കോട്ടയം: യൂറോപ്യൻ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനു മുന്നോടിയായി രാജ്യങ്ങളുടെ ഗ്രേഡിങ് പുറത്തുവിട്ടപ്പോൾ ഇന്ത്യൻ റബ്ബറിന് ആശ്വാസം, നേട്ടം. പ്രകൃതിസൗഹൃദകൃഷി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. 2020-നുശേഷം ഇന്ത്യയിൽ വനംനശിപ്പിച്ച് റബ്ബർ തോട്ടങ്ങളുണ്ടാക്കാതിരുന്നതാണ് ഗുണമായത്.

To advertise here,

75 വർഷമായി റബ്ബർ ബോർഡ് പരിപാലിച്ച് വരുന്ന ഇന്ത്യൻ തോട്ടങ്ങളുടെ രജിസ്ട്രി യൂറോപ്യൻ യൂണിയൻ കമ്മിഷന് ലഭ്യമാക്കി. കൃഷിരീതി, കൃഷിയുടെ പഴക്കം, ഭൂവിവരം. നട്ട ഇനം, ടാപ്പിങ് രീതി, തൊഴിലാളികളുടെ എണ്ണം തുടങ്ങിയ അടിസ്ഥാനവിവരം ഇതിലുണ്ട്. 8.27 ലക്ഷം ഹെക്ടർ വരുന്ന ഇന്ത്യൻ തോട്ടങ്ങളിൽ 70 ശതമാനവും 50 മുതൽ 100 വർഷംവരെ പഴക്കമുള്ളതാണ്.

അപകടരഹിത വിഭാഗത്തിൽ വന്നുവെങ്കിലും കയറ്റുമതി നിയന്ത്രണനിയമത്തിന് മുന്നോടിയായി നടപ്പാക്കേണ്ട തോട്ടങ്ങളുടെ ജിയോടാഗിങ്, ബാച്ചുകളുടെ രജിസ്ട്രേഷൻപോലുള്ള കാര്യങ്ങൾ ഒഴിവാക്കാനാകില്ല. പക്ഷേ, തുറമുഖങ്ങളിൽ ചരക്ക് പരിശോധനയിൽ ഇളവ് കിട്ടും. ലോ റിസ്ക് കാറ്റഗറി എന്ന വിവരണം ചരക്കിന്റെ പാക്കറ്റിനുമേൽ രേഖപ്പെടുത്താം.

രാജ്യങ്ങളുടെ ക്ലാസുകൾ

  • പരമ്പരാഗത ഉത്പാദക രാജ്യങ്ങളിൽ ഇന്ത്യയ്ക്കൊപ്പം അപകടരഹിതമായി കൃഷി ചെയ്യുന്നവരുടെ വിഭാഗത്തിൽ തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ശ്രീലങ്ക, ചൈന, ഘാന എന്നിവയാണുള്ളത്
  • സ്റ്റാൻഡേഡ് റിസ്ക് വിഭാഗത്തിൽ കംബോഡിയ, ഐവറികോസ്റ്റ്, ഇൻഡൊനീഷ്യ, മലേഷ്യ

2026-ൽ എല്ലാ രാജ്യങ്ങളിലും യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങളുടെ പുനഃപരിശോധനയുണ്ടാകും. അപ്പോൾ ക്ലാസുകൾ മാറാം

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture