മഞ്ചേശ്വരം: നിർമാണമേഖലയിൽ മാത്രമല്ല, കൃഷിയിലും നൂറുമേനി കൊയ്യുകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിക്ക് കീഴിലുള്ള കയ്യാർ അഗ്രിഗേറ്റ്‌സാണ് കാർഷികരംഗത്ത് വൈവിധ്യങ്ങളുടെ കൈയൊപ്പ് ചാർത്തുന്നത്. കയ്യാർ പറമ്പളയിലുള്ള ഒരേക്കറിൽ നെൽക്കൃഷി വിളവെടുപ്പിന് പാകമായിരിക്കുകയാണ്. കൂടാതെ, വിവിധ പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞുനിൽക്കുകയാണിവിടെ.

To advertise here,

നിർമാണാവശ്യങ്ങൾക്കായി പാറയും കരിങ്കല്ലുകളും പൊട്ടിച്ചെടുത്ത വലിയ കുഴികൾ മണ്ണിട്ട് നികത്തി ഒന്നാന്തരം കൃഷിഭൂമിയാക്കി മാറ്റിയിരിക്കുകയാണിവിടം. നെൽക്കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഭൂഭാഗമാണെങ്കിലും ഒരു പരീക്ഷണമെന്ന നിലയിലാണ് ഒരേക്കർ ഭൂമിയിൽ നാല് മാസം മുൻപാണ് ഞാറ് നട്ടത്. നല്ല പരിചരണം ലഭിച്ചതോടെ ഞാറുകൾ കരുത്തോടെ വളർന്നുവന്നു. പതിരുകളില്ലാത്ത വിളഞ്ഞ നെൽപ്പാടത്ത് ഇപ്പോൾ കൊയ്ത്ത് തുടങ്ങി. സിപിസിആർഐയിൽനിന്ന്‌ എത്തിച്ച 'ശ്രേയസ് 'എന്ന നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. അടിയിൽ പാറയായതിനാൽ ആവശ്യത്തിന് വെള്ളം കെട്ടി നിൽക്കുന്നത് നെൽക്കൃഷിക്ക് ഗുണകരമായി. പൈവളിഗെ കൃഷി ഓഫീസർ വി.എ. ജെറിൻ കൃഷിക്ക് ആവശ്യമായ മാർഗനിർദേശം നൽകി ഇവരുടെ ഉദ്യമത്തിന് തണലായി.

വില്പനയ്ക്കുണ്ട് വളർത്തുമൃഗങ്ങളും

കൃഷിയുടെ എല്ലാ മേഖലയിലും കൈമുദ്ര ചാർത്തുകയാണ് ഊരാളുങ്കലിന്റെ ഈ അൻപതേക്കർ ഭൂമി. നെല്ലിനും പച്ചക്കറികൾക്കും പുറമെ, മത്സ്യക്കൃഷി, ആട്, പശു, മുയൽ, മുട്ടക്കോഴി, ബ്രോയിലർ കോഴി തുടങ്ങിയവയുടെ വളർത്തുകേന്ദ്രം കൂടിയാണിവിടം. ഏഴോളം പശുക്കൾ ഇവിടെയുണ്ട്. പാലും മുട്ടയും ആവശ്യക്കാർക്ക് ലഭ്യമാണ്. ആട് മുയൽ തുടങ്ങി വളർത്തുമൃഗങ്ങളെ ആവശ്യമുള്ളവർക്ക് ഇവിടെനിന്ന്‌ വിൽപ്പന നടത്താറുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുടെ ക്രഷർ യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ദേശീയപാതയുടെ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റോഡ് നിർമാണം ഊരാളുങ്കലിനാണ്. റോഡുപണിക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ കരിങ്കല്ല് ലഭ്യമാക്കുന്നതിനായി വാങ്ങിയ 50 ഏക്കർ ഭൂമിയിൽ പാറ പൊട്ടിച്ചെടുത്ത് ഉപയോഗശൂന്യമായ ഭാഗത്ത് മണ്ണിട്ട് ഒരുക്കിയ നിലത്താണ് കൃഷിപാഠത്തിന്റെ വേറിട്ട മാതൃക മുളപൊട്ടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർ കെ.പി. പ്രകാശൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ജിനേഷ് എന്നിവരുടെ നിർദേശപ്രകാരം സൈറ്റ് ലീഡർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനം.