
കടുത്തുരുത്തി: കൃഷി നഷ്ടമാണെന്ന് പറയുന്നവർക്ക് മുമ്പിൽ, മണ്ണിലിറങ്ങി പണിയെടുക്കാനുള്ള ആത്മാർഥമായ മനസ്സുണ്ടെങ്കിൽ ഏതുകൃഷിയും വിജയിക്കുമെന്ന് കാട്ടിത്തരുകയാണ് സെബാസ്റ്റ്യൻ. കുരുമുളക് കൃഷിയിലൂടെ നേട്ടംകൊയ്യുന്നതാണ് ആ വിജയം. കോവിഡ് കാലത്താണ് വീടിനോട് ചേർന്നുള്ള സ്ഥലത്ത് മുട്ടുചിറ അറയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ (65) കൃഷി തുടങ്ങിയത്. വിദേശത്ത് നഴ്‌സായി ജോലിചെയ്തിരുന്ന ഇദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചശേഷം 2020-ലാണ് നാട്ടിൽ തിരിച്ചെത്തുന്നത്.
ഈ സമയം കോവിഡ് രൂക്ഷമായിരുന്നു. കോവിഡുകാലത്തെ നിയന്ത്രണങ്ങൾ സെബാസ്റ്റ്യനെ നല്ലൊരു കർഷകനാക്കി മാറ്റുകയായിരുന്നു. ആറ് ഏക്കറിലെ റബ്ബർ മാത്രമായിരുന്നു കൃഷിയായി ഉണ്ടായിരുന്നത്. ഒന്നരയേക്കർ വീടിനുചുറ്റുമായി വെറുതെ കിടക്കുകയായിരുന്നു. ഇവിടെ 350 ചുവട് കുരുമുളകുതൈ നട്ടു. പിവിസി പൈപ്പിലാണ് കുരുമുളകുവള്ളികൾ പടർത്തിയത്. പിന്നീട് അടയ്ക്കാമരത്തിലും മറ്റ് ചെറിയ മരങ്ങളിലും കുരുമുളകുവള്ളികൾ പടർത്തി കൃഷി വ്യാപിപ്പിച്ചു.
രണ്ട് ലക്ഷത്തോളം രൂപ ശാസ്ത്രീയമായി കൃഷി തുടങ്ങുന്നതിന് ചെലവായി. ഇതിൽ 70000 രൂപ കൃഷിവകുപ്പിന്റെ സബ്‌സിഡിയായി ലഭിച്ചു. വിജയ് ഇനത്തിൽപ്പെട്ട കുരുമുളകുവള്ളികളാണ് കൃഷിചെയ്തത്. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് ഒന്നര ലക്ഷം രൂപയുടെ കുരുമുളക് വിറ്റു. കുരുമുളകുതൈകൾ ഉത്പാദിപ്പിക്കാനായി സർക്കാർ ഏജൻസികൾക്കും കർഷകർക്കും വള്ളികൾ വിറ്റ ഇനത്തിൽ അരലക്ഷം രൂപയിലധികം ലഭിച്ചു. തന്റെ മുടക്കുമുതലിനുള്ള വരുമാനം ഇതിനോടകം നേടി.
ശരിയായ പരിചരണമുണ്ടെങ്കിൽ ഇനിയുള്ള കാലം ഇതിൽനിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ജീവിക്കാനാകുമെന്ന് സെബാസ്റ്റ്യൻ. പച്ചക്കറി, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പുറമേ ഫലവൃക്ഷങ്ങളും വിവിധയിനം പഴങ്ങളുടെ തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാട്ടത്തിനെടുത്ത പുരയിടത്തിൽ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. താമസിയാതെ ആട് കൃഷി തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഇദ്ദേഹം. ഭാര്യ: ഫിലോമിന. മക്കൾ: ലാൻസ് ജെറി, ലിനോളിൻ, അനീഷ്യ.
Content Highlights: Sebastin turned to pepper farming during COVID-19, achieving remarkable success
Published: 25 May 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented