
മത്സ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഐവി ജോസിനും കെ.ജി. രതികുമാരിക്കും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ രതികുമാരിക്ക് നേട്ടമായത്.
ഇരുവരെയും സി.എം.എഫ്.ആർ.ഐയിൽ നടന്ന വനിതാദിനത്തിൽ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചു. രണ്ടുപേരും സി.എം.എഫ്.ആർ.ഐയുടെ സയൻസ്-ടെക്നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്.
ഐവിസ് അഗ്രോഹബ്ബും ഡിയർ ഗപ്പിയും
മുനമ്പം ഹാർബറിനടുത്ത് 'ഐവിസ് അഗ്രോഹബ്' എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് ഐവി ജോസ്. വർഷങ്ങൾക്ക് മുമ്പ് സി.എം.എഫ്.ആർ.ഐയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നാണ് മത്സ്യവളനിർമാണത്തിൽ പരിശീലനം നേടിയത്. പരിസരമലിനീകരണത്തിന് കാരണമാകുന്ന മത്സ്യ അവശിഷ്ടങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നമെന്ന ആശയമാണ് ഐവിയെ വളനിർമാണരംഗത്തേക്ക് നയിച്ചത്.
സംരംഭക്ത്വ വികസനത്തിൽ സി.എം.എഫ്.ആർ.ഐയുടെ എസ്ടിഐ ഹബ്ബ് പദ്ധതിയുടെ സഹായം ഏറെ പ്രയോജനകരമായെന്ന് അവർ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയിൽ ലഭിച്ച ശാസ്ത്രീയമായ പരിശീലനങ്ങളും അതനുസരിച്ചുള്ള ചിട്ടയായ പ്രവർത്തനങ്ങളുമാണ് രതികുമാരിയെ മികച്ച സംരംഭകയാകാൻ സഹായിച്ചത്. 'ഡിയർ ഗപ്പി' എന്ന പേരിൽ നടത്തുന്ന അലങ്കാരമത്സ്യ ഫാമിൽ വിവിധയിനം മീനിനങ്ങൾ ലഭ്യമാണ്.
ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എന്‍.എഫ്.ഡി.ബി.) കൊച്ചിയിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയാണ് രതികുമാരിയുടെ വളർച്ചയിൽ വഴിത്തിരിവായത്. സി.എം.എഫ്.ആർ.ഐയിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങളും തുണയായി. സി.എം.എഫ്.ആർ.ഐ സംഘം ഫാം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. കുടുംബ വരുമാനത്തിന്റെ 50 ശതമാനത്തോളം അലങ്കാരമത്സ്യ ഫാമിലൂടെ കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് രതികുമാരി പറഞ്ഞു.
സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടണം - ചിത്ര അരുണ്‍
സി.എം.എഫ്.ആർ.ഐയിൽ നടന്ന വനിതാദിനാഘോഷ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക ചിത്ര അരുണായിരുന്നു മുഖ്യാതിഥി. സാമ്പത്തിക സ്വാശ്രയത്വം നേടുന്നത് സത്രീക്ക് കൂടുതൽ കരുത്തു നൽകുമെന്ന് അവർ പറഞ്ഞു. ആത്മാഭിമാനത്തോടെ ജീവിതം നയിക്കാൻ സാമ്പത്തിക ഭദ്രത സഹായിക്കും. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ തൊഴിൽ-സംരംഭകത്വ മേഖലകളിൽ സ്ത്രീകൾക്ക് മുന്നേറാനാകും.
ഈ രംഗത്ത് സത്രീപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബങ്ങളിൽ നിന്നുള്ള പിന്തുണയും പ്രധാനമാണ്. സത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. വീട്ടുജോലിയിലും മറ്റ് കാര്യങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യപങ്കാളിത്തമാണുള്ളതെന്ന് ചെറിയപ്രായങ്ങളിൽ തന്നെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും ചിത്ര അരുൺ പറഞ്ഞു.
സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ. വനിതാസെൽ ചെയർപേഴ്സൺ ഡോ. മിറിയം പോൾ ശ്രീറാം, മെംബർ സെക്രട്ടറി ഡോ. സന്ധ്യ സുകുമാരൻ എന്നിവർ സംസാരിച്ചു.
Content Highlights: ivy jose and rathikumari gets cmfri recognition
Published: 17 Mar 2024, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented