തുറവൂർ: വീതികൂട്ടി പുനർനിർമിക്കുന്ന ദേശീയപാത 66-ൽ തുറവൂർ പുത്തൻചന്തയിൽ അടിപ്പാതയെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യാത്രികർക്ക് മുറിച്ചുകടക്കാൻകഴിയാത്തവിധം പാർശ്വഭിത്തികൾ തീർത്ത് അതിവേഗപാതയ്ക്ക് സുരക്ഷയൊരുക്കിയപ്പോൾ പുത്തൻചന്തയെന്ന നാട് രണ്ടായി മുറിക്കപ്പെട്ടു. ഒരു ഭാഗത്തുള്ളവർ മറുഭാഗത്തെത്താൻ നാലുകിലോമീറ്റർ ചുറ്റിസഞ്ചരിക്കണം. തുറവൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് പുത്തൻചന്ത. ഈ മേഖലയിൽ റോഡിനു കിഴക്കുഭാഗത്തായി തുറവൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, തുറവൂർ കൃഷിഭവൻ, എ.ഇ. ഓഫീസ്, പഞ്ചായത്ത് ലൈബ്രറി, ഗുരുമന്ദിരം, പട്ടത്താളിൽ ശ്രീകൃഷ്ണക്ഷേത്രം, തച്ചേത്ത് ഭഗവതീക്ഷേത്രം, വടേക്കുറ്റ് ദേവീക്ഷേത്രം, ചിങ്ങംവെളി ദേവീക്ഷേത്രം, പെട്രോൾ പമ്പ്, മെഡിക്കൽ ഷോപ്പ്, പഞ്ചായത്ത് ഓഡിറ്റോറിയം, ചേർത്തല ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എന്നിവ സ്ഥിതിചെയ്യുന്നു. തുറവൂർ ഗവ. എൽ.പി.സ്കൂൾ, സെയ്‌ന്റ്‌ ജോസഫ്സ്‌ ഐ.ടി.ഐ., ഭിന്നശേഷിക്കുട്ടികളുടെ സ്‌കൂളായ സാൻജോ സദനം, സർക്കാർ മണ്ണുപരിശോധനാ കേന്ദ്രം, പുത്തൻചന്ത പൊതു മാർക്കറ്റ്, ഇൻഫന്റ്‌ ജീസസ് പള്ളി, ചുടുകാട് ദേവീക്ഷേത്രം, മനക്കോടം സെയ്‌ന്റ്‌ ജോർജ് ഫൊറോന പള്ളി, പുത്തൻകാവ് ദേവീക്ഷേത്രം, കനറാ ബാങ്ക്, രണ്ടു റേഷൻകടകൾ, എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകൾ എന്നിവ പാതയ്ക്കു പടിഞ്ഞാറുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

To advertise here,

രണ്ടുവർഷത്തിലധികമായി അടിപ്പാത ആവശ്യപ്പെട്ട് ജനകീയസമിതി സമരരംഗത്തുണ്ട്. എന്നാൽ, ജനങ്ങളുടെ ആവശ്യത്തിൽ അനങ്ങാപ്പാറ നയമാണ് ദേശീയപാതാ അതോറിറ്റി സ്വീകരിക്കുന്നത്. അടിപ്പാത ആവശ്യപ്പെടുന്ന സ്ഥലത്ത് പലതവണ ഉദ്യോഗസ്ഥർ പാതയുടെ നിർമാണം നടത്താൻ നീക്കം നടത്തി. കോടികൾ ചെലവു വരുന്നതിനാൽ അടിപ്പാത അനുവദിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, അടിപ്പാത അനുവദിക്കുംവരെ സമരം തുടരുമെന്നാണ് ജനങ്ങൾ പറയുന്നത്. പുത്തൻചന്തയിൽ പന്തൽകെട്ടി നടത്തിവരുന്ന സായാഹ്ന ധർണ 36 ദിവസം പിന്നിട്ടു.

അടിപ്പാത ജനങ്ങളുടെ അവകാശമാണ്

: പുത്തൻചന്തയിൽ അടിപ്പാതയെന്നത് ജനങ്ങളുടെ അവകാശമാണ്. അതിനെതിരേ അധികാരികൾ മുഖംതിരിക്കുന്നതു ശരിയല്ല.

പി. പദ്‌മകുമാർ, പത്മവിലാസം, തുറവൂർ തെക്ക്