തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ. ഓരോ ജില്ലയിലും കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ്. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പാക്കുന്നത്. ഉത്പാദക യൂണിറ്റുകൾക്കൊപ്പം സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങൾ, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്പോസ്റ്റ്, പായ്ക്ക് ഹൗസ്, കൂൺ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്സിഡി ലഭ്യമാക്കും.
ഉത്പാദനോപാദികൾ കൂൺ വില്ലേജിനുള്ളിൽ ലഭ്യമാക്കും. കൂൺ വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്യും. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും രണ്ടു വൻകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും മൂന്ന് കൂൺ സംസ്കരണ യൂണിറ്റുകളുടെയും രണ്ടു പായ്ക്ക് ഹൗസുകളുടെയും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളുടെയും പ്രവർത്തനങ്ങളാണ് 20 ബ്ലോക്കുകളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുക.
രണ്ടു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന ഈ പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷകസംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫോൺ: 0471 2330856, 2330857.
കൂൺ മാഹാത്മ്യം
നാരുകളും പ്രോട്ടീനും അടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂൺ. കൂടാതെ വൈറ്റമിൻ ബി കോംപ്ലക്സുകളായ നിയാസിൻ, റൈബോഫ്ളാവിൻ, പാന്റോത്തെനിക് ആസിഡ്, വിറ്റാമിൻ-ഡി, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറവാണെന്നു മാത്രമല്ല, മനുഷ്യശരീരത്തിലെ വിറ്റാമിൻ-ഡി സംശ്ലേഷണത്തിന് സഹായകമായി പ്രവർത്തിക്കുന്ന എർഗോസ്റ്ററോളും കൂണിലുണ്ട്. ഒട്ടേറെ മൂല്യവർധിത ഉത്പന്നങ്ങളും കൂണിൽനിന്ന് തയ്യാറാക്കാം.
കൃഷിരീതി
കുറഞ്ഞചെലവിൽ കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം ലഭിക്കുന്ന സംരംഭമാണ് കൂൺകൃഷി, അധികം സ്ഥലം അവശ്യമില്ല. വൈക്കോലിനു പുറമേ, അറക്കപ്പൊടി, വാഴത്തണ്ട്, കരിമ്പിൻചണ്ടി തുടങ്ങി വിവിധ മാധ്യമങ്ങളിൽ ചിപ്പിക്കൂൺ വളരും. പോളിപ്രൊപ്പിലീൻ കവറുകളിൽ 2.5 ഇഞ്ച് കനത്തിൽ ഇവ അമർത്തിനിറയ്ക്കുക. ശേഷം ചുറ്റിലും കൂൺവിത്തുവിതറും. മുറികളിൽ ചാക്കോ കർട്ടനോകൊണ്ട് മറച്ച് ഇരുണ്ട അന്തരീക്ഷം സൃഷ്ടിക്കാം. വായുസഞ്ചാരത്തിനായി ദ്വാരങ്ങൾ ഇടാം. 14 ദിവസം കഴിയുമ്പോൾ ഇരുണ്ട അന്തരീക്ഷം മാറ്റി നല്ല വായുപ്രവാഹമുള്ള വളർത്തുമുറികളിലേയ്ക്കു മാറ്റണം. കൂൺമൊട്ടുകൾ മൂന്നു-നാലു ദിവസത്തിനുള്ളിൽ പുറത്തുവരാൻ തുടങ്ങും. രണ്ടു-മൂന്നു ദിവസത്തിനുള്ളിൽ വിളവെടുപ്പും നടത്താം.
Content Highlights: ₹30.25 crore project for mushroom cultivation in Kerala
Published: 28 Dec 2024, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented