മൂന്നാർ: വട്ടവടയിൽ കാട്ടാനകൾ വീണ്ടും പച്ചക്കറി കൃഷി നശിപ്പിച്ചു. ദിവസങ്ങളായി മേഖലയിൽ തുടരുന്ന ആനകൾ വ്യാഴാഴ്ച രാത്രിയിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.
വട്ടവട പഴത്തോട്ടം സ്വദേശി അൻപഴകൻ, ശശി എന്നിവരുടെ രണ്ടേക്കർ വീതം പച്ചക്കറി കൃഷിയാണ് നശിപ്പിച്ചത്. ബട്ടർബീൻസ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. രാത്രിയിൽ തോട്ടത്തിലിറങ്ങിയ ആനകൾ വിളവെടുക്കാറായ കൃഷി പൂർണമായി നശിപ്പിച്ചു. ഇതുകൂടാതെ മറ്റ് പലരുടെയും ക്യാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. മൂന്നാനയാണ് ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് നാട്ടുകാർ പാമ്പാടുംചോല റേയ്ഞ്ച് ഓഫീസറുടെ വാഹനം തടഞ്ഞു. എന്നാൽ പ്രദേശം മറയൂർ റേഞ്ചിൽ ഉൾപ്പെടുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ചൊവ്വാഴ്ച പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ നാല് ഏക്കറോളം സ്ഥലത്തെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. അന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും സുഹൃത്തിനെയും ആനകൾ വിരട്ടിയോടിച്ചു. വീണുപരിക്കേറ്റ ഇവർ ചികിത്സയിലാണ്.
പൊതുവേ ആനശല്യം കുറവുള്ള പ്രദേശമാണ് വട്ടവട. എന്നാൽ അടുത്തദിവസങ്ങളിലായി കൊമ്പൻ ഉൾപ്പെടെ മൂന്ന് ആന മേഖലയിൽ നാശം വിതയ്ക്കുകയാണ്. ഇവ കുണ്ടള ചെണ്ടുവര മേഖലയിൽനിന്ന് എത്തിയതാണെന്നാണ് കരുതുന്നത്. ആനകൾ ലക്ഷങ്ങളുടെ കൃഷിനാശം വരുത്തിയിട്ടുണ്ട്. ദിവസങ്ങളായിട്ടും ഇവയെ കാട്ടിലേക്ക് തുരത്താനായിട്ടില്ല.
വീടിന്റെ മുന്നിലും പിന്നിലും ആനകൾ; പേടിച്ച് പവൻരാജും ഭാര്യയും
നാലുകാട്ടാനകൾ കാരണം മൂന്നുമണിക്കൂറാണ് പവൻ രാജും ഭാര്യ ഗുരുവടിവും ഭയത്താൽ സുരക്ഷിതമല്ലാത്ത ചെറിയ മൺവീട്ടിൽ കഴിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒൻപതോടുകൂടിയാണ് വീട്ടുവളപ്പിലെ ചെറിയ ഗെയ്റ്റ് തകർത്ത് ആനക്കൂട്ടം പവൻരാജിന്റെ സ്ഥലത്തെത്തിയത്.
വീടിന് മുൻവശം രണ്ട് ആനയും പിൻവശം രണ്ട് ആനയും നിലയുറപ്പിച്ചു. ശബ്ദംകേട്ട് പുറത്തിറങ്ങിയ പവൻരാജ് വീടിനുമുന്നിൽ നില്ക്കുന്ന ആനകളെ കണ്ട് വീടിനകത്ത് കയറി വാതിൽ അടച്ചു. അപ്പോഴാണ് അറിയുന്നത് വീടിന്റെ പിന്നിലും ആനകൾനിൽക്കുന്നകാര്യം.
വീടിന് മുന്നിൽ പത്തടി അകലത്തിൽ കൃഷി ചെയ്തിരുന്ന കപ്പ പിഴതെടുത്ത് തിന്നുന്ന ആനകളെ മങ്ങിയ വെളിച്ചത്തിൽ കണ്ടെങ്കിലും ശബ്ദമുണ്ടാക്കാതെ മൂന്നു മണിക്കൂറോളം ഒട്ടും സുരക്ഷിതമല്ലാത്ത മൺവീടിനകത്ത് കഴിയേണ്ടിവന്നു. ആന ഒന്നു തട്ടിയാൽ നിലം പതിക്കുന്ന മൺവീട്ടിലാണ് രണ്ടു പേരും കഴിയുന്നത്. കപ്പ മുഴുവൻ തിന്നശേഷം രാത്രി പന്ത്രണ്ടോട് കൂടി കാട്ടാനക്കൂട്ടം അടുത്ത കൃഷിയിടത്തിലേക്ക് പോയി. പുലരുംവരെ ഭയന്ന് ഇരുവരും വീട്ടിൽ തന്നെ കഴിഞ്ഞു. ഒന്നരമാസമായി ഈ മേഖലയിൽ കാട്ടാനക്കൂട്ടം ജനവാസമേഖലയിലിറങ്ങി ഭീതിപടർത്തുകയാണ്.
Content Highlights: wild elephant attack at vattavada
Published: 27 Jul 2024, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented