മറയൂർ: കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോർഡ് വിലയാണ് വെളുത്തുള്ളിക്ക് ലഭിച്ചത്. കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിച്ചു. കഴിഞ്ഞ സീസണിൽ 250 രൂപ മുതൽ 300 രൂപയാണ് ലഭിച്ചത്.

To advertise here,

വലുപ്പം കൂടിയ വെളുത്തുള്ളിക്കാണ് നല്ല വില ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവുംവലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് കാന്തല്ലൂർ കർഷകർ വെളുത്തുള്ളി വിൽക്കുന്നത്. ഒരുകിലോ വെളുത്തുള്ളി വടുകുപ്പെട്ടി വിപണിയിൽ എത്തിക്കുന്നതിന് വാഹനക്കൂലി മൂന്നുരൂപ വരുമെങ്കിലും നല്ലവില ലഭിച്ചതിനാൽ കർഷകർ ഏറെ സംതൃപ്തരാണ്.

ഗുണമേൻമയുള്ള കാന്തല്ലൂർ, വട്ടവട മലപ്പൂണ്ടിന് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്താറില്ല.

സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പും സംഭരിക്കാറില്ല. എന്നാൽ തമിഴ്നാട്ടിലെ വടുകുപ്പെട്ടി, മേട്ടുപാളയം വിപണികളിൽ കർഷകന് നല്ലവിലയും ഉടനടിപണവും ലഭിക്കുന്നു. അതിനാൽ, കാന്തല്ലൂരിലെ ഭൂരിപക്ഷം കർഷകരും വെളുത്തുള്ളി കൃഷിചെയ്യുന്നു.

കാട്ടാനക്കൂട്ടത്തെയും കനത്തമഴയെയും പ്രതിരോധിച്ചാണ് ഇത്തവണ വിളവെടുത്തത്. കാട്ടാന പാതിവിളവും ചവിട്ടി നശിപ്പിച്ചു. കാട്ടാനക്കൂട്ടം ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ഇത്തവണ നല്ലവിളവും ലഭിക്കുമായിരുന്നു.