ഉദ്ഘാടനം ഉടനെ

To advertise here,

പൂച്ചാക്കൽ : 800 മീറ്റർ പാലത്തിന്റെ ദൂരം കടന്നാൽ ആലപ്പുഴ ജില്ലയിൽനിന്ന് കോട്ടയം ജില്ലയിലെത്താം. ഇത് തുറവൂർ-പമ്പാ പാതയുടെ ഭാഗമായുള്ള മാക്കേക്കടവ്‌-നേരേകടവ്‌ പാലം.

തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ടാറിങ് ജോലികൾ പൂർത്തീകരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ജോലികൾ പൂർത്തീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടനം താമസിയാതെ മുഖ്യമന്ത്രി നിർവഹിക്കും.

തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പാലത്തിന്റെ കൈവരികളുടെ നിർമാണം നേരത്തേ പൂർത്തിയാക്കി. വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പെയിന്റിങ് പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും മിനുക്കുപണികൾ ചെയ്യാനുണ്ട്.

800 മീറ്റർ നീളവും ഇരുവശവും നടപ്പാതയും ഉൾ​െപ്പടെ 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. വലിയ തോതിൽ ജനങ്ങൾ പാലം കാണാനെത്തുന്നുണ്ട്. പാലത്തിലൂടെ വാഹനങ്ങൾക്കു പോകാൻ നിലവിൽ അനുവാദം നൽകിയിട്ടീല്ല. മാക്കേക്കടവ്-നേരേകടവ് ഫെറിയിലും മണപ്പുറം-ചെമ്മനാകരി ഫെറിയിലും നിലവിൽ ചങ്ങാടം സർവീസ് നടത്തുന്നുണ്ട്.

മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം സ്ഥലമെടുപ്പ് തർക്കത്തിൽ കുടുങ്ങി ഏഴുവർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. പാതയുടെ ഭാഗമായുള്ള തൈക്കാട്ടുശ്ശേരി-തുറവൂർ പാലംനിർമാണം വർഷങ്ങൾക്കു മുൻപ് പൂർത്തിയാക്കിയിരുന്നു. നാട്ടുകാരുടെ ദീർഘകാലത്തെ ആഗ്രഹമാണ് പാലം തുറക്കുന്നതോടെ പൂവണിയുന്നത്.