ചേളന്നൂർ(കോഴിക്കോട്): ചന്ദനത്തൈകൾ നട്ടുവളർത്തി കർഷകർക്ക് വരുമാനമുണ്ടാക്കാൻ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഒക്ടോബർ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപ്പന നടത്താനുള്ള നിയമനിർമാണം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും. ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്തുമെന്നും അദ്ദേഹം പറഞ്ഞു. വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കാൻ സാധിക്കും. സമഗ്രവനനയം പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കോളേജുകളെ നോളജ് പാർട്ണർ ഇൻസ്റ്റിറ്റ്യൂഷൻസായി പ്രഖ്യാപിച്ച് വനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സ്ഥിരപങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. വനശ്രീയിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ സ്കൂളുകൾക്കും കോളേജുകൾക്കും പുതുതായി അംഗീകാരം ലഭിച്ച സ്‌കൂളുകൾക്കും കോളേജുകൾക്കുമുള്ള ഉപഹാരങ്ങൾ മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ബീനാ ഫിലിപ്പ് എന്നിവർ ചേർന്ന് സമ്മാനിച്ചു. ‘അരണ്യം മാസിക’ സ്പെഷ്യൽ പതിപ്പ് പ്രകാശനം വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷയായി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.പി. ജയപ്രകാശ് വന്യജീവി വാരാഘോഷ സന്ദേശം നൽകി. എഴുത്തുകാരൻ റിഹാൻ റാഷിദ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. നൗഷീർ, കെ.ടി. പ്രമീള, സി.എം. ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, എ. സരിത, ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, ഹരിദാസൻ ഈച്ചരോത്ത്, ആയിഷബി, പി.കെ. കവിത, എൻ. രമേശൻ, എം.എസ്. തുഷാര, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആൻഡ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, വർക്കിങ് പ്ലാൻ ഓഫീസർ പി.കെ. ആസിഫ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ വി. സന്തോഷ് കുമാർ, യു. ആഷിഖ് അലി, അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ എ.പി. ഇംതിയാസ്, സത്യപ്രഭ, കെ. നീതു, ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പി. കുമാർ, ഡോ. ഇ.എസ്. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. വയനാട് വന്യജീവി സങ്കേതം അസി. ഫോറസ്റ്റ് കൺസർവേറ്റർ എം. ജോഷിൽ നയിച്ച വൈൽഡ് ലൈഫ് ക്വിസും നടന്നു.
Content Highlights: Kerala Forest Minister launches initiative to promote sandalwood cultivation and sales, empowering farmers with income generation opportunities. One crore saplings to be planted.
Published: 04 Oct 2025, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented