പാണ്ടനാട്: പമ്പയാറിന്റെ തീരത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി മാറേണ്ട ഇടക്കടവ് പാർക്കിന്റെ പുനരുദ്ധാരണം വൈകുന്നു. പമ്പയുടെ തീരത്ത് നദിയുടെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന പദ്ധതിയായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും സമയം ചെലവിടാനുള്ള സൗകര്യങ്ങളും ഇതിലുണ്ടായിരുന്നു. എന്നാൽ, 2018-ലെ പ്രളയത്തിൽ പാർക്ക് പൂർണമായി നശിച്ചു. ഇനി പാർക്കിനെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ ടൂറിസംവകുപ്പ് വിചാരിക്കണം.
2013-ൽ അന്നത്തെ എം.എൽ.എ. പി.സി. വിഷ്ണുനാഥിന്റെ ശ്രമഫലമായി 1.59 കോടി രൂപ ചെലവഴിച്ചാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറൽ ഡിവലപ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി.) പാർക്കിന്റെ നിർമാണപ്രവർത്തനം നടത്തി ഡി.ടി.പി.സി.ക്കു കൈമാറിയത്. അഞ്ചരേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കിയത്.
ബോട്ടിങ്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഓപ്പൺ തിയേറ്റർ, കഫ്റ്റീരിയ തുടങ്ങി മനോഹരക്കാഴ്ചകൾ സമ്മാനിക്കുന്നതായിരുന്നു ഇക്കോ ടൂറിസം പദ്ധതി. കലാമന്ദിരം, നീന്തൽക്കുളം ഉൾപ്പെടെ രണ്ടാംഘട്ട പദ്ധതികൾക്കായി തയ്യാറെടുക്കുമ്പോഴായിരുന്നു പ്രളയം പാർക്കിനെ പൂർണമായും തകർത്തത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിമാറ്റാൻ കഴിയാതിരുന്നതോടെയാണ് പ്രവർത്തനം നിലച്ചത്. കുട്ടികളുടെ കളിയുപകരണങ്ങൾ, പെഡൽ ബോട്ടുകൾ ഉൾപ്പെടെ എല്ലാം പ്രളയത്തിൽ നഷ്ടമായി. അതേസമയം, നിർമാണത്തിലെ അശാസ്ത്രീയതയും തിരിച്ചടിയായി.
നദീതീരമായതിനാൽ താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നദിയിൽ ചെറിയ അളവിൽപ്പോലും ജലനിരപ്പുയർന്നാൽ പദ്ധതിപ്രദേശത്തെ ബാധിക്കുമായിരുന്നു. ചെറിയ വെള്ളപ്പൊക്കത്തെ പാർക്ക് അതിജീവിച്ചെങ്കിലും 2018-ലെ പ്രളയത്തിൽനിന്ന് കരകയറാനായില്ല. ഇനി പാർക്ക് പുനരുദ്ധരിക്കണമെങ്കിൽ 2018-ലെ ജലനിരപ്പിനെക്കാളും മണ്ണിട്ടുയർത്തേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ഏതുതരത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാമെന്നതിനെ സംബന്ധിച്ച വിശദമായ പഠനവും നടത്തേണ്ടിവരും.
കല്ലിശ്ശേരി മുതൽ നാക്കട വരെ പമ്പയുടെ തീരങ്ങളിൽ ടൂറിസം സാധ്യതകളുണ്ടെന്ന് പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി. ഗീവർഗീസ് പറഞ്ഞു. ഇടക്കടവ് പദ്ധതിക്ക് മുൻകൈയെടുത്ത അന്നത്തെ എം.എൽ.എ. പി.സി. വിഷ്ണുനാഥ് ഇപ്പോൾ ടൂറിസം മന്ത്രിയാണെന്നുള്ളതും നാട്ടുകാർക്ക് പ്രതീക്ഷ നൽകുന്നു.
ടൂറിസം വകുപ്പ് ഇടപെടണം
ഇടക്കടവ് ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തും. പദ്ധതി പുനരുദ്ധരിക്കാൻ ടൂറിസം വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണം. ടൂറിസം വകുപ്പിനു കൈമാറിയ പദ്ധതിയാണിത്.
ജിജി കുഞ്ഞുകുഞ്ഞ്,
പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്
Content Highlights: Locals demand the renovation of the Idakkadavu eco-tourism park in Pandanad which was destroyed during the 2018 floods.
Published: 29 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented