മുക്കം: ചേന്ദമംഗലൂര്‍ തറയിട്ട കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദിന് പ്രായം എഴുപത്തിമൂന്നായി! എങ്കിലും, കൃഷിയിടത്തിലെത്തിയാല്‍ പതിനാറിന്റെ ചെറുപ്പമാണ്. പുതിയ വിളകളും കാര്‍ഷികരീതികളും തന്റെ കൃഷിയിടത്തില്‍ പരീക്ഷിക്കും. വെറുതെയൊരു പരീക്ഷണമല്ല, നല്ല ഫലം കിട്ടാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്യും.
ഒരുവര്‍ഷം മുന്‍പാണ് ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആഗ്രഹം ഭാര്യയോടും മകനോടും പങ്കുവെച്ചപ്പോള്‍ പൂര്‍ണ പിന്തുണയുമായി അവരെത്തി.
കൃഷിചെയ്യുന്ന രീതിയും മറ്റും കൃത്യമായി പഠിച്ചു. ഡ്രാഗണ്‍ ഫ്രൂട്ടിന് നല്ല വെയില്‍ വേണമെന്നതിനാല്‍ കൃഷി വീടിന്റെ 'ടെറസ്സിലാക്കി'. ടെറസ്സിനുമുകളില്‍ പ്രത്യേകം തയ്യാറാക്കിയ നൂറോളം വീപ്പകളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയൊരുക്കി. ചാണകപ്പൊടിയും ചകിരിച്ചോറും ഉപയോഗിച്ച് പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. എട്ടു മാസങ്ങള്‍ക്കിപ്പുറം നല്ല പിങ്ക് നിറത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ പഴുത്ത് പാകമായി നില്‍ക്കുന്നു.
കോഴിക്കോട്ട് ആടുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ചേന്ദമംഗലൂരില്‍നിന്നും പ്ലാവിലവെട്ടി ശേഖരിച്ച് കോഴിക്കോട്ടെത്തിച്ച് നല്‍കുന്ന ജോലിക്കാരനായിരുന്നു മുഹമ്മദ്. ആടുവളര്‍ത്തല്‍ കുറഞ്ഞതോടെ, പണിയൊന്നുമില്ലാതെയായി. അങ്ങനെയാണ് കൃഷിയിലേക്ക് ചുവടുവെച്ചത്. ചേന്ദമംഗലൂരിലെ പഴയകാല കര്‍ഷകരില്‍ ഒരാളായ മുഹമ്മദ് വാഴയും പച്ചക്കറികളുമാണ് പ്രധാനമായും കൃഷിചെയ്തിരുന്നത്. പയര്‍, വെണ്ട, ചുരങ്ങ, മത്തന്‍, വെള്ളരി തുടങ്ങിയവയായിരുന്നു പ്രധാന വിളകള്‍. കഴിഞ്ഞവര്‍ഷവും പച്ചക്കറിക്കൃഷി മുടങ്ങാതെ ചെയ്തു.
പുതിയ എന്തെങ്കിലും വിളകള്‍ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് ഡ്രാഗണ്‍ ഫ്രൂട്ടിലെത്തിയത്. കള്ളിച്ചെടി വിഭാഗത്തില്‍പ്പെട്ട സസ്യത്തിന് അധികം വെള്ളവും പരിചരണവും ആവശ്യമില്ലെന്നതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നട്ടുകഴിഞ്ഞ് എട്ടുമുതല്‍ പന്ത്രണ്ട് മാസത്തിനുള്ളില്‍ കായ്ക്കുമെന്നും വിപണിയില്‍ നല്ല വിലയുള്ളതിനാല്‍ ലാഭകരമാണെന്നും മുഹമ്മദ് പറയുന്നു. വിറ്റാമിന്‍ എ, സി, കാല്‍സ്യം, അയേണ്‍ എന്നിവ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്.
വിപണിയില്‍ കിലോഗ്രാമിന് 250-മുതല്‍ 300 രൂപവരെയാണ് വില. മുക്കത്തെ സ്വകാര്യ നഴ്‌സറിയില്‍നിന്നാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിത്ത് കിട്ടിയത്.
പരീക്ഷണം വലിയ വിജയമായതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി കൃഷിയൊരുക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ്.
ഒപ്പം കിളിവളര്‍ത്തലും...
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയെപ്പോലെ ആറുമാസംമുന്‍പാണ് മുഹമ്മദിന് ലൗബേഡ്‌സിനോട് താത്പര്യം തോന്നിയത്.പിന്നെയൊന്നും ആലോചിച്ചില്ല. വലിയ കൂടും കുറച്ച് ലൗബേഡ്‌സിനെയും വാങ്ങി. ഇന്ന് 50-ലേറെ കിളികള്‍ മുഹമ്മദിന്റെ കൂട്ടിലുണ്ട്. കിളികളെ പരിപാലിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം മുഹമ്മദ് തന്നെയാണ്.
Content Highlights: success story of dragon fruit cultivation in terrace garden
Published: 10 Jul 2022, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented