ചാരുംമൂട് (ആലപ്പുഴ): ചന്ദനക്കാട് കാണാന്‍ ഇനി മറയൂരിലേക്ക് പോകേണ്ടിവരില്ല. ആലപ്പുഴജില്ലയിലെ താമരക്കുളത്തും ഇതിന് അവസരമൊരുങ്ങുകയാണ്. 2022-ല്‍ ചാരുംമൂട്ടില്‍ സ്വകാര്യ ഗ്രൂപ്പിന്റെ ഒരേക്കര്‍ ഭൂമിയില്‍ 445 ചന്ദനത്തൈ നട്ടാണു തുടക്കം. കൊട്ടക്കാട്ടുശ്ശേരി തയ്യില്‍ കിഴക്കതില്‍ കെ. പ്രസാദ് (69) ആണ് ഇതിനു നേതൃത്വം നല്‍കുന്നത്. ചന്ദനത്തിന്റെ വളര്‍ച്ചയ്ക്ക് ഇടവിളക്കൃഷി വേണ്ടതിനാല്‍ മറ്റു വിളയിറക്കിയും വരുമാനം നേടാം. 

To advertise here,

ഇപ്പോള്‍ ജില്ലയിലെ താമരക്കുളം, കണ്ണനാകുഴി, ചെങ്ങന്നൂര്‍, ആല, പാലമേല്‍, കൊല്ലം ജില്ലയിലെ തഴവ, ശൂരനാട്, തൊടിയൂര്‍ പ്രദേശങ്ങളിലെ 36 കര്‍ഷകര്‍ വിവിധയിടങ്ങളിലായി 8,000 ചന്ദനത്തൈ നട്ട് പരിപാലിക്കുന്നു. എല്ലാംകൂടി 25 ഏക്കറിലധികം വരും. താമരക്കുളം, കണ്ണനാകുഴി എന്നിവിടങ്ങളിലാണ് കൂടുതല്‍. കൃഷിക്ക് വെള്ളം വളരെക്കുറവു മതി. 

ചെലവ് കുറവ്, വരുമാനം വലുത് 

ഇടവിളക്കൃഷിക്കടക്കം ഒരു ചന്ദനത്തൈ നടാന്‍ 500 രൂപയില്‍ താഴെയാണ് ചെലവ്. ഒരേക്കറില്‍ 300 മുതല്‍ 400 വരെ തൈ നടാം. 13-15 വര്‍ഷത്തില്‍ ആദായം കിട്ടും. 50-70 സെന്റീമീറ്റര്‍ വണ്ണമുള്ള മരത്തില്‍നിന്ന് ശരാശരി 20 കിലോ ചന്ദനം കിട്ടും. കിലോയ്ക്ക് 13,000 മുതല്‍ 20,000 വരെ രൂപയാണ് ഇപ്പോഴത്തെ വില. തൊലിക്ക് കിലോയ്ക്ക് 300 രൂപയും ചന്ദനവെള്ളയ്ക്ക് 1,300 രൂപയും കിട്ടും.

20-30 വര്‍ഷം ആയാല്‍ കൂടുതല്‍ കാതലുള്ള മരം കിട്ടും. ഇതില്‍ നിന്നുള്ള ചന്ദനത്തൈലത്തിന്റെ അളവ് കൂടും. ചന്ദനത്തിന്റെ ഇല ഒഴികെ എല്ലാഭാഗങ്ങളും ഉപയോഗമുള്ളതാണ്. 2002 വരെ സ്വകാര്യഭൂമിയില്‍ ചന്ദനക്കൃഷി പാടില്ലായിരുന്നു. കര്‍ണാടക ഹൈക്കോടതി വിധിയാണ് പുതിയ അവസരം തുറന്നത്. ഇപ്പോള്‍ ആര്‍ക്കും കൃഷി ചെയ്യാമെങ്കിലും മരംമുറി, വില്‍പ്പന എന്നിവയ്ക്ക് വനംവകുപ്പിനേ അധികാരമുള്ളൂ.

വില്‍ക്കാനായി കൈവശാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ചന്ദനമരത്തിന്റെ വേരടക്കം പിഴുതെടുത്ത് മഹസര്‍ തയ്യാറാക്കി അവര്‍ മറയൂരിലെ ചന്ദനലേല സ്റ്റോറിനു കൈമാറും. നികുതി കിഴിച്ചുള്ള തുക അക്കൗണ്ടിലെത്തും. 

മറ്റു മരങ്ങളുടെ വേരുകളിലിറങ്ങി വളര്‍ച്ചയ്ക്ക് ആവശ്യമായ 60 ശതമാനം 'ആഹാരവും മോഷ്ടിച്ചു' നിലനില്‍ക്കുന്നതിനാലാണ് ഇടവിളക്കൃഷിയോ മരങ്ങളോ ചന്ദനത്തിന് ഒപ്പം വേണ്ടത്. കാറ്റാടി, നെല്ലി, മാവ്, പ്ലാവ്, മാതളം, കമ്പിളിനാരകം, പപ്പായ, വേപ്പ്, കറിവേപ്പ്, തുളസി, ദന്തപ്പാല, കണിക്കൊന്ന, വാഴ തുടങ്ങിയവ ഒപ്പം കൃഷി ചെയ്യാം. ചന്ദനമരങ്ങള്‍ക്ക് പൊതുവേ കീടബാധ കുറവാണ്. മണല്‍, കളിമണ്ണ്, ചെമ്മണ്ണ്, വെട്ടുകല്ല്, കറുത്ത പശിമരാശി മണ്ണ് എന്നിവയില്‍ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത ഏതുപ്രദേശത്തും നടാം.