ചെന്നൈ: തമിഴ്‌നാട്ടിലെ കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് സഹകരണ ബാങ്കുകളിലെ കാർഷിക കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളുമെന്ന് തമിഴ്‌നാട് കൃഷിമന്ത്രി ആർ. വിനോദ്. സംസ്ഥാനത്തെ കർഷക സംഘടനകൾ ഉന്നയിക്കുന്ന സമ്പൂർണ്ണ കടാശ്വാസം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വിജയ് ഉടൻ തന്നെ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെ കർഷകർക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കടാശ്വാസ പദ്ധതി. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ സഹകരണ ബാങ്ക് വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളുമെന്നും, അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് വായ്പയുടെ 50 ശതമാനം ഇളവ് നൽകുമെന്നും അന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഈ പ്രഖ്യാപനം കർഷക സമൂഹത്തിനിടയിൽ വലിയ സ്വീകാര്യത നേടുകയും പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കർഷകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉടലെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം സർക്കാർ പ്രഖ്യാപിച്ച ഭാഗികമായ വായ്പ ഇളവ് കർഷകർക്കിടയിൽ നിരാശയ്ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. 75,000 രൂപ വരെയുള്ള കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളുമെന്നും അതിൽ കൂടുതൽ തുകയുള്ളവർക്ക് 35,000 രൂപയുടെ മാത്രം ഇളവ് നൽകുമെന്നുമായിരുന്നു ആദ്യ പ്രഖ്യാപനം. ഇത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പിന്നോക്കം പോകുന്ന നടപടിയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക സംഘടനകൾ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു.
കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് ഇപ്പോൾ സമ്പൂർണ്ണ വായ്പ ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന് പുറമെ, കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി വിനോദ് അറിയിച്ചു. ഓരോ ജില്ലയിലെയും കർഷകരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും നേരിട്ട് സ്വീകരിച്ചുകൊണ്ട് തയ്യാറാക്കുന്ന ഈ ബജറ്റ്, തമിഴ്‌നാട്ടിലെ കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കാർഷിക മേഖലയുടെ മൊത്തത്തിലുള്ള പുരോഗതിക്കും ഊന്നൽ നൽകുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Tamil Nadu Agriculture Minister R Vinoth hints at a full crop loan waiver following CM Vijay's election promises.
Published: 02 Jul 2026, 06:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented