ഇടുക്കിയുടെ ഏലക്കാടുകൾക്ക് മണ്ണിനോടും പ്രകൃതിയോടും നിരന്തരം പോരാടുന്ന കർഷകരുടെ കഥ പറയാനുണ്ട്. മഴയുടെ കനവും വെയിലിന്റെ കടുപ്പവും മഞ്ഞിന്റെ തണുപ്പും ഒരുപോലെ അനുഭവിച്ച് മണ്ണിനെ പാകപ്പെടുത്തി പ്രകൃതിക്ഷോഭങ്ങളോടും വന്യമൃഗശല്യത്തോടും വിലത്താഴ്ചകളോടും മല്ലിട്ട് ഈ കർഷകർ ആഗോള വിപണിയിൽ കേരളത്തിന് സ്വന്തമായൊരു അടയാളം തന്നെ നൽകി. സുഗന്ധവ്യജ്ഞനങ്ങളുടെ രാജ്ഞിയായ ഏലക്ക

To advertise here,

കർഷകരെ സംബന്ധിച്ചിടത്തോളം ഏലം കൃഷി വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും മാരകമായ കീടബാധകളും വിലയിലെ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകളും കർഷകരെ പ്രതിസന്ധിയിലാക്കാറുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ പലപ്പോഴും അടയാളപ്പെടുത്താറുണ്ടെങ്കിലും ഈ മലയിടുക്കുകളിൽ മണ്ണിനെ തൊട്ട് ഏല ചിമ്പുകളെ തലോടി കൃഷിയുടെ ഓരോ ഘട്ടത്തിലും ശാരീരിക അവശതകളോടും കാലവസ്ഥയോടും യുദ്ധം ചെയ്ത് ജീവിതം കരപിടിപ്പിക്കുന്ന സ്ത്രീ തൊഴിലാളികൾ പലപ്പോഴും തമസ്കരിക്കപ്പെടാറുണ്ട്.

'60 വയസ്സുണ്ട്. 16-ാം വയസ്സിൽ ഏലക്കാട്ടിൽ ജോലിക്ക് പോയി തുടങ്ങിയതാണ്. ഇപ്പോൾ 550 രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. രണ്ട് പെൺമക്കളുടെ കല്യാണം നടത്തിയതും ബാധ്യതകൾ തീർക്കുന്നതും ജോലിക്ക് പോകുന്നത് കൊണ്ടാണ്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ജോലിയാണ്. ഏലത്തിന് കവാത്ത് എടുക്കലും കള പറിക്കലും മരുന്ന് അടിക്കലും ഏലക്ക പറിക്കലും ഒക്കെ ചെയ്യാറുണ്ട്. കൂടുതൽ സമയവും കുനിഞ്ഞുനിന്നുള്ള ജോലി ആയതിനാൽ നടുവിന് വേദന മാറാറെ ഇല്ല. മഴക്കാലം ആയാൽ തലയിൽ പ്ലാസ്റ്റിക് കെട്ടിയാണ് ജോലിക്ക് ഇറങ്ങുന്നത്. ഇത് കഠിനമായ തലവേദന ഉണ്ടാക്കാറുണ്ട്. കടുത്ത പനി ഉള്ളപ്പോൾ പോലും ഏലക്കാട്ടിൽ ജോലിക്ക് പോകാറുണ്ട്. യൂണിയൻ മെമ്പർഷിപ്പ് ഉണ്ടായിരുന്ന കാലത്ത് ശമ്പളത്തോട് കൂടിയ അവധിയും കമ്പിളി കാശും ബോണസും ഒക്കെ ലഭിച്ചിരുന്നു. എന്നാൽ ഇവ നിലച്ചതോടെ ഒരുവിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെയായി'.

ഒരു സ്ത്രീ തൊഴിലാളി പറയുന്നു.

പശ്ചിമഘട്ടത്തിലെ തണുത്ത കാലാവസ്ഥയും ഹൈറേഞ്ചിന്റെ ദൃശ്യഭംഗിയും വിനോദസഞ്ചാരികളെ ആകർഷിക്കുമ്പോൾ, അതിന്റെ മറുവശത്ത് തോട്ടം തൊഴിലാളികളുടെ പതിറ്റാണ്ടുകൾ നീണ്ട അതിജീവനത്തിന്റെ കഥയുണ്ട്. വെയിലിലും മഴയിലും ആരോഗ്യപ്രശ്നങ്ങളെയും ശാരീരിക അവശതകളെയും അവഗണിച്ച് അതിരാവിലെ ജോലിക്കിറങ്ങുന്ന സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കീടനാശിനികളുടെ ദുർഗന്ധവും ഈർപ്പമുള്ള കാലാവസ്ഥയും സൃഷ്ടിക്കുന്ന രോഗങ്ങളും അപകടങ്ങളും ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. എങ്കിലും ജീവിതം കരപിടിപ്പിക്കാനുള്ള പോരാട്ടത്തിൽ ഈ സ്ത്രീകൾ പിന്നോട്ടു പോകുന്നില്ല.

സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്തെ പെൺകരുത്തും കണ്ണീരും

ഇടുക്കിയിലെ തോട്ടം മേഖലയുടെ ജീവനാഡി സ്ത്രീ തൊഴിലാളികളാണ്. തോട്ടം ജോലികളിലെ 60 ശതമാനത്തിലധികം അധ്വാനവും സ്ത്രീകളുടേതാണ്. പ്രഭാതം വിടരുന്നതിന് മുൻപേ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നു. കഠിനമായ തണുപ്പിനെയും വന്യമൃഗങ്ങളെയും അവഗണിച്ച് മലഞ്ചെരിവുകളിലൂടെ  ജോലിക്കായി നടന്നു നീങ്ങുന്നു. ഏലത്തിന് കവാത്ത് എടുക്കുക, ഏലക്ക പറിക്കുക എന്നീ ജോലികൾക്കൊപ്പം വളമിടൽ, മരുന്നടി, മണ്ണിടൽ മുതലായ ജോലികളും ചെയ്യുന്നു. ദിവസേന എട്ടു മണിക്കൂറിലധികം മലഞ്ചെരിവുകളിൽ ഏലം ഉൾപ്പെടെയുള്ള തോട്ടംവിള കൃഷിയുടെ വിവധ ഘട്ടങ്ങളുടെ ഭാഗമാകുന്ന ഇവർ കടന്നുപോകുന്നത് കടുത്ത ശാരീരിക അവശതകളിലൂടെയാണ്.

കീടനാശിനികളുടെ അമിത പ്രയോഗം

ഏലച്ചെടികൾക്ക് പലവിധ രോഗങ്ങൾ കാലവസ്ഥ വ്യത്യാസങ്ങൾക്ക് അനുസൃതമായി പിടിപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ കീടനാശിനികൾ പ്രയോഗിക്കാതിരിക്കാൻ സാധിക്കില്ല. എന്നാൽ, കീടനാശിനികളുടെ അമിതമായ ഉപയോഗം തൊഴിലാളികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കീടനാശിനി പ്രയോഗിച്ച ചെടികൾക്കിടയിൽ കയ്യുറകളില്ലാതെ ജോലി ചെയ്യുന്നതിലൂടെ ഇവരുടെ വിരലുകൾ കരിവാളിക്കുകയും മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു.  കീടനാശിനിപ്രയോഗം നടത്തിയ ഏലച്ചെടികൾക്കിടയിൽ ഈ മുറിവുകൾ ഉണങ്ങുന്നതിന് മുമ്പ്, ജോലിയിൽ ഏർപ്പെടുന്നതിലൂടെ മുറിവിന്റെ അവസ്ഥ ഗുരുതരമാകുകയും ഉണങ്ങാൻ വീണ്ടും കാലതാമസം എടുക്കുകയും ചെയ്യുന്നു. കൂടാതെ ആസ്ത്മ, ത്വക്ക് രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഇവർക്കിടയിൽ വ്യാപകമാണ്. പലപ്പോഴും കൃത്യമായ ചികിത്സയോ സഹായമോ ലഭിക്കാറില്ല. ഒരു ദിവസത്തെ ജോലി ഉപേക്ഷിക്കാനോ കൃത്യമായ വിശ്രമമെടുക്കാനോ സാധ്യമല്ലാത്ത സാഹചര്യത്തിലൂടെയാണ് പല സ്ത്രീ തൊഴിലാളികളും കടന്നുപോകുന്നത്. ലോൺ, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ഒരോ മാസത്തെയും ചെലവുകൾ തള്ളിനീക്കണമെങ്കിൽ എല്ലാ ദിവസവും ജോലിക്ക് മുടങ്ങാതെ പോകേണ്ട അവസ്ഥയാണുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.

'ആദ്യമൊക്കെ കയ്യുറകളൊന്നും ഉപയോഗിക്കാറില്ലായിരുന്നു. കീടനാശിനി ഉപയോഗിച്ച സ്ഥലത്ത് തൊട്ടടുത്ത ദിവസം ജോലി ചെയ്യുമ്പോൾ കൈയിൽ ചെറിയ മുറിവുണ്ടെങ്കിൽ പോലും നീറുകയും ഉണങ്ങാൻ താമസം ഉണ്ടാകുകയും ചെയ്യാറുണ്ടായിരുന്നു. വളമിട്ട ചെടികൾക്കിടയിൽ കയ്യുറകൾ ഇല്ലാതെ ജോലി ചെയ്യുന്നത് നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇപ്പോൾ സ്വന്തം നിലയ്ക്ക് കയ്യുറകൾ വാങ്ങി ഉപയോഗിക്കുന്നുണ്ട്.'

തൊഴിലാളി സ്ത്രീ പറയുന്നു.

ആർത്തവകാലത്തെ പ്രതിസന്ധികൾ

സ്ത്രീ തൊഴിലാളികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആർത്തവസമയത്താണ്. ആർത്തവസമയത്ത് ജോലിക്ക് പോകാതെ വീട്ടിൽ തന്നെ തുടരാൻ സാഹചര്യമുള്ളവരല്ല പലരും. ഒട്ടുമിക്ക തോട്ടങ്ങളിലും ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല.  ശാരീരിക അവശതകളെ അവഗണിച്ച് ജോലിക്കെത്തുമ്പോഴും സാനിറ്ററി പാഡുകൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങളിൽ സ്ത്രീകൾ വലിയ പ്രതിസന്ധികളാണ് അനുഭവിക്കുന്നത്. മഴക്കാലത്ത് അവസ്ഥ കൂടുതൽ കടുപ്പമേറിയതാകുന്നു. ഓരോ മാസത്തെ ചെലവുകൾ ആലോചിക്കുമ്പോൾ നടുവിന് വേദനയും തലവേദനയും ശാരീരിക അസ്വസ്ഥകളും അവഗണിച്ച് ജോലിക്കെത്തുകയല്ലാതെ മറ്റൊരു മാർഗവും തങ്ങൾക്ക് മുന്നിലില്ലെന്ന് സ്ത്രീ തൊഴിലാളികൾ പറയുന്നു.

'വർഷങ്ങളായി ഏലക്കാട്ടിൽ ജോലി ചെയ്യുന്നു. മഴക്കാലം തുടങ്ങിയാൽ എല്ലാ ദിവസവും ജോലി ഉണ്ടാകും. വേനൽക്കാലം തുടങ്ങിയാൽ സ്ഥിതി മാറും. ജോലി ലഭിക്കുന്ന ദിവസങ്ങൾ കുറയും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. കിട്ടുന്ന ജോലിദിവസങ്ങളിൽ മുടങ്ങാതെ പോകാൻ ശ്രമിക്കാറുണ്ട്. ആർത്തവ ദിവസങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. എങ്കിലും പരമാവധി ജോലിക്ക് പോകും. പാഡൊക്കെ മാറ്റാൻ സാധിക്കാറില്ല. ഒപ്പം ജോലി ചെയ്യുന്നവരുടെ വീടുകൾ അടുത്താണെങ്കിൽ ജോലിക്കിടയിൽ അതിവേഗം പോയി മാറ്റിവരും. പലപ്പോഴും അതിന് സാധിക്കാറില്ല. മഴക്കാലത്ത് ആർത്തവസമയങ്ങളിൽ ജോലി ചെയ്യുകയെന്നത് വളരെ പ്രയാസകരമായ കാര്യമാണ്.'

സ്ത്രീ തൊഴിലാളി പറയുന്നു.

അധ്വാനത്തിന് അനുസരിച്ചുള്ള വേതനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കായി വലിയ തോതിൽ കടം വാങ്ങാൻ നിർബന്ധിതരാകുന്നു. ഒരിക്കലും അവസാനിക്കാത്ത കടക്കെണിയിലേക്ക് ഇത് നയിക്കുന്നു. ആയാസമുള്ള ജോലിക്ക് അതിനനുസരിച്ചുള്ള ശന്പളം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പകുതിയിലധികം സ്ത്രീ തൊഴിലാളികളും യൂണിയന് പുറത്ത്

‘കേരളത്തിലെ ഏലം തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളിൽ ഏകദേശം 40 ശതമാനത്തോളം പേർക്ക് മാത്രമേ യൂണിയൻ മെമ്പർഷിപ്പ് ഉള്ളൂ. വലിയ എസ്റ്റേറ്റുകളിലും ചെറുകിട തോട്ടങ്ങളിലും യൂണിയൻ സാന്നിധ്യമുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികളും ഇപ്പോഴും സംഘടനകൾക്ക് പുറത്താണ്. അഞ്ച് ഏക്കറിന് മുകളിലുള്ള വലിയ തോട്ടങ്ങളിൽ ചിലതിൽ തൊഴിലാളികൾക്കായി ലയങ്ങളും താമസ സൗകര്യങ്ങളും ഉടമകൾ തന്നെ ഒരുക്കി നൽകാറുണ്ട്. സ്ഥിരം തൊഴിലാളികൾക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നിലവിലുണ്ട്. തോട്ടത്തിലെ ആദായവും ലേലവിലയും പരിഗണിച്ച് നിശ്ചയിക്കുന്ന ബോണസ്, വർഷത്തിൽ ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയ സിക്ക് അലവൻസ്, 13 ദിവസത്തെ ഫെസ്റ്റിവൽ ലീവ് എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ, 350 രൂപയുടെ കമ്പിളി അലവൻസും, ഓരോ 20 ജോലി ദിവസത്തിനും ഒരു ശമ്പളത്തോടു കൂടിയ അവധിയും (Leave with wages) ഇവർക്ക് ലഭിക്കുന്നു. സർവീസ് അവസാനിപ്പിക്കുമ്പോൾ ഓരോ വർഷത്തേക്കും 15 ദിവസത്തെ ശമ്പളം എന്ന നിരക്കിൽ സർവീസ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് അർഹതപ്പെട്ടതാണ്.’ തൊഴിലാളി യൂണിയൻ നേതാവ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ വൻപ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇത് സ്ത്രീ തൊഴിലാളികളുടെ തൊഴിലിനെയും തൊഴിൽ സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും 2018-ലെ പ്രളയവും തോട്ടം മേഖലയെ തകർത്തെറിഞ്ഞു. ഇടുക്കിയിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ പതിനായിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചു. പ്രളയത്തിന് ശേഷം കാർഷികനഷ്ടം കാരണം പല തൊഴിലാളികളുടെയും വരുമാനം ഇല്ലാതായി. കടബാധ്യതകൾ തീർക്കാൻ കഴിയാതെ പല കുടുംബങ്ങളും മാനസികമായ തകർച്ച നേരിട്ടു. കുറച്ച് വർഷങ്ങളായി പ്രകടമാകുന്ന കാലം തെറ്റി പെയ്യുന്ന മഴയും കൊടിയ വേനലും കാർഷിക മേഖലയിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. കൊടുംമഴയത്തും കാറ്റത്തും ഏലക്കാടുകളിൽ ഭീതിയോടെയാണ് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നത്. മരങ്ങൾ കടപുഴകിവീഴുമോ? മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുതലായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ആശങ്കകൾക്കിടയിലാണ് ഓരോ ദിവസവും ഇവർ ജോലിക്കിറങ്ങുന്നത്. കൊടുംവേനലിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആശങ്കകളും വെല്ലുവിളികളാണ്. മാത്രമല്ല, ചൂടിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിവിശേഷവും കഴിഞ്ഞ കുറച്ചുകാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രണ്ട് മാസത്തോളം ജോലിയില്ലാതെ പ്രതിസന്ധിയിലാകുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിതം ദുരിതമയമാണ്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ തലത്തിൽ ഈ തൊഴിലാളികൾക്കും ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.

പുതിയ തലമുറ ഏലക്കാടുകളിലെ ജോലികളിൽനിന്നു പൂർണ്ണമായി വിട്ടുനിൽക്കാനുള്ള ശ്രമത്തിലാണ്. മക്കൾ ആരും തന്നെ ഈ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് ഭൂരിഭാഗം സ്ത്രീതൊഴിലാളികളും പറയുന്നത്. തങ്ങൾ നേരിടുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുംതലമുറയ്ക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഇടുക്കിയുടെ ഏലത്തോട്ടങ്ങളിൽ വലിയ തോതിൽ തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. ഇപ്പോൾ ബംഗാൾ, അസം, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് തോട്ടങ്ങളിൽ അധികവും ജോലി ചെയ്യുന്നത്. എന്നാൽ, അവധിക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പല തൊഴിലാളികളും തിരികെ എത്താൻ വിമൂഖത കാണിക്കുന്ന പ്രവണതയും ഇപ്പോഴുണ്ട്. ഇത് ചെറുകിട കർഷകരെ അടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വന്യമൃഗശല്യം

വന്യമൃഗശല്യവും സ്ത്രീ തൊഴിലാളികൾ നേരിടുന്ന വലിയെ വെല്ലുവിളിയാണ്. കാട്ടുപന്നികളും കുരുങ്ങുകളും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം പലപ്പോഴും ഇല്ലാതാക്കുന്നു. കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്കേറ്റ തൊഴിലാളികളും തലനാരിഴയ്ക്ക് ആക്രമത്തിൽനിന്ന് രക്ഷപ്പെട്ടവരും നിരവധിയാണ്. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരമാണ് ഇവർ ആവശ്യപ്പെടുന്നത്. സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ പ്രഖ്യപിക്കപ്പെടുന്നുണ്ടെങ്കിലും പരിഹാരം ഇപ്പോഴും അകലെയാണ്.

വേണം സർക്കാർ തലത്തിൽ സഹായം

ബോണസോ മറ്റ് അലവൻസുകളോ സഹായമോ ലഭിക്കാത്ത വലിയ വിഭാഗം സ്ത്രീ തൊഴിലാളികൾ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കേരള കാർഷിക തൊഴിലാളി ക്ഷേമനിധി ബോർഡ് കാർഷിക മേഖലയിലെ അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്. ബോർഡിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് നിശ്ചിത അംഗത്വകാലവും വിഹിത അടവും പൂർത്തിയാക്കിയാൽ വാർധക്യ പെൻഷൻ, കുടുംബ പെൻഷൻ, ചികിത്സാ ധനസഹായം, അപകടം മൂലമുള്ള പരിക്കിനും സ്ഥിരവൈകല്യത്തിനുമുള്ള സാമ്പത്തിക സഹായം, അംഗത്തിന്റെ മരണാനന്തര ധനസഹായം, ശവസംസ്കാര ചെലവിനുള്ള സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, മക്കളുടെ വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

ഓരോ ആനുകൂല്യത്തിനും ബോർഡ് നിശ്ചയിച്ചിരിക്കുന്ന പ്രത്യേക അർഹതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അപേക്ഷകൻ സജീവ അംഗമായിരിക്കണം, നിശ്ചിത കാലയളവിലെ വിഹിതം കൃത്യമായി അടച്ചിരിക്കണം, കൂടാതെ ഓരോ ആനുകൂല്യത്തിനും ആവശ്യമായ അംഗത്വകാലം പൂർത്തിയാക്കിയിരിക്കണം. എന്നാൽ പലപ്പോഴും ഇവ സ്ത്രീകർഷക തൊഴിലാളികളിലേക്ക് കൃത്യമായി എത്താതെ വരുന്ന സാഹചര്യമുണ്ട്. മാത്രമല്ല, അർഹമായ സഹായങ്ങൾ ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട സ്ഥിതിയുമുണ്ട്.

ക്ഷേമനിധി പോലുള്ള സഹായസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

ഏലം തോട്ടങ്ങളിലെ കണ്ണീർ മാറുമോ?

കേരളത്തിലെ ഏലം, തോട്ടം മേഖലകളിൽ പണിയെടുക്കുന്ന ഭൂരിഭാഗം സ്ത്രീ തൊഴിലാളികളും ദിവസ വേതന അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നതെന്നും ഇവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ടെന്നും തൊഴിൽ വകുപ്പിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു. എസ്റ്റേറ്റുകളിൽ സ്ത്രീകൾക്ക് ആവശ്യമായ ശൗചാലയ സൗകര്യങ്ങൾ നിലവിൽ വളരെ പരിമിതമാണെന്നും തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി ഇവ വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തൊഴിൽ വകുപ്പ് അറിയിച്ചു.

തോട്ടങ്ങളിലെ കാടുകൾ യഥാസമയം വെട്ടിത്തെളിക്കാത്തത് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യം വർദ്ധിപ്പിക്കുന്നത് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്നുണ്ട്. കൂടാതെ, കീടനാശിനികളുടെ അമിത ഉപയോഗം മൂലം തൊഴിലാളികൾക്ക് ശ്വാസകോശ, ചർമ്മരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് പ്രതിരോധിക്കാൻ ആവശ്യമായ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുണ്ടെന്ന് ഇൻസ്പെക്ടർമാർ ഉറപ്പാക്കുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

ക്ഷേമനിധി വിഹിതം വിരമിക്കൽ സമയത്ത് തിരികെ ലഭിക്കാത്തത് കാരണം പുതിയ അംഗങ്ങൾ ചേരാൻ വിമുഖത കാണിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. തോട്ടങ്ങൾക്ക് സമീപം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായത് തൊഴിലാളികളുടെ മക്കളുടെ പഠനത്തെ ബാധിക്കുന്ന വിഷയവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി അടിയന്തരമായി നടപ്പിലാക്കേണ്ട നാല് പ്രധാന ശുപാർശകളും തൊഴിൽ വകുപ്പ് മുന്നോട്ടുവെക്കുന്നു. വീടില്ലാത്ത തൊഴിലാളികൾക്ക് 'ലൈഫ്' പദ്ധതിയിലൂടെ ഭവനമൊരുക്കാനും, ജോലിസ്ഥലത്തെ അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും വകുപ്പ് നിർദ്ദേശിക്കുന്നു. പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി സ്ത്രീ തൊഴിലാളികളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ പ്രത്യേക സുരക്ഷാ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്നും മറുപടിയിൽ നിർദേശിക്കുന്നു.

കർഷകന്റെ വിജയകഥയ്ക്കൊപ്പം പറയപ്പെടാതെ പോകുന്ന ഈ അധ്വാനജീവിതങ്ങളാണ് ഇടുക്കിയുടെ ഏലക്കാടുകളുടെ നിശ്ശബ്ദ ശക്തി. സുഗന്ധവ്യഞ്ജനങ്ങളുടെ കിരീടം വെക്കാത്ത രാജകുമാരിയാണ് ഏലം. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ ഏലത്തിന് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. മണ്ണിനോടും പ്രകൃതിയോടും ചേർന്ന്, കാണപ്പെടാത്ത കൈകളിലൂടെ പാകപ്പെടുന്ന ഈ സുഗന്ധവിള, സ്ത്രീ തൊഴിലാളികളുടെ സഹനത്തിന്റെയും അധ്വാനത്തിന്റെയും കൂടി ഫലമാണ്. ഇവരുടെ ജീവിതത്തിന് മാറ്റം വരണമെങ്കിൽ വ്യവസ്ഥാപിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അധ്വാനത്തെ മാനിക്കുന്ന സാഹചര്യവും അർഹമായ വേതനവും അന്തസ്സുള്ള ജീവിതവുമാണ് ഇവർ ആഗ്രഹിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ സർക്കാർ തലത്തിലുള്ള സഹായഹസ്തങ്ങൾ ഈ കർഷക തൊഴിലാളികൾക്കും സമയബന്ധിതമായി ലഭ്യമാക്കേണ്ടതുണ്ട്.