കോഴിക്കോട്: ഏലയ്ക്കയിൽ തവിട്ടുനിറത്തിൽ പാടുകളുണ്ടാക്കുന്ന ഏലപ്പേനുകളെ നേരിടാൻ ജൈവനിയന്ത്രണമാർഗം വികസിപ്പിച്ച് കോഴിക്കോട്-ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം (ഐസിഎആർ). കർഷകർ ഉപയോഗിക്കുന്ന രാസകീടനാശിനികൾക്ക് ബദലായി സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ജൈവകീടനാശിനിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനമാണ് ഗവേഷണസ്ഥാപനം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ 70,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷിചെയ്യുന്ന ഏലത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പേൻ ആക്രമണം. ഈ കീടം ഏകദേശം 30 മുതൽ 90 ശതമാനംവരെ കായ്‌കളെ നശിപ്പിക്കുകയും 45 മുതൽ 48 ശതമാനംവരെ വിളവുകുറയ്ക്കുകയും ചെയ്യുന്നെന്നാണ് കണക്ക്.
സുഗന്ധവിള ഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞർ ഏലപ്പേനുകളിൽ(കാർഡമം ത്രിപ്‌സ്)നിന്ന് വേർതിരിച്ചെടുത്ത ‘ലെക്കാനിസിലിയം സാലിയോട്ടെ’ (Lecanicillium psalliotae) എന്ന കുമിൾ ഉപയോഗിച്ചാണ് ജൈവകീടനാശിനി വികസിപ്പിച്ചത്. ഈ കുമിൾ ഏലപ്പേനുകളിൽ വളരുകയും അവയെ കൊല്ലുകയും ചെയ്യും.
ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് ചെടികളുടെ വളർച്ചയെ പരിപോഷിപ്പിക്കാനും മണ്ണിൽനിന്നുള്ള പോഷകലഭ്യത വർധിപ്പിക്കാനും കഴിയുമെന്ന അധികഗുണവുമുണ്ട്.
കേന്ദ്ര കീടനാശിനി ബോർഡ് ആൻഡ് രജിസ്‌ട്രേഷൻ കമ്മിറ്റിയുടെ (സിഐബി ആൻഡ് ആർസി) അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചാണകവുമായി കലർത്തി മണ്ണിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന തരിരൂപത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.
ഏലത്തിന്റെ ചുവടിൽ മൂന്നോ നാലോ തവണ പ്രയോഗിക്കാം. സംയോജിത കീടനിയന്ത്രണപദ്ധതികളിൽ ഉപയോഗിക്കുന്നതിനും അനുയോജ്യമാണ്. രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി സുഗന്ധവ്യഞ്ജനങ്ങളിലുണ്ടാകാവുന്ന കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമാക്കുന്നതിനും ഇതിന്റെ ഉപയോഗംവഴി സാധിക്കും.
രാസകീടനാശിനികൾക്കു പകരമായി കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഈ ജൈവകീടനിയന്ത്രണമാർഗത്തിന്റെ ഉപയോഗം ഏലം മേഖലയിൽ വിപ്ലവകരമായ മാറ്റംവരുത്താനിടയുണ്ടെന്ന് ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് പറഞ്ഞു. ഡോ. സി.എം. സെന്തിൽകുമാർ, ഡോ. ടി.കെ. ജേക്കബ്, ഡോ. എസ്. ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടുപിടിത്തത്തിനുപിന്നിൽ പ്രവർത്തിച്ചത്.
ഈ സാങ്കേതികവിദ്യയുടെ വാണിജ്യോത്പാദനത്തിനും വിപണനത്തിനുമായുള്ള ലൈസൻസുകൾ ഐഐഎസ്ആർ നൽകുന്നുണ്ട്. വിലാസം: ഐടിഎം-എബിഐ യൂണിറ്റ്, ഐസിഎആർ-ഐഐഎസ്ആർ, മേരിക്കുന്ന് പിഒ, കോഴിക്കോട്-673012. ഫോൺ: 0495 2731410. ഇ-മെയിൽ: iisrbpd2019@gmail.com, iisritmu2020@gmail.com
Content Highlights: IIISR develops a cost-effective, organic pesticide to control cardamom thrips
Published: 28 Jun 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented