തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തി. ജൂലായ്‌ മൂന്ന് മുതലുള്ള ബില്ലുകൾക്ക് മുൻകാലപ്രാബല്യം നൽകി ധനവകുപ്പ് ഉത്തരവിറക്കി. കർഷകരെ സഹായിക്കുന്നതിനുള്ള റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ താങ്ങുവില 250 ആക്കുമെന്ന് പറഞ്ഞിരുന്നു.

To advertise here,

ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവില ഉയർത്തണമെന്ന്‌ കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളുടെയും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. പ്രാദേശികവിപണിയിൽ നിലവിൽ റബ്ബറിന് കിലോഗ്രാമിന് 274 രൂപവരെ ലഭിക്കുന്നുണ്ട്. വില താഴ്ന്നാൽ കർഷകർക്ക് വലിയ പിന്തുണയാകും. 250 രൂപയിൽ താഴ്ന്നാൽ വ്യത്യാസം സർക്കാർ നൽകും. നിലവിൽ അന്താരാഷ്ട്രവിപണിയിൽ റബ്ബറിന് 300 രൂപവരെ വില ലഭിക്കുന്നുണ്ട്. ടയർ വ്യവസായത്തിൽ ആവശ്യകത വർധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് റബ്ബർ വില ഉയരാൻ കാരണമായത്.