കട്ടപ്പന: പശ്ചമേഷ്യയിൽ നാളുകളായി തുടരുന്ന സംഘർഷത്തിന് ഈയാഴ്ച അയവുണ്ടാകുമെന്ന കണക്കുകൂട്ടലിൽ വ്യാപാരികൾ ഏലയ്ക്ക സ്റ്റോക്ക് എടുത്ത് തുടങ്ങിയതോടെ വിലയിൽ നേരിയ വർധന.

To advertise here,

ശരാശരി വില 2500-ൽനിന്ന് 2800 രൂപ വരെയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ ആദ്യമായാണ് വില ഉയരുന്നത്. ഗുണമേന്മയേറിയ ഏലക്കായ്ക്ക് ഓൺലൈൻ ലേലത്തിൽ 3500 രൂപ വരെയും വില ലഭിക്കുന്നുണ്ട്. ഇതോടെ കർഷകരും വ്യാപാരികളും ഏലയ്ക്ക വ്യാപകമായി സംഭരിക്കുന്നുമുണ്ട്.

ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് മൂന്ന് മാസമായി ഏലയ്ക്ക കയറ്റുമതി കുറഞ്ഞിരുന്നു. അമേരിക്കയുമായുള്ള ചർച്ചയിൽ പുരോഗതി കണ്ടതോടെ കയറ്റുമതി വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

വേനൽമഴ ലഭിക്കാതായതോടെ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ ഏലച്ചെടിക്ക് ഉണക്ക് ബാധിച്ചിരുന്നു. നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം വർധിച്ചിട്ടില്ല. ഇതും വില ഉയരാൻകാരണം. ഇതോടെ മുൻപ് രണ്ടുലക്ഷം രൂപവരെ ഏക്കറിന് നൽകി പാട്ടത്തിന് എടുത്തിരുന്ന കർഷകർ കൂടുതൽ തുക നൽകാൻ തയ്യാറാകുന്നുണ്ട്.

2019 ഓഗസ്റ്റിൽ ഏലം വില കുത്തനെ ഉയർന്നിരുന്നു അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ 7000 രൂപ വരെ കിലോയ്ക്ക് ലഭിച്ചു. കട്ടപ്പന കമ്പോളത്തിലും ശരാശരി 6000 രൂപയോളം ലഭിച്ചെങ്കിലും പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 950 രൂപവരെ എത്തി.