തൃശ്ശൂർ: 2020-ൽ, രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സജ്ജമാക്കിയ പ്രിയാ പ്രകാശനെത്തേടി കേന്ദ്രത്തിന്റെ 25 ലക്ഷം സമ്മാനമെത്തി. ഒരു കോടി മുടക്കി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയിൽ 3,894 നായകളെ വന്ധ്യംകരിച്ചു. 10 പേർക്ക് ഇവിടെ തൊഴിലും നൽകി.

To advertise here,

രാജ്യത്തെ മികച്ച വനിതാ സംരംഭകരിൽ ഒരാളായി ആദരിക്കപ്പെട്ട പ്രിയയുടെ സംരംഭം ഇപ്പോൾ കാട്ടിൽ തള്ളിയ നിലയിലാണ്. പൂമലയിലെ പുറംപോക്ക് സ്ഥലത്താണ് വണ്ടി ഇട്ടിരിക്കുന്നത്. നായ്ക്കളുടെ വന്ധ്യംകരണത്തിന് ആനിമൽ വെൽഫെയർ ബോർഡിന്റെ അക്രെഡിറ്റഡ് ഏജൻസിക്ക് മാത്രമാണ് അധികാരമെന്ന കോടതി ഉത്തരവാണ് തിരിച്ചടിയായത്. തദ്ദേശസ്ഥാപനങ്ങൾക്ക് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് വിലക്കില്ല. എന്നാൽ, ആരും വിളിക്കുന്നില്ല.

അതോടെ 2022 ഓഗസ്റ്റിൽ വണ്ടി കട്ടപ്പുറത്ത് കയറ്റേണ്ടിവന്നു. സ്വന്തമായി വീടില്ലാത്ത പ്രിയ വാഹനം നിർത്തിയിടാൻ വാടകസ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ കാലങ്ങളായി വാഹനം കട്ടപ്പുറത്തിട്ടതോടെ ഉടമ ഒഴിപ്പിച്ചു. പുതിയ വാടക സ്ഥലം കണ്ടെത്താനും വാടകത്തുക നൽകാൻ വഴിയില്ലാത്തതിനാലും പൂമലയിലെ പുറംപോക്കിൽ ഇടുകയായിരുന്നു.

24 ലക്ഷം ബാങ്ക് വായ്പ ബാക്കിയുണ്ട്. അതിനാൽ െപാളിച്ചു വിൽക്കാനാകില്ല. വായ്പ അടച്ചുതീർത്താൽ നബാഡിന്റെ ഒൻപതു ലക്ഷം സബ്സിഡി കിട്ടും. വെറ്ററിനറി നഴ്‌സായി ജോലി ചെയ്യവേയാണ് കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്റിലൂടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്.

‘ശ്രദ്ധ’ എന്ന് പേരിട്ട സംരംഭം രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്നായി തിരഞ്ഞെടുത്താണ് രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെ കേന്ദ്രം 25 ലക്ഷം നൽകിയത്. പ്രിയ ഇപ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ക്ലിനിക്കിൽ പാരാവെറ്റായി ജോലിചെയ്യുകയാണ്.