നെടുമങ്ങാട്: നാണ്യവിളകളുടെ നാട്ടിൽ കർഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ട് തുടങ്ങിയ സ്ഥാപനമാണ് അന്താരാഷ്ട്ര മാർക്കറ്റ്. എന്നാൽ, ഇന്ന് ഈ സ്ഥാപനത്തിൽ പച്ചക്കറികളും ഇതര ഉത്‌പന്നങ്ങളും കൊണ്ടുവരുന്ന കർഷകരുടെ സ്ഥിതി ദയനീയമാണ്. എടുക്കുന്ന ഉത്‌പന്നങ്ങൾക്ക് കൃത്യമായി പണം ലഭിക്കുന്നില്ല.

To advertise here,

സമരം നടത്തുമ്പോഴാണ് എട്ടും പത്തും മാസത്തെ കുടിശ്ശികത്തുക കർഷകന് കൊടുക്കുന്നത്. വട്ടിപ്പലിശയ്ക്കു കടംവാങ്ങിയും സൊസൈറ്റികളിൽനിന്ന് വായ്പയെടുത്തും പാട്ട ഭൂമിയിൽ പൊന്നുവിളയിക്കുന്ന കർഷകരോടാണ് ഹോർട്ടികോർപ്‌സിന്റെ ഈ മാടമ്പി നയം. കർഷകന്റെ കണ്ണീർ കണ്ട് രണ്ടുവട്ടം മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടാണ് കർഷകർക്ക് പണം വാങ്ങിനൽകിയത്. അടിസ്ഥാനവില നിശ്ചയിച്ച് ലേലം നടത്തിയാണ് കർഷകർക്ക് പണം നൽകുന്നത്.

പുറത്തുനിന്നും കച്ചവടക്കാർ കർഷകരിൽനിന്നും എടുക്കുന്ന പച്ചക്കറിയുടെ ബാക്കി മുഴുവൻ ഹോർട്ടികോർപ്‌സാണ് മൂന്നുമാസം മുൻപുവരെ ശേഖരിച്ച് വില നൽകിയിരുന്നത്. എന്നാൽ, നിലവിലെ സ്ഥിതി അതല്ല.

കാബ്‌കോയുടെ ഇടപെടലുകളിൽ ദുരൂഹത

നന്നായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മാർക്കറ്റ് 2023 ഓഗസ്റ്റ് മാസത്തിൽ മുന്നറിയിപ്പില്ലാതെ കേരള അഗ്രി ബിസിനസ് കമ്പനി (കാബ്‌കോ)യ്ക്ക് കൈമാറി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് മൊത്തവ്യാപാര വിപണികളാണ് ഇത്തരത്തിൽ കാബ്‌കോ ഏറ്റെടുത്തത്. ചിങ്ങം ഒന്നിനായിരുന്നു ആധികാരികമായ കൈമാറ്റം.

യുവസംരംഭകർക്കും കർഷകർക്കും കാർഷിക ബിസിനസ് പദ്ധതികൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് കാബ്‌കോ പൊതുചന്തകൾ ഏറ്റെടുക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. മൂന്നരക്കോടി രൂപയ്ക്കാണ് മുപ്പതുവർഷത്തേക്ക്‌ കമ്പനിക്ക്‌ ചന്ത കൈമാറിയത്.

കോടിക്കണക്കിന് വിലവരുന്ന സ്ഥലവും കെട്ടിടങ്ങളും അടങ്ങുന്നതാണ് നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ്. കൃഷിവകുപ്പിൽ നിന്നും കമ്പനിയിലേക്കു മാറ്റംവന്നതോടെ അന്താരാഷ്ട്ര മാർക്കറ്റിന്റെ നടത്തിപ്പിലും ദുരൂഹതകളേറി. നിലവിൽ കാർഷിക വിപണിയിൽ നിന്നും കർഷകരെ തുരത്തി ഓടിക്കുന്നതിനാണ് അധികൃതരുടെ ശ്രമം.

കർഷകരിൽനിന്നും ഹോർട്ടികോർപ്‌ നാമമാത്രമായാണ് പച്ചക്കറി എടുക്കുന്നത്. കൊണ്ടുവരുന്ന പച്ചക്കറിയുടെ നാലിൽ ഒന്നുപോലും ഹോർട്ടികോർപ്‌ എടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ബാക്കിയുള്ള പച്ചക്കറി മാർക്കറ്റ് അധികൃതർതന്നെ പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിയുകയാണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ ടൺ കണക്കിന് പച്ചക്കറിയാണ് ഇത്തരത്തിൽ അഴുകിനശിച്ചത്. ഇവയ്‌ക്കൊന്നിനും ചില്ലിക്കാശുപോലും കർഷകർക്ക് ലഭിക്കില്ല. നിലവിൽ നെടുമങ്ങാട് മാർക്കറ്റിൽനിന്നും പച്ചക്കറി വേണ്ട എന്ന നിലപാടാണ് ഹോർട്ടികോർപ്‌സ് സ്വീകരിച്ചിരിക്കുന്നത്.

(കൃഷിവകുപ്പും ഹോർട്ടികോർപും രണ്ടുതട്ടിൽ; കർഷകർ ത്രിശങ്കുവിൽ അതേക്കുറിച്ച് നാളെ)