അടിമാലി: അവധി കച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്നും കോടിക്കണക്കിന് രൂപയുടെ ഏലക്ക തട്ടിയെടുത്ത് വ്യാപാരി മുങ്ങിയതായി പരാതി. 1400 ബില്ലുകളിലായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്തതുസംബന്ധിച്ച് പരാതി ഇതുവരെ കിട്ടിയിട്ടുണ്ട്. സംഭവത്തിൽ പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെതിരെ പോലീസ് അന്വേഷണം തുടങ്ങി.
വൻതുകകൾ ലഭിക്കാനുള്ള ഒട്ടേറെപ്പേർ ഇനിയും പരാതിയുമായി എത്തുമെന്നും അറിയുന്നു. ഇതുകൂടി കണക്കിലെടുത്താൽ 18 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികൾ കിട്ടി. വെള്ളത്തൂവൽ സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്.
ഒക്ടോബറിൽ അടിമാലി കേന്ദ്രീകരിച്ചാണ് മുഹമ്മദ് നസീർ കളക്ഷൻ സെന്റർ തുടങ്ങിയത്. എറണാകുളം കേന്ദ്രീകരിച്ച് രജിസ്റ്റർചെയ്ത എൻ.ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഏലക്ക സംഭരിച്ചത്. സ്ഥാപനത്തിൽ അൻപതോളം തൊഴിലാളികളും ഉണ്ടായിരുന്നു. ഒരു മാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ വിലയിൽനിന്നും 500 മുതൽ 1000 രൂപ വരെ കൂടുതൽ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സംഭരണം.
അടിമാലി, കൊന്നത്തടി, രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ കർഷകരാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ആദ്യത്തെ രണ്ടു മാസത്തോളം കർഷകർക്ക് കൃത്യമായി പണം നൽകി. വിപണിയെക്കാൾ ഉയർന്ന വില ലഭിച്ചതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചുതുടങ്ങി. ഏലക്ക കൊടുക്കുമ്പോൾ പേപ്പറിൽ എഴുതിയ രസീത് മാത്രമാണ് നൽകിയിരുന്നത്. ഈ രസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. കർഷകരുടെ കൈയിലുള്ള കുറിപ്പുകൊണ്ടുമാത്രം കേസെടുക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.
ജൂൺ, ജൂലായ് മാസത്തിലാണ് കർഷകരിൽനിന്നും അവസാനമായി ഏലക്ക ശേഖരിച്ചത്. ഇതിനുശേഷം മുഹമ്മദ് നസീർ മുങ്ങി. ചില കർഷകർക്ക് ചെക്ക് നൽകിയെങ്കിലും മടങ്ങി. ഏലക്ക നഷ്ടപ്പെട്ട വൻകിടക്കാർക്ക് പണം ലഭിക്കുന്നതിനുള്ള മധ്യസ്ഥചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും വിവരമുണ്ട്. ആദ്യഘട്ടത്തിൽ പല കർഷകർക്കും വിദേശത്തുനിന്നുള്ള അക്കൗണ്ടിൽനിന്നാണ് പണം എത്തിയത്.
കർഷകരെ കൂട്ടമായി വഞ്ചിച്ചത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പാറത്തോട് സെയ്ന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
Content Highlights: trader cheated farmers and got away with cardamom worth crores
Published: 24 Aug 2024, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented