കാട്ടുജാതിപത്രിക്ക് ഇത്തവണ കിട്ടിയത് റെക്കോഡ് വില. മുൻവർഷങ്ങളിൽ 350 മുതൽ 400 രൂപ വരെ ലഭിച്ചിരുന്ന കാട്ടുജാതിപത്രിക്ക് ഇത്തവണ 750-800 രൂപവരെ ലഭിച്ചു. വേണ്ടത്ര പരിചരണമോ ജലസേചനമോ ഇല്ലാതെ കാട്ടുജാതിയിൽനിന്നും ആദായം കിട്ടുന്നതിനാൽ കർഷകർക്ക് ഏറെ നേട്ടമാണ്. ആഴത്തിൽ വേര് ഓടുന്നതിനാൽ വരൾച്ചയും കാട്ടുജാതിയെ ബാധിക്കാറില്ല. പത്രിക്ക് സാധാരണ ജാതിപത്രിയേക്കാൾ തൂക്കമുണ്ട്. നിറത്തിലുംഗന്ധത്തിലും വ്യത്യാസവുമുണ്ട്. മേയ് അവസാനം മുതൽ ഓഗസ്റ്റ് പാതിവരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ കാട്ടുജാതിപത്രി എത്തുന്നത്.

To advertise here,

ഉത്തർപ്രദേശിലേക്കാണ് കാട്ടുജാതിപത്രി കയറ്റുമതിചെയ്യുന്നത്. രാസവസ്തു നിർമാണ കമ്പനികളാണ് ഉപഭോക്താക്കളെന്നാണ് വ്യാപാരികൾ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ ഉള്ളവർക്ക് നാട്ടുജാതിപത്രിയുമായുള്ള വ്യത്യാസം എളുപ്പം തിരിച്ചറിയാൻ പറ്റില്ല. അതിനാൽ ഉത്തരേന്ത്യൻ മാർക്കറ്റിലെത്തിയ കാട്ടുജാതിപത്രി സാധാരണ ജാതിപത്രിയുമായി കലർത്തി വിറ്റഴിക്കാറുണ്ട്.

കുരുവിനും ആവശ്യമേറെ : 70-80 രൂപ ലഭിച്ചിരുന്ന കാട്ടുജാതിയുടെ കുരുവിന് 100-140 രൂപവരെ ഈ സീസണിൽ കിട്ടി. സാധാരണ ജാതിക്കുരുവിൽനിന്നും വ്യത്യസ്തമായി വലുപ്പവും കാഠിന്യവും കൂടുതലാണ് ഇവയ്ക്ക്. കാട്ടുജാതിക്കുരു, തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികളിലേയ്ക്കാണ് കയറ്റി അയയ്ക്കുന്നത്.

പ്രത്യേകത : മിരിസ്റ്റിക്ക മലബാറിക്ക എന്ന ശാസ്ത്രനാമമുള്ള ജാതിയോട് സാമ്യമുള്ള ചെടിയാണ് കാട്ടുജാതി. 15 മീറ്റർ വരെ ഉയരത്തിൽ മരങ്ങൾ വളരും. ആഴത്തിൽ വേരിറങ്ങി ജലം വലിച്ചെടുക്കാൻ കഴിവുള്ളതിനാൽ കാട്ടുജാതിയിലാണ് നാട്ടുജാതി ബഡ്ഡ് ചെയ്യുന്നത്. കേരളത്തിലും കർണാടകത്തിലും ഇവ കാണാം. കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇവ ധാരാളമായി വളരുന്നു.