കോഴിക്കോട്: വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പച്ചക്കറിയും പഴങ്ങളും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴനനഞ്ഞ് നശിക്കുന്നു. കേരളത്തിൽനിന്ന് ഏറ്റവുംകൂടുതൽ പച്ചക്കറി കയറ്റിയയക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിലാണ് ഈ സ്ഥിതി. കഴിഞ്ഞദിവസത്തെ മഴയിലും 15 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറിയാണ് നശിച്ചത്.

To advertise here,

മഴനനഞ്ഞ് പാക്കിങ് ഉൾപ്പെടെ നശിക്കുന്നതോടെ ഇത് കയറ്റിയയക്കാൻ പറ്റാതാവുകയും പ്രാദേശികവിപണിയിൽ പാതിവിലയ്ക്ക് വിറ്റഴിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണെന്ന് കയറ്റുമതിക്കാർ പറയുന്നു. പാക്കിങ്ങിനുശേഷം പച്ചക്കറി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കാർഗോ കോംപ്ലക്സിലെത്തിക്കും. ഇവിടെവെച്ച് കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ക്വാറന്റൈൻ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും ക്ലിയറൻസും പൂർത്തിയാക്കി വിമാനത്തിൽ കയറ്റുന്നതിനായി ചെറിയ കണ്ടെയ്നറിൽ എയർപോർട്ടിലെ അതിസുരക്ഷാമേഖലയിലേക്കു മാറ്റും. ഇതോടെ എയർലൈൻസ് ജീവനക്കാർക്കുമാത്രമാണ് ഇത് കൈകാര്യംചെയ്യാൻ അനുമതി.

തുടർന്ന്‌ ഇത് വിമാനത്തിലേക്കു കയറ്റുന്നതുവരെ മഴയും വെയിലുമേറ്റ് തുറന്ന ഇടനാഴിയിലാണ് സൂക്ഷിക്കുന്നത്. ഇതാണ് പെട്ടെന്ന് മഴവന്നാൽ പായ്ക്കുചെയ്ത പച്ചക്കറി നശിച്ചുപോകാൻ കാരണം. കടുത്ത വെയിലേറ്റാലും ഇതുതന്നെയാണ് സ്ഥിതി. മറ്റു വിമാനത്താവളങ്ങളിലൊന്നും ഇങ്ങനെയൊരു പ്രശ്നമില്ല.

കൊച്ചി വിമാനത്താവളത്തിന്റെയത്ര സൗകര്യങ്ങളോ വലിയ വിമാനങ്ങളുടെ സർവീസോ ഇല്ലാതിരുന്നിട്ടും ഈ വർഷം ജനുവരിമുതൽ മാർച്ചുവരെ 4345 ടണ്ണാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഇവയുടെ കയറ്റുമതി. 2023-ൽ ഇതേസമയത്ത് 3645.889 ടൺ കയറ്റുമതിയുണ്ടായിരുന്ന സ്ഥാനത്താണിത്. കിലോഗ്രാമിന് ഏകദേശം 50 മുതൽ 85 രൂപ വരെ എയർലൈൻസിന് നൽകിയാണ് സാധനങ്ങൾ കയറ്റിയയക്കുന്നത്.

ഇത്തരം സംഭവം ഇവിടെ ഇടയ്ക്കിടെ ആവർത്തിക്കുന്ന സ്ഥിതിയാണെന്നും ഇതുകാരണം വലിയനഷ്ടമാണ് കയറ്റുമതിക്കാർക്കുണ്ടാവുന്നതെന്നും കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു. മുകൾഭാഗം മൂടിനിൽക്കുന്നരീതിയിലുള്ള കണ്ടെയ്നറുകൾ ഉപയോഗിക്കുകയോ മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സ്ഥിരംസംവിധാനമുണ്ടാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ എം.പി.മാരായ എം.കെ. രാഘവൻ, അബ്ദുസ്സമദ് സമദാനി എന്നിവർക്ക് പരാതിനൽകുകയും പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എയർലൈൻസ് അധികൃതരുമായും ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗവുമായും പ്രശ്നം സംസാരിച്ചിട്ടുണ്ടെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടിയെടുക്കുമെന്ന് ഇവർ അറിയിച്ചിട്ടുണ്ടെന്നും കരിപ്പൂരിലെ കെ.എസ്.ഐ.ഇ. മാനേജർ വിവേക് പാലി പറഞ്ഞു.

സ്ഥലത്തില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നും അതിനാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ലെന്നും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം മേധാവി അറിയിച്ചു.