പഴയ കൊക്കോമരങ്ങൾ വെട്ടിമാറ്റി പുതിയ തോട്ടം പിടിപ്പിക്കുന്നതിനെക്കാൾ ആദായകരം ടോപ്പ് വർക്കിങ് അഥവാ മേലോട്ടിക്കൽ എന്ന രീതിയാണ്. ടോപ്പ് വർക്ക് ചെയ്യുന്ന വർഷം വിളവ് കുറയുമെങ്കിലും തുടർവർഷങ്ങളിൽ വർധിച്ച വിളവുകിട്ടും. ഇതിന് തയ്യാറെടുക്കുമ്പോൾ പ്രധാന തടി മുഴുവൻ മുറിച്ചുനീക്കരുത്.
മരത്തിന്റെ ജോർക്കെറ്റിനു തൊട്ടുതാഴെ ഒരു കമ്പിയോ കയറോകൊണ്ട് കെട്ടിയശേഷം അതിനുമുകളിലായി തടിഭാഗം പകുതിവണ്ണത്തിൽ മുറിച്ചു പിന്നിലേക്ക് ഒടിച്ചിടണം. ഇത്തരത്തിൽ ഒടിച്ചിടുന്നതിനാൽ വേരുഭാഗവും തലപ്പും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നില്ല.
ഏകദേശം മൂന്നാഴ്ച കഴിഞ്ഞ് ഒടിച്ചിട്ട ഭാഗത്തിന് താഴെനിന്ന് ഒട്ടേറെ മുളകൾ ഉണ്ടാകും. ഇതിൽനിന്ന് ഏറ്റവും കരുത്തുള്ള നാലോ അഞ്ചോ മുകുളങ്ങൾ തിരഞ്ഞെടുത്ത് മൂക്കുമ്പോൾ അതിൽ വേണം ബഡ്ഡുചെയ്യാൻ. ബഡ്ഡുകമ്പുകൾ ശേഖരിക്കുമ്പോൾ മികച്ച വിളവുതരുന്ന മരങ്ങളുടെ ഫാൻ കമ്പുകളിൽ നിന്നെടുക്കണം.
മൂന്നാഴ്ച കഴിഞ്ഞ് ബഡ്ഡ് പിടിച്ചിട്ടുണ്ടെങ്കിൽ തണ്ടിന്റെ മുകൾഭാഗം ഒടിച്ചിടണം. മുകുളം നല്ല കരുത്തിൽ വളർന്ന് രണ്ടിലയെങ്കിലും പച്ചനിറമായാൽ മുളയിലെ ഒടിച്ചിട്ടിരിക്കുന്ന തണ്ട് പൂർണമായും മുറിച്ചുകളയാം.
ബഡ്ഡുചെയ്ത കമ്പുകൾ വളർന്നു ശക്തിയോടെ ഇടത്തരം വലുപ്പമുള്ള കൊമ്പുകളായി വളർന്നുകഴിയുമ്പോൾ തായ്‌മരത്തിന്റെ തലപ്പ് ഒടിച്ചിട്ടത് പൂർണമായും മുറിച്ചുമാറ്റാം. ഇത് ചെയ്യുംമുൻപ് മരത്തിന്റെ വേരിനെയും തണ്ടിനെയും നിലനിർത്താൻ വേണ്ടത്ര ഇലകൾ പുതിയ കൊമ്പുകളിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
ഈ രീതിയിൽ നടത്തുന്നത് 100 ശതമാനം വിജയമാണെന്നു കണ്ടിട്ടുണ്ട്. ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; ചെയ്യാനുദ്ദേശിക്കുന്ന മരങ്ങൾ ആരോഗ്യമുള്ള വേരുപടലവും തടിയും ഉള്ളതായിരിക്കണം. തടി മുറിച്ച് ഒടിച്ചിടുന്നത് മണ്ണിൽ ഈർപ്പമുള്ള സമയത്തു വേണം. കഴിയുമെങ്കിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ. ഒട്ടിക്കാനുള്ള ബഡ്ഡുകമ്പുകൾ അത്യുത്പാദനശേഷിയുള്ള മരത്തിൽ നിന്നാകണം.
ഒട്ടിച്ച കമ്പുകൾതന്നെയാണ് വളരുന്നത് എന്നുറപ്പാക്കണം. രണ്ടുവർഷം ശ്രദ്ധയോടെ ചെയ്യുകയും പരിപാലിക്കുകയും ചെയ്താൽ തീരെ കായ്‌ഫലംകുറഞ്ഞ കൊക്കോമരങ്ങളെ നല്ല വിളവുതരുന്ന മരങ്ങളാക്കിമാറ്റാൻ ഈ രീതിയിലൂടെ സാധിക്കും.
Content Highlights: how to rejuvenate old cocoa trees using the top working method for higher yields.expert guide to boost farm's productivity.
Published: 20 Jul 2026, 09:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented