വടകര: ഇളനീരൊന്നിന് ചുരുങ്ങിയത് 40 രൂപയുണ്ട് വിപണിയില്‍. തേങ്ങയ്ക്ക് കിട്ടുന്നതോ വെറും 10 രൂപ. എന്നാലും ഇളനീര്‍ക്കുല വെട്ടി വില്‍ക്കുമോ കേരകര്‍ഷകര്‍... ഇല്ലെന്നതാണ് കൃഷിയിടങ്ങളിലെയും വിപണിയിലെയും അനുഭവം. കേരളത്തിലെത്തുന്ന ഇളനീരില്‍ 80 ശതമാനവും ഇപ്പോഴും തമിഴ്നാടിന്റെയും കര്‍ണാടകയുടേതുമാണ്.

To advertise here,

ആരോഗ്യപാനീയമെന്ന നിലയില്‍ ഇളനീരിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമായിട്ടും കേരളം ഇളനീരിനായി തെങ്ങു കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടില്ല. തേങ്ങയ്ക്കുവേണ്ടിമാത്രം കൃഷിചെയ്യുക എന്ന പരമ്പരാഗതരീതിയാണ് ഇപ്പോഴും.

നാളികേരവികസന ബോര്‍ഡ് കണക്കുപ്രകാരം രാജ്യത്തെ ആകെ നാളികേര ഉത്പാദനത്തിന്റെ 12 മുതല്‍ 15 ശതമാനം വരെയാണ് ഇളനീരിന്റെ വിഹിതം. കേരളത്തില്‍ ഇത് അഞ്ച് ശതമാനത്തിലും താഴെയാണ്. തമിഴ്നാട്ടില്‍ 12.48 ശതമാനം തെങ്ങ് ഇളനീരിനുമാത്രമായി കൃഷിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം ഇളനീര്‍ തെങ്ങുകൃഷിയുടെ വലിയ ബ്ലോക്കുകളുണ്ട്. അതും കുറിയ ഇനങ്ങള്‍ മാത്രം. കേരളത്തില്‍ ഇത്തരം ബ്ലോക്കുകള്‍ വളരെ കുറവാണ്. കേരളത്തിലെ കൃഷിഭൂമി തുണ്ടുകളായി വിഭജിക്കപ്പെട്ടതാണ് ഇതിന്റെ പ്രധാനകാരണം.

കുറിയ ഇനങ്ങളാണ് ഇളനീരിന് അനുയോജ്യമെങ്കിലും കേരളത്തിലെ 90 ശതമാനം തെങ്ങുകളും ഉയരം കൂടിയ നാടന്‍ ഇനങ്ങളാണ്. ഇവയിലെ ഇളനീര്‍ ഏറെ ഗുണമുള്ളതാണെങ്കിലും വിളവെടുപ്പാണ് പ്രശ്‌നം. കുലകള്‍ കെട്ടിയിറക്കുക വിഷമകരമാണ്. ഇളനീര്‍ വെട്ടി വില്‍ക്കുക കുറച്ചിലായി കാണുന്ന കര്‍ഷകരാണ് ഏറെയും. ഇതിന് മാറ്റം വരണമെങ്കില്‍ ഇളനീരിനുമാത്രമായുള്ള കുറിയഇനം തെങ്ങുകളുടെ കൃഷിക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ദിവസം വേണം, രണ്ടുലക്ഷം ഇളനീര്‍

2014-ല്‍ സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. എസ്. ജയശേഖറും സംഘവും ഇളനീരിന്റെ വിപണിയെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രം ഒരുദിവസം ശരാശരി 10,066 ഇളനീര്‍ വില്‍ക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തി. സീസണില്‍ ഇത് 14,000 വരെയാകും. വില്‍പ്പനവിലയുടെ 47 ശതമാനം തുക കര്‍ഷകനാണ് കിട്ടുന്നത്. പക്ഷേ, ഇളനീരിന്റെ 70 ശതമാനവും വരുന്നത് കര്‍ണാടകയില്‍നിന്നാണ്. ഇതിനുശേഷം കാര്യമായ പഠനങ്ങളൊന്നും ഈ മേഖലയില്‍ നടന്നിട്ടില്ല. 

ഈ കണക്കില്‍ കേരളത്തില്‍ ഇന്ന് ഒരുദിവസം ചുരുങ്ങിയത് രണ്ടുലക്ഷത്തോളം ഇളനീരെങ്കിലും വേണം. ഇത് വിറ്റാല്‍ ചുരുങ്ങിയത് 80 ലക്ഷം രൂപ കിട്ടും. ഇതില്‍ ഏതാണ്ട് 40 ലക്ഷം രൂപയും കര്‍ഷകന് കിട്ടേണ്ടതാണ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പോകുന്നത് മറ്റ് സംസ്ഥാനങ്ങളിലേക്കാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള പഠനം നടത്തി ഇളനീരിനായുള്ള തെങ്ങുകൃഷിക്കും വിപണനത്തിനും ശാസ്ത്രീയമായ പദ്ധ തികള്‍ വേണമെന്ന ആവശ്യമാണുയരുന്നത്. നാളികേര വികസന ബോര്‍ഡ് ഇത്തരത്തിലൊരു പഠനം തുടങ്ങിയിട്ടുണ്ട്.
 

ഇളനീരിന് യോജിച്ചത്

സി.പി.സി.ആര്‍.ഐ. മാത്രം 21 തെങ്ങിനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇളനീരിന് യോജിച്ചത് കുറിയ ഇനം തെങ്ങാണ്. ഇതില്‍ പ്രധാനം ചാവക്കാട് കുറിയ ഓറഞ്ചാണ്. 350 മില്ലി വെള്ളം കിട്ടും. ചാവക്കാട് കുറിയ പച്ച, മലയന്‍ മഞ്ഞ, മലയന്‍ പച്ച, ഗംഗാബോണ്ടം എന്നിവയും ഇളനീരിന് അനുയോജ്യം. ചൂഷണവും തട്ടിപ്പുമില്ലാതെ ഇത്തരം ഇനങ്ങളുടെ തൈകള്‍ കര്‍ഷകര്‍ക്ക് ലഭിക്കാനും സൗകര്യം ഒരുക്കേണ്ടതുണ്ട്.