കൊല്ലം: സംസ്ഥാനത്തെ കർഷകരിൽനിന്ന് കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കുന്നതിൽ എതിർപ്പറിയിച്ച് കേരളം. താങ്ങുവിലയിനത്തിൽ കേരളത്തിന് ലഭിക്കേണ്ട 1,108 കോടി രൂപ തടഞ്ഞുവെച്ചശേഷം നെല്ല് സംഭരണത്തിനിറങ്ങുന്ന നടപടിയാണ് സംസ്ഥാനം ചോദ്യംചെയ്യുന്നത്.

To advertise here,

കേന്ദ്ര-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിനു കീഴിലെ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷനാണ് പാലക്കാട്, തൃശ്ശൂർ, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് നെല്ല് സംഭരിക്കാൻ സാധ്യത തേടിയത്. എന്നാൽ ഈ വിവരം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഫെഡറൽ സഹകരണത്തെ ലംഘിച്ചുകൊണ്ടുള്ള നീക്കമായാണ് സംസ്ഥാനം ഇതിനെ വിലയിരുത്തുന്നത്.

വർഷങ്ങളായി സംസ്ഥാനത്ത് സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ലുസംഭരണം നടത്തിവരികയാണ്. കർഷകതാത്പര്യം മുൻനിർത്തി, നെല്ലിന്റെ ഗുണമേന്മ കണക്കിലെടുക്കാതെയാണ് സംഭരണം. എന്നാൽ വിപണനസാധ്യതയുള്ള നെല്ലുമാത്രം കച്ചവടതാത്പര്യത്തോടെ കേന്ദ്ര ഏജൻസി സംഭരിക്കാൻ തയ്യാറെടുപ്പ് നടത്തുന്നെന്നാണ് സംസ്ഥാനത്തിന്റെ ആക്ഷേപം.

കർഷകതാത്പര്യങ്ങൾക്കു വിരുദ്ധമായ നടപടികളാണ് കേന്ദ്രത്തിൽനിന്നുണ്ടാകുന്നതെന്ന് സംസ്ഥാനം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ സംഭരണവർഷംവരെ നെല്ലിന് 23 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. ഇത് അപര്യാപ്തമാണെന്നും ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങെങ്കിലും താങ്ങുവിലയായി നൽകണമെന്നുമാണ് കേരളത്തിന്റെ നിലപാട്. കൂലിച്ചെലവും പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യവും കേന്ദ്രം അവഗണിച്ചതായി സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.