കട്ടപ്പന: ഏലക്കാ വില ഉയരുമ്പോൾ തോട്ടങ്ങൾ കേന്ദ്രമാക്കി മോഷണവും. ഒരുമാസത്തിനിടയിൽ അനവധി മോഷണമാണ് ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായത്. മോഷ്ടിച്ച ഏലക്കായയുടെ അളവ് കുറവായതിനാൽ മോഷ്ടാവിനെ പിടികൂടിയിട്ടും കർഷകരിൽ പലരും സ്റ്റേഷനിലെത്തി നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർക്കുകയായിരുന്നു. കുറ്റം ചെയ്തിട്ടും ശിക്ഷ ലഭിക്കുന്നില്ല എന്നതിനാൽ മോഷ്ടാക്കൾക്ക് മോഷണം തുടരാൻ ഇത്തരം പ്രവണതകൾ ധൈര്യം പകരുന്നു.

To advertise here,

ചരം ഉൾപ്പെടെ വെട്ടിപ്പറിക്കും

കാലാവസ്ഥാ വ്യതിയാനവും ചൂടും മൂലം ഹൈറേഞ്ചിലെ പലയിടങ്ങളിലും ഏലക്കാ ഉത്പാദനം കുറഞ്ഞുനിൽക്കുന്ന അവസ്ഥയാണ്. സ്വന്തമായി ജലസേചന സൗകര്യങ്ങളുള്ള വൻകിട കർഷകർക്ക് മാത്രമാണ് മികച്ച വിളവ് ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞുനിൽക്കുന്ന വേളയിൽ വില ഉയർന്നാലും കാര്യമായ വരുമാനം ചെറുകിട കർഷകന് ലഭിക്കുന്നില്ല. ഇതിനിടയിലാണ് തോട്ടങ്ങളിൽ മോഷണവും നടക്കുന്നത്. മോഷ്ടാക്കൾ വിളഞ്ഞ കായ പറിച്ചെടുക്കുന്നതിന് പകരം ഏലം ചരത്തോടെ വെട്ടിപ്പറിക്കുകയാണ്. വേഗത്തിൽ കൂടുതൽ കായ മോഷ്ടിച്ച് കടന്നശേഷം വിളഞ്ഞവ പിന്നീട് അടർത്തിയെടുക്കുന്നതിനാണ് ചരം വെട്ടിപ്പറിക്കുന്നത്. ചരം നഷ്ടപ്പെടുന്നതോടെ പുതിയ ചിമ്പ് വന്നശേഷം മാത്രമേ പുതിയ ചരം ഉണ്ടാകൂ എന്നത് കർഷകന് മൂന്നുമാസത്തോളം വിളവ് നഷ്ടമുണ്ടാകാൻ കാരണമാകുന്നു.