പന്തളം: അഗ്രംനട്ട് കിളിർപ്പിച്ച് കരിമ്പുകൃഷിചെയ്യുന്ന പഴയരീതി വിട്ട് മുകുളങ്ങൾ തൈകളാക്കി നടുന്ന പുതിയ പരീക്ഷണം പന്തളത്ത് വിജയം. പന്തളത്തിനടുത്ത് കടയ്ക്കാട്ടുള്ള ജില്ലാ കരിമ്പുവിത്തുത്പാദന കേന്ദ്രത്തിലാണ് മുകുളം നട്ട് കിളിർപ്പിച്ച കരിമ്പ് സമൃദ്ധമായ വിളഞ്ഞത്. മധുരം കൂടുതലുള്ള മാധുരി ഇനത്തിൽപ്പെട്ട കരിമ്പാണ് ഇവിടെ കൃഷിചെയ്തത്. കർഷകർക്ക് ആവശ്യമുള്ള തൈകളും ഇവിടെനിന്ന് മൂന്നുരൂപ നിരക്കിൽ വിതരണംചെയ്തുവരുന്നു.
കരിമ്പുകൃഷിയിൽനിന്നും കർഷകർ പിൻമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ രീതി പുത്തൻ ഉണർവുനൽകുന്നു. പുതുതായി 50 കർഷകരെ കരിമ്പുകൃഷിയിലേക്കാകർഷിക്കാൻ കഴിഞ്ഞതും പ്രതീക്ഷയായി.
കുറച്ച് വെള്ളം, കുറച്ച് വളം, കുറഞ്ഞ ഉത്പാദന ഉപാധികൾ എന്ന രീതിയാണ് പുതുതായി പരീക്ഷിക്കുന്നത്. കരിമ്പുകൃഷിക്ക് ഇടവിളയായി പച്ചക്കറി ഇനങ്ങൾ കൃഷിചെയ്യാമെന്നതും ഈ രീതിയുടെ പ്രത്യേകത. അഗ്രം നടുന്ന പഴയ സമ്പ്രദായത്തിൽ ഒരു മൂട്ടിൽനിന്നു എട്ടുമുതൽ പത്തുവരെ കരിമ്പ് കിട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ 21 എണ്ണംവരെ ലഭിക്കുന്നു. നടുന്നവ നൂറ് ശതമാനവും കിളിർക്കുമെന്നതും മേൻമ. മുകുളങ്ങൾ വേർപെടുത്തി എടുക്കുന്നതിനാൽ ബാക്കിയുള്ള കരിമ്പിൻതണ്ട് മുഴുവനും നീരെടുക്കാൻ ഉപയോഗിക്കാമെന്നതും ഗുണം. കരിമ്പിന്റെ അഗ്രത്തിലെ മുകുളങ്ങൾ വേർപെടുത്തി അത് കിളിർപ്പിച്ചാണ് നടുന്നത്.
ഒരു മണ്ടയിൽനിന്നും പത്ത് മുകുളങ്ങൾവരെ കിട്ടും. കൃഷിച്ചെലവ് പകുതിയോളം കുറയ്ക്കാമെന്നും കൃഷിവകുപ്പ് പറയുന്നു. അഞ്ചടി അകലത്തിൽ നടുന്ന തൈകൾക്കിടയിൽ ആദ്യ മൂന്ന് മാസം ഇടവിളയായി മുളക്, വഴുതന, കുറ്റിപ്പയർ, വെള്ളരി തുടങ്ങിയവ കൃഷിചെയ്യാം.
കോയമ്പത്തൂരിലെ ഷുഗർ കെയ്ൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും തൈകൾ ഉത്പാദിപ്പിക്കാനുള്ള പരിശീലനം നേടിയവരാണ് പന്തളത്ത് ഇത് വികസിപ്പിച്ചത്. കർഷകർക്കുകൂടി തൈകൾ ഉത്പാദിപ്പിക്കാനുള്ള പരിശീലനം നൽകിയാൽ ഈ രീതി വ്യാപിപ്പിക്കാനാകുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.
Content Highlights: Madhuri sugarcane farming
Published: 07 Jul 2024, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented