
'ഡ്രാഗൺ ഫ്രൂട്ടിന് രുചിയില്ലെന്ന് ആര് പറഞ്ഞു?' ചോദിക്കുന്നത് ഒരു ഡ്രാഗൺ ഫ്രൂട്ട് കർഷകയാണ്, രമാഭായി. ജൈവവളം നൽകി വളർത്തുന്ന ഡ്രാഗൺ ചെടിയുടെ പഴങ്ങൾക്ക് നല്ല സ്വാദാണെന്ന് ജോലിയിൽനിന്ന് വിരമിച്ച ശേഷം കൃഷിയിലേക്കിറങ്ങിയ ഈ കർഷക സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കിൽ ഇത്ര വിലകൊടുത്ത് തന്റെ പക്കൽനിന്ന് ആളുകൾ സ്ഥിരമായി ഡ്രാഗൺ ഫ്രൂട്ട് വാങ്ങുമോ എന്നാണ് അവർ ചോദിക്കുന്നത്. പാകമാകാത്ത പഴം പറിച്ചുവെച്ച് പഴുപ്പിക്കുന്നതാകാം രുചിക്കുറവ് അനുഭവപ്പെടാൻ കാരണമെന്നാണ് തന്റെ അനുഭവത്തിൽനിന്ന് അവർ പറയുന്ന്. കൊല്ലം ചാത്തന്നൂരിലെ രമാഭായിയുടെ വീട്ടിലെത്തിയാൽ പറമ്പിലും മട്ടുപ്പാവിലും പൂത്തുലഞ്ഞ് പാകമെത്തിനിൽക്കുന്ന നൂറുകണക്കിന് ഡ്രാഗൺ പഴച്ചെടികൾ കാണാം. രണ്ട് വർഷം മുമ്പാണ് ഡ്രാഗൺ കൃഷിയിലേക്ക് ഇറങ്ങിയത്. ആദ്യം വീടിനോട് ചേർന്നുള്ള അഞ്ച് സെന്റിലായിരുന്നു കൃഷി. അത് വിജയിച്ചതോടെ ടെറസിൽ ഡ്രമ്മുകളിൽ കൃഷിയിറക്കി. അതിലും വിജയം ആവർത്തിച്ചതോടെ, ആവേശമായി. എട്ട് വർഷം നട്ടുനനച്ച റബർ മരങ്ങൾ വെട്ടി മാറ്റി 80 സെന്റിൽ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ നട്ടു. രമാഭായി കൃഷി ചെയ്തുണ്ടാക്കുന്ന പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആളുകൾ വീട്ടിൽവന്ന് വാങ്ങുന്നതിനാൽ വിൽപ്പനയെക്കുറിച്ചും ആശങ്കകളില്ല. പഴങ്ങൾക്ക് പുറമേ തണ്ടിനും തൈകൾക്കും ആവശ്യക്കാരുണ്ട്. അതിനാൽ തന്നെ കൃഷി ലാഭകരമായി കൊണ്ടുപോകാൻ പ്രയാസമുണ്ടാവില്ലെന്നാണ് ഈ കർഷകയുടെ അഭിപ്രായം.
റിട്ടയർമെന്റിന് ശേഷം തുടങ്ങിയ കൃഷി
സർക്കാർ സ്‌കൂളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും 36 വർഷം പ്രവർത്തിച്ച രമാഭായി 2022 മേയ് 31-നാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്. അധ്യാപനത്തിന് പുറമേ താല്പര്യമുണ്ടായിരുന്നത് ഓഹരി വിപണിയിലാണ്. വർഷങ്ങളായി ഓഹരി വ്യാപാരം നല്ല രീതിയിൽ നടത്തുന്നുമുണ്ട്. ജോലിയിൽനിന്ന് വിരമിച്ചശേഷം അത് തുടർന്നുകൊണ്ട് പോകാം എന്നാണ് വിചാരിച്ചത്. പക്ഷേ അമ്മയുടെ മരണമാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്ന് രമാഭായി പറയുന്നു. 'പെൻഷനാകുന്ന സമയത്താണ് അമ്മ മരിക്കുന്നത്. അമ്മ സഹോദരിക്കൊപ്പം വീടിന് അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും സ്‌കൂൾ വിട്ടുവരുന്ന എനിക്ക് വേണ്ടി അമ്മ കാത്തിരിക്കുമായിരുന്നു. എനിക്ക് 15 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. ഞങ്ങളെ കഷ്ടപ്പെട്ടാണ് അമ്മ പഠിപ്പിച്ചത്. അമ്മ മരിച്ചതോടെ വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. മകൻ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ജോലിക്കു പോകുന്നതോടെ ഒറ്റപ്പെട്ടതുപോലെ തോന്നി. എന്റേതാണെങ്കിൽ വിട്ടിൽ ഒരു നിമിഷം പോലും വെറുതെയിരിക്കുന്ന പ്രകൃതമല്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. പക്ഷേ, അമ്മ മരിച്ചതോടെ മനസാകെ അസ്വസ്ഥമായി. ഓഹരി ഇടപാടുകൾ മൂന്ന് മണിയാകുമ്പോൾ കഴിയും. ഭർത്താവ് ഭുവനേന്ദ്രൻ ജോലി കഴിഞ്ഞ് വരുന്നത് വരെ പിന്നേയും വെറുതേയിരിക്കണം. അതോടെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന തോന്നലുണ്ടായി.'-കൃഷിയിലേക്ക് ഇറങ്ങിയതിനേക്കുറിച്ച് രമാഭായി വിവരിച്ചു.
കൃഷി ചെയ്യാം എന്ന് തീരുമാനിച്ചെങ്കിലും എന്ത് എന്നതായിരുന്നു അലട്ടിയ ആദ്യത്തെ പ്രശ്‌നം. വിദേശപഴങ്ങൾ കൃഷി ചെയ്യാം എന്നാണ് ആദ്യം വിചാരിച്ചത്. താമസിക്കുന്നയിടത്ത് വീട് കഴിഞ്ഞാൽ അധികം സ്ഥലമില്ല. അതുകൊണ്ട് തന്നെ ഡ്രമ്മുകളിൽ വിവിധ ഇനത്തിലുള്ള പഴച്ചെടികൾ നടാം എന്നണ് തീരുമാനിച്ചത്. ആരോഗ്യത്തിന് ഗുണകരമായ വിദേശപഴങ്ങൾ നമുക്ക് തന്നെ ഉത്പാദിപ്പിച്ച് കഴിക്കാം എന്ന തോന്നലിലാണ് അത്തരം പഴച്ചെടികൾ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഇതോടെ ഇവയുടെ ആരോഗ്യ-പോഷക ഗുണങ്ങളും കൃഷി രീതികളും വിശദമായി പഠിക്കാൻ തുടങ്ങി. റമ്പുട്ടാൻ, മാംഗോസ്റ്റിൻ, കിവി, അബിയു അടക്കം 28 വിദേശ പഴങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു. ഇതിനായി പുസ്തകങ്ങളും മാസികളും ഇന്റർനെറ്റുമടക്കം കിട്ടാവുന്ന എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. വിദേശപഴങ്ങളുടെ ഗുണങ്ങൾ, കൃഷി ചെയ്യേണ്ട രീതി, നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റുന്ന ഇനം എന്നിവയെക്കുറിച്ചെല്ലാം മനസിലാക്കി. വിദേശപഴങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഒടുവിൽ ഡ്രാഗൺ ഫ്രൂട്ടിൽ എത്തിച്ചത്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണഗണങ്ങൾ വല്ലാതെ ആകർഷിച്ചു. ഇത് മറ്റൊരു പഴവുമായും താരതമ്യം ചെയ്യാൻ പറ്റില്ലെന്നാണ് രമാഭായി പറയുന്നത്.

തുടക്കം അഞ്ച് സെന്റിൽ, 90 മൂട് കൃഷി
കൊല്ലം ചാത്തന്നൂരെ 13 സെന്റിൽ വീടും മുറ്റവും കഴിഞ്ഞാൽ അഞ്ച് സെന്റ് ഭൂമിയാണ് കൃഷിക്ക് ഉപയോഗിക്കാനുണ്ടായിരുന്നത്. ഇവിടെയാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ നട്ടത്. തൈകൾക്ക് വേണ്ടി വലിയ അന്വേഷണം നടത്തിയിരുന്നു. വിവിധ ഫാമുകൾ സന്ദർശിച്ചാണ് മികച്ച നടീൽ വസ്തുക്കൾ ശേഖരിച്ചത്. നല്ല നടീൽ വസ്തുക്കൾ തിരഞ്ഞെടുത്താലാണ് നല്ല വിളവ് ലഭിക്കുകയെന്നാണ് രമാഭായിയുടെ അഭിപ്രായം. കായ പിടിച്ച തണ്ട് വേണം നടീലിന് തിരഞ്ഞെടുക്കാൻ. കായ് പിടിച്ച തണ്ടുകളിൽനിന്ന് ഉത്പാദിപ്പിക്കന്ന തൈകൾ എളുപ്പത്തിൽ കായ്ക്കും. കായ് പിടിക്കാത്ത തണ്ട് ഒരിക്കലും കൃഷി ചെയ്യരുതെന്നും അവർ പറഞ്ഞു. ചുവന്ന പുറംതൊലിയും ചുവന്ന അകക്കാമ്പും ഉള്ളത്, ചുവന്ന പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത്, മഞ്ഞ പുറംതൊലിയും വെളുത്ത അകക്കാമ്പും ഉള്ളത് എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ടെങ്കിലും ചുവന്ന പുറംതൊലിയും ചുവന്ന അകക്കാമ്പുമുള്ളതാണ് കൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്. അതിൽ തന്നെ ഒരുപാട് ഇനങ്ങളുണ്ടെങ്കിലും മലേഷ്യൻ റോയൽ റെഡ് എന്ന ഇനമാണ് കൃഷി ചെയ്തത്. വലിയ പഴമാണ് എന്നതുകൊണ്ടാണ് റോയൽ റെഡ് തിരഞ്ഞെടുത്തത്.
എങ്ങനെ കൃഷിയിറക്കണം എന്നത് സംബന്ധിച്ചും കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. 'ഒരു ഏക്കറിൽ സാധാരണയായി 500 മൂടാണ് കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ടിന്റെ തൈകൾ നടുമ്പോൾ രണ്ട് വരികൾ തമ്മിൽ രണ്ടര മുതൽ മൂന്ന് മീറ്റർ വരെ അകലം വേണം. രണ്ട് ചെടികൾ തമ്മിൽ രണ്ട് മീറ്റർ അകലവും പാലിക്കണം. പക്ഷേ, ഇക്കാര്യത്തിൽ ഒരു പരീക്ഷണം നടത്താൻ ഞാൻ തയ്യാറായി. രണ്ട് വരികൾ തമ്മിലുള്ള അകലം 2.5 മീറ്ററായി കുറച്ചു. ചെടികൾ തമ്മിൽ ഒരു മീറ്റർ മാത്രമാണ് അകലം പാലിച്ചത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ മൂടുകൾ നടുകയായിരുന്നു ലക്ഷ്യം. ആ പരീക്ഷണം വിജയമായി. ഇതോടെ അഞ്ച് സെന്റിൽ 90 മൂടുകൾ നടാനായി. ഒന്നരമീറ്റർ ആഴത്തിൽ സമചതുരാകൃതിയിൽ കുഴിയെടുത്തു. ഏഴടി നീളമുള്ള കോൺക്രീറ്റ് തൂൺ അല്ലെങ്കിൽ ജി.ഐ. പൈപ്പ് കുഴിയിൽ ഉറപ്പിച്ചു. കോൺക്രീറ്റ് തൂണുകളും ജീ.ഐ പൈപ്പും ഇടകലർത്തിയാണ് ഉപയോഗിച്ചത്. ഒരു പോസ്റ്റിൽ നാല് തൈകൾ വീതമാണ് നട്ടത്. തൈ വളർന്നുവന്ന മുറയ്ക്ക് പോസ്റ്റുകൾക്ക് മുകളിൽ ജി.ഐ പൈപ്പ് ഏണിയുടെ ആകൃതിയിൽ ഉറപ്പിച്ചു. അതിന് മുകളിൽ ടയർ കെട്ടിവെച്ചു. മൂന്ന് മാസത്തിലൊരിക്കൽ വളപ്രയോഗം നടത്തി.'- രമാഭായി തന്റെ കൃഷിരീതി വിശദമാക്കി.

2022 ജൂൺ-ജൂലായ് മാസങ്ങളിലായി കൃഷിരീതികൾ പഠിച്ചെടുത്ത് ആ വർഷം ഓഗസ്റ്റ് മാസത്തിലാണ് കൃഷി ആരംഭിച്ചത്. തണ്ടുകൾക്ക് പകരം കായ പിടിച്ച ചെടിയുടെ തണ്ടുകൾ കിളിർപ്പിച്ച തൈകളാണ് നട്ടത്. അതുകൊണ്ട് തന്നെ ആറ് മാസംകൊണ്ട് തനിക്ക് ആദ്യത്തെ വിളവെടുക്കാനായെന്ന് രമാഭായി ചൂണ്ടിക്കാണിക്കുന്നു. തൈ നട്ടാൽ ആറ് മാസവും തണ്ട് മുളപ്പിച്ചാൽ എട്ട് മാസം കഴിഞ്ഞും വിളവെടുക്കാം. അഞ്ച് സെന്റിൽ കൃഷി ഇറക്കാൻ ഒരു ലക്ഷം രൂപയോളം ചിലവായി. രണ്ട് സീസണുകളിൽ ഇവിടെനിന്ന് പഴങ്ങൾ വിളവെടുത്തു. ആദ്യത്തെ സീസണിൽ തന്നെ നല്ല വിളവ് ലഭിച്ചു ഏതാണ്ട് 20,000 രൂപ വരുമാനം ലഭിച്ചു. അടുത്ത സീസണിലും നല്ല വിളവ് ലഭിച്ചതോടെ വരുമാനം ഉയർന്നു. ഇപ്പോൾ ഏതാണ്ട് 40,000 രൂപ അഞ്ച് സെന്റിൽനിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്ന് രമാഭായി പറയുന്നു.
ടെറസിലും പിന്നെ റബർ വെട്ടിയും കൃഷി
അഞ്ച് സെന്റിലെ കൃഷി വിജയിച്ചതോടെ ആത്മവിശ്വാസമായി. കൃഷി വ്യാപിപ്പിക്കണമെന്ന തോന്നലുണ്ടായി. അതോടെയാണ് ടെറസിൽ കൃഷി ഇറക്കുന്നത്. രണ്ടാമത്തെ നിലയുടെ മുകളിൽ ബാരലുകളിലാണ് ഡ്രാഗൺ കൃഷി ചെയ്തിരിക്കുന്നത്. 'ഒരു തരി മണ്ണ് പോലുമില്ലാതെയാണ് ടെറസിന് മുകളിൽ കൃഷി ചെയ്തത്. അതൊരു പരീക്ഷണമായിരുന്നു. വീണ്ടും കൃഷി ചെയ്യണമെന്ന് തോന്നലുണ്ടപ്പോൾ ടെറസിന് മുകളിൽ കൃഷി ചെയ്യുന്ന കാര്യം മകനുമായി സംസാരിച്ചു. പക്ഷേ വീട് വൃത്തിയാക്കിയിട്ടിരിക്കുകയാണെന്നും ടെറസിന് മുകളിൽ മണ്ണ് കയറ്റുന്നതിൽ മകന് താല്പര്യമുണ്ടായിരുന്നില്ല. ഇതോടെ ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചിച്ചു. താഴെ നട്ടതിന്റെ ബാക്കിയുണ്ടായിരുന്ന തണ്ടുകളിലൊന്ന് കംമ്പോസ്റ്റ് മിശ്രിതത്തിൽ നട്ടു. അത് വളരെ വേഗത്തിൽ വളരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മണ്ണിന് പകരം കംമ്പോസ്റ്റിൽ കൃഷി ഇറക്കാൻ തീരുമാനിച്ചു. ഇതിനായി കരിയിലയും പച്ചിലയും അറക്കപ്പൊടിയും നെല്ല് കുത്തിയ തവിടും ചേർത്ത് കംമ്പോസ്റ്റ് വലിയ രീതിയിൽ ഉണ്ടാക്കി. തുടക്കത്തിൽ വേപ്പും പിണ്ണാക്കും എല്ല് പൊടിയും ഉപയോഗിച്ചു. ഇപ്പോൾ ഇത് രണ്ടും ഉപയോഗിക്കാറില്ല. കൃഷി ചെയ്യാനായി 50 ബാരലുകൾ വാങ്ങി. അതിലാണ് കൃഷി ചെയ്തത്.'
ഒരു ബാരലിൽ രണ്ട് ചെടിയാണ് നട്ടത്. ടെറസിൽ വെയിറ്റ് കുറയ്ക്കാൻ വേണ്ടിയാണ് ചെടികളുടെ എണ്ണം കുറച്ചത്. ജി.ഐ. പൈപ്പുകൾകൊണ്ട് ഉണ്ടാക്കി സ്റ്റാൻഡുകളിലാണ് ഡ്രമ്മുകൾ സ്ഥാപിച്ചത്. പടർന്നുകയറാനും പൈപ്പുകൾ നൽകി. പത്ത് മാസം മുമ്പാണ് ടെറസിൽനിന്ന് ആദ്യത്തെ വിളവെടുക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏഴ് മാസത്തോളം അവിടെനിന്ന് വിളവെടുത്തു. ടെറസിൽനിന്ന് മാത്രം 40,000-ന് മുകളിൽ വരുമാനമുണ്ട്. ഇതിന് പിന്നാലെ 80 സെന്റ് സ്ഥലത്ത് റബർ മുറിച്ച് ഡ്രാഗൺ തൈകൾ നട്ടത്. എട്ട് കൊല്ലം നന്നായി നോക്കി നടത്തിയ റബ്ബർ മുറിച്ചാണ് കൃഷിയിറക്കിയത്. രണ്ട് വർഷം മാത്രമാണ് അത് ടാപ്പ് ചെയ്തത്. അവിടെ 400 മൂടാണ് നട്ടിരിക്കുന്നത്. ഇത്തവണ പക്ഷേ കൃത്യമായ അകലം പാലിച്ചാണ് നട്ടത്. എല്ലാ മൂടുകൾക്കും ജി.ഐ. പൈപ്പാണ് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഒരു മൂട്ടിൽ മൂന്ന് ചെടിയാണ് നട്ടത്. കഴിഞ്ഞ ഡിസംബറിൽ ആദ്യത്തെ വിളവെടുത്തു. അവിടെനിന്ന് നല്ലതുപോലെ വിളവ് ലഭിച്ചു. ഒരു മൂട്ടിൽനിന്ന് ഒരേ സമയം 30 പഴം വരെ ലഭിക്കുന്നുണ്ട്. ഇപ്പോൾ മാസം 60,000 രൂപയ്ക്ക് അടുത്ത് വരുമാനമുണ്ട്.-രമാഭായി തന്റെ കൃഷിയെക്കുറിച്ച് വാചാലയായി.
ഡ്രാഗൺ ചെടികളുടെ പരിചരണത്തിന്റെ കാര്യത്തിൽ അവർ വിട്ടുവീഴ്ച വരുത്തില്ല. ചെടിക്ക് പൊതുവേ ചൂട് കാലാവസ്ഥയാണ് അനുയോജ്യമെന്നാണ് അവർ പറയുന്നത്. മഴവെള്ളം ചെടിയുടെ ചുവട്ടിൽ കെട്ടിനിൽക്കാൻ ഇടവരരുത്. വെള്ളം ചുവട്ടിൽ കെട്ടിനിന്നാൽ തണ്ട് ചീയാൻ ഇടവരും. പൂർണമായും ജൈവരീതിയിലാണ് രമാഭായിയുടെ കൃഷി. കൃഷിക്ക് ആവശ്യമായ വളം മുഴുവൻ വീട്ടിൽതന്നെ നിർമിക്കുകയായിരുന്നു. ഡ്രാഗൺ ഫ്രൂട്ട് ഒരു ഡസേർട്ട് പ്ലാന്റാണ്. മരുഭൂമിയിൽ ഇതിന് ഫാക്ടംഫോസും അമേണിയയും ആരും കൊണ്ട് കൊടുക്കില്ല. പക്ഷികളുടെ കാഷ്ഠവും പാറപ്പുറത്തെ പായലുമെല്ലാമാണ് പ്രധാനവളം. അതുകൊണ്ട് തന്നെ പൂർണമായും ഓർഗാനിക് കൃഷിയാണ് പിന്തുടർന്നത്. ആദ്യം ചാണകം ഉപയോഗിച്ചിരുന്നു. എന്നാൽ നൈട്രജൻ കണ്ടന്റ് ഇല്ലെന്ന് മനസിലാക്കി അത് ഒഴിവാക്കി. അതേസമയം ആട്ടിൻ കാട്ടം ഉപയോഗിച്ചിരുന്നു.
വീട്ടിൽവന്ന് വാങ്ങും ആവശ്യക്കാർ
വിപണിയുടെ കാര്യത്തിൽ ആശങ്കകളില്ല. പഴം വിളവെടുത്താൻ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും ആളുകൾ എത്തി വാങ്ങിക്കൊണ്ടുപോകുമെന്നാണ് അവർ പറയുന്നത്. വിളവെടുത്ത കാര്യം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലിടും. അതോടെ ആളുകൾ വീട്ടിലെത്തി പഴം വാങ്ങും. വാങ്ങാനായി വരുന്നവർ രണ്ടും മൂന്നും കിലോ സുഹൃത്തുക്കൾക്കായും വാങ്ങിക്കും. ഇതിന് പുറമേ, ഓർഗാനിക് പഴങ്ങളും പച്ചക്കറികളും മാത്രം വിൽക്കുന്ന അഗ്രോ എന്ന കച്ചവടസ്ഥാപനത്തിനും പഴം എടുക്കുന്നുണ്ട്. പതിനഞ്ച് കിലോയ്ക്ക് മുകളിൽ അവർ എടുക്കും. പഴം വിളവെടുത്താൻ രണ്ട് ദിവസം വരെയാണ് സൂക്ഷിക്കാറ്. പക്ഷേ അതിനുള്ളിൽ വിറ്റ് പോകും. പഴം കൊടുത്ത് പ്രതിമാസം ഒന്നര ലക്ഷത്തോളം വരുമാനമുണ്ട്. ഇതിന് പുറമേ നടീൽ വസ്തുവും വിൽപ്പന നടത്തുന്നുണ്ട്. തുടക്കത്തിൽ 200 രൂപയ്ക്കാണ് പഴം വിറ്റിരുന്നത്. എന്നാൽ പിന്നീട് വില കുറച്ചു. നിറയെ പഴംപിടിക്കാൻ തുടങ്ങിയ ശേഷമാണ് 25 രൂപ കുറച്ച് 175-ന് നൽകാൻ തുടങ്ങിയത്. ചെലവായ കണക്കുകൾ കൃത്യമായി എഴിതി സൂക്ഷിച്ചിരുന്നു. കൃഷിക്ക് മുതൽ മുടക്കിയ തുക ആദ്യത്തെ വർഷം തന്നെ തിരിച്ചുകിട്ടി. മുടക്കുമുതൽ തിരിച്ചുകിട്ടിയതോടെ വില കുറച്ചു. 25 വർഷമാണ് ചെടിക്ക് ആയുസ് കണക്കാക്കുന്നത്. അതിനാൽ തന്നെ വില കുറച്ചത്. വീട്ടിൽ വന്ന് വാങ്ങുന്നവർ 175-ന് വാങ്ങട്ടെ എന്നാണ് ചിന്തിച്ചത്.- അവർ പറഞ്ഞു.

ഡ്രാഗൺ ഫ്രൂട്ട് ഒരു സീസണൽ പ്ലാന്റാണ്. സാധാരണയായി ഏപ്രിൽ-മേയ് മാസങ്ങളിൽ പൂവിട്ട് നവംബർ വരെ വിളവെടുക്കാം. പക്ഷേ, ഈ വർഷം മാർച്ചിൽ ആദ്യത്തെ പഴം പാകമായെന്ന് അവർ പറഞ്ഞു. 'വിയറ്റ്‌നാം പോലുള്ള ചില രാജ്യങ്ങളിൽ 12 മാസവും ഡ്രാഗൺ പഴങ്ങൾ വിളവെടുക്കുന്നുണ്ട്. ഇവിടെയും അത് സാധിക്കുമോ എന്ന പരീക്ഷണത്തിലാണ്. നിലവിൽ ഒരു മാസം ഒരു മൂട്ടിൽനിന്ന് 15 കിലോ വരെ പഴം ലഭിക്കും. നവംബറിന് ശേഷം തണ്ട് മുറിച്ച് വിൽക്കുകയോ തൈകൾ ഉത്പാദിപ്പിക്കുകയോ ചെയ്യാം. നാലായിരം തണ്ടുകൾ വരെ കച്ചവടം നടത്തിയിട്ടുണ്ട്. നൂറ് രൂപയാണ് ഈടാക്കുന്നത്. ആയിരവും രണ്ടായിരവും തണ്ടുകൾക്ക് ഓഡർ ലഭിക്കാറുണ്ട്. തമിഴ്‌നാട്ടിലും കർണാടകയിലേക്കും തണ്ടുകൾ അയക്കാറുണ്ട്. തണ്ടും ഒരു പ്രധാന വരുമാനമാർഗമാണ്. ഇതുവഴി വർഷമുഴുവൻ ആദായം ഉറപ്പാക്കാൻ സാധിക്കും'- അവർ പറഞ്ഞു.
പുതിയ കർഷകർ നടീൽ വസ്തു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അവരുടെ ഉപദേശം. തണ്ടിനാണ് വിലക്കുറവ്, തൈകൾക്ക് വില കൂടും. പക്ഷേ, തൈകൾ നട്ടാൽ പെട്ടന്ന് കായ പിടിക്കും. നന്നായി പഠിച്ച് വേണം കൃഷിയിറക്കാൻ. യൂട്യൂബ് വിഡിയോകളിൽ ഒരുപാട് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു. ഒരു തണ്ടിൽ ഒന്നിലധികം മുട്ടുകൾവന്നാൽ പറിച്ച് കളയണമെന്ന് പലതിലും പ്രചരിപ്പിക്കുന്നു. പക്ഷേ അതിന്റെ ആവശ്യമില്ല. ഒരു ഞെട്ടിൽ മൂന്നും നാലുമെണ്ണം ടെറസിൽ ഉണ്ടാകുന്നു. വലുപ്പം കുറവ് ഉണ്ടാകില്ല. 500 ഗ്രാമിന് മുകളിൽ എല്ലാത്തിനും തൂക്കമുണ്ടാകും. അതിപോലെ നല്ല നടീൽ വസ്തു തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കായ ഉണ്ടായ ചെടിയിൽനിന്ന് ശേഖരിക്കുന്ന തണ്ടുകളോ അത് മുളപ്പിച്ച് എടുക്കുന്ന തൈകളോ തന്നെ വേണം ഉപയോഗിക്കാൻ അല്ലെങ്കിൽ വലിയ മുതൽ മുടക്കി കൃഷി ചെയ്തിട്ട് കായ പിടിക്കാതെയാകുന്നതോടെ വെട്ടിക്കളയുന്നവരുണ്ടെന്നും പറയുന്നു രമാഭായി.
രമാഭായി- 93499 37641





Content Highlights: Ramabhai, a retired teacher, shares her successful dragon fruit farming journey.
Published: 09 Sept 2024, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented