകളി കണ്ടത് ഒഴിച്ചാൽ രാമകൃഷ്ണന് ഈ കലയുമായി മറ്റ് ബന്ധം ഇല്ലായിരുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ സൂപ്രണ്ടായിരുന്ന രാമകൃഷ്ണൻ, 1994-ൽ ഡി.എച്ച്.എസ്. ആയിരിക്കെ വിരമിച്ചു. പിന്നീട് സ്വകാര്യ ആശുപത്രികളിൽ ജോലിതുടർന്നു. കോവിഡ് കാലത്ത് പരിശോധന വീട്ടിൽ മാത്രമാക്കി. അന്നാണ് കഥകളിപ്രേമം തുടങ്ങിയത്.

സങ്കീർണമായ മുദ്രകൾ സ്വായത്തമാക്കണം. ഈ പ്രായത്തിൽ ആര് പഠിപ്പിക്കും എന്നായി ചിന്ത. ഒടുവിൽ ശ്രീവല്ലഭ ക്ഷേത്രത്തിന് അടുത്തുള്ള ചൂരൂരുമഠത്തിലെ ശ്രീവൈഷ്ണവം കഥകളിയോഗത്തിലെത്തി. കലാഭാരതി ഹരികുമാറിന്റെ മേൽനോട്ടത്തിലാണ് കഥകളിയോഗം. ഹരികുമാറിന്റെ മകൾ ധന്യയ്ക്ക് ദക്ഷിണവെച്ച് രാമകൃഷ്ണൻ ആട്ടക്കളരിയിൽ ഇറങ്ങി.

കൂട്ടുകാർ ആറും എട്ടും വയസ്സുള്ള കുട്ടികൾ. നേത്രസാധകവും ഹസ്തമുദ്രകളും അവർക്കൊപ്പം പഠിച്ചെടുത്തു. മൂന്നാംവർഷം വല്ലഭന് മുന്നിൽതന്നെ കുചേലവൃത്തം കഥയിൽ അരങ്ങേറ്റം. കുചേലനായാണ് ഡോ. രാമകൃഷ്ണൻ രംഗത്തെത്തിയത്.

ധന്യ എം.ജി. സർവകലാശാല കലോത്സവത്തിൽ കഥകളിക്ക് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. ടെക്‌നോപാർക്കിൽ അമേരിക്കൻ കമ്പനിയിൽ അക്കൗണ്ട്‌സ് വിഭാഗം എക്‌സിക്യുട്ടീവ് ആണ്. അച്ഛന്റെ കളരിയിൽ മകൾ പ്രത്യേക ബാച്ചുകൾക്കായി കഥകളി പരിശീലിപ്പിക്കുന്നു.

ആലപ്പുഴ ജില്ലയിലെ മുട്ടാർ പന്ത്രണ്ടിൽചിറ കുടുംബാംഗമായ ഡോ. പി.എസ്. രാമകൃഷ്ണൻ തിരുവല്ല ജെ.പി. നഗറിലാണ് ഇപ്പോൾ താമസം. പ്രയാസങ്ങൾ നിറഞ്ഞ കുട്ടിക്കാലത്ത് കഥകളി പഠിക്കുകയെന്നത് സ്വപ്‌നത്തിൽപോലും നടക്കാത്തകാര്യമായിരുന്നുവെന്ന് രാമകൃഷ്ണൻ പറയുന്നു.

തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു അച്ഛൻ. നൂറ് വയസ്സുവരെയെങ്കിലും ആരോഗ്യത്തോടെ ജീവിക്കുകയും അതുവരെ കഥകളി ആടുകയും ചെയ്യുകയെന്നതാണ് രാമകൃഷ്ണന്റെ സ്വപ്‌നം. എൻ. രേവമ്മയാണ് ഭാര്യ. പി.ആർ. ശങ്കർ (ജോയിന്റ് ലേബർ കമ്മിഷണർ, കൊല്ലം), പി.ആർ. ലക്കിമോൾ എന്നിവരാണ് മക്കൾ.