വടക്കഞ്ചേരി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ പുതിയ വിജ്ഞാപനം ഇറങ്ങാറായിട്ടും കുടിശ്ശിക തുക അനുവദിക്കുന്നതിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ വിഷയം ചർച്ചചെയ്‌തെങ്കിലും എന്ന് നൽകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല. ജൂലായിൽ പുതിയ വിജ്ഞാപനം ഇറങ്ങുന്നതിനുമുൻപ്‌ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ.

To advertise here,

2024-ലെ ആദ്യ സീസണായ ഖാരിഫ് മുതലുള്ള തുകയാണ് കർഷകർക്ക് കിട്ടാനുള്ളത്. 2024 ഖാരിഫ് സീസണിൽ 93,285 കർഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016-ൽ പദ്ധതി തുടങ്ങിയശേഷം ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്തതും ഈ സീസണിലാണ്.

2025 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് 2024 ഖാരിഫ് സീസണിലെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. കർഷകർ ചോദിക്കുമ്പോഴെല്ലാം നടപടികൾ പുരോഗമിക്കുന്നു എന്ന് മാത്രമാണ് ഇൻഷുറൻസ് കമ്പനിയിൽനിന്നുള്ള മറുപടി. 2024-ലെ രണ്ടാംസീസണായ റാബിയുടെ തുക 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ടതായിരുന്നു. നിലവിൽ ഒന്നാംവിള നെൽക്കൃഷി തുടങ്ങുന്ന സമയമായതിനാൽ തുക ലഭിച്ചാൽ വലിയ ആശ്വാസമാകുമായിരുന്നെന്ന് കർഷകർ പറയുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് രൂപവത്കരിച്ച അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നെൽക്കൃഷിക്ക് ഹെക്ടറിന് 15,000 രൂപമുതൽ 30,000 രൂപവരെ ആനുകൂല്യം ലഭിക്കാറുണ്ട്‌.