കൊച്ചി: രാജ്യത്തെ കാപ്പി ഉത്പാദനം കിതയ്ക്കുമ്പോഴും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കയറ്റുമതിവരുമാനം ഇരട്ടിയിലധികമായി ഉയർന്നു. 2024-25 സാമ്പത്തിക വർഷം 181 കോടി ഡോളറിന്റെ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അതായത്, ഏതാണ്ട് 15,500 കോടി രൂപ. 2014-15 സാമ്പത്തിക വർഷത്തിൽ ഇത് 80 കോടി ഡോളറായിരുന്നു (അന്നത്തെ ഡോളർമൂല്യം അനുസരിച്ച് 5,142 കോടി രൂപ).
അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ ആവശ്യം ഉയർന്നിട്ടും രാജ്യത്ത് കാപ്പിയുടെ ഉത്പാദനത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. 2014-15 സാമ്പത്തിക വർഷം 3.45 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ ആകെ ഉത്പാദിപ്പിച്ചത്. 2024-25 സാമ്പത്തിക വർഷം ഇത് 3.52 ലക്ഷം ടൺ മാത്രമായാണ് ഉയർന്നത്.
കഴിഞ്ഞ പതിറ്റാണ്ടിലായി സ്ഥിരതയില്ലാത്ത വർധനയാണ് ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതിയിലുണ്ടായതെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 80 കോടി ഡോളറായിരുന്ന കയറ്റുമതി, 2015-16 സാമ്പത്തിക വർഷം 78 കോടി ഡോളറായി കുറഞ്ഞു. തുടർന്നുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കയറ്റുമതിയിൽ വർധനയുണ്ടായെങ്കിലും പിന്നീട് ഇടിയുകയായിരുന്നു.
2021-22-ൽ കയറ്റുമതി ആദ്യമായി 100 കോടി ഡോളർ കടന്ന്, 102 കോടി ഡോളറിലെത്തി. ഇതിനുശേഷം സ്ഥിരതയോടെ വർധനയുണ്ടായി. തൊട്ടടുത്ത വർഷങ്ങളിൽ 115 കോടി ഡോളർ, 129 കോടി ഡോളർ എന്നിങ്ങനെ കയറ്റുമതി വർധിച്ചു. 2024-25 സാമ്പത്തിക വർഷം ഇത് 181 കോടി ഡോളറിലെത്തി. കഴിഞ്ഞ നാലുവർഷംകൊണ്ടുമാത്രം 151 ശതമാനമാണ് കയറ്റുമതിയിലുണ്ടായ വർധന.
ഉത്പാദനത്തിൽ അത്രത്തോളം വർധനയില്ലെങ്കിലും ഇന്ത്യൻ കാപ്പിയുടെ മൂല്യത്തിലുണ്ടായ വർധനയാണ് കയറ്റുമതിയിലെ മികച്ച നേട്ടത്തിനു പിന്നിൽ.
മുന്നിൽ ഇറ്റലി
അൻപതോളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ കാപ്പി കയറ്റുമതി ചെയ്യുന്നത്. ഇതിൽ 18.09 ശതമാനം വിഹിതത്തോടെ ഇറ്റലിയാണ് ഏറ്റവും വലിയ വിപണി. ജർമനി (11.01%), ബെൽജിയം (7.47%), റഷ്യ (5.28%), യുഎഇ (5.09%), യുഎസ് (4.54%), ലിബിയ (3.87%) എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ.
കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കാപ്പി ഉത്പാദനത്തിലെ പ്രധാനികൾ. രാജ്യത്തെ ആകെ കാപ്പി ഉത്പാദനത്തിന്റെ 70 ശതമാനവും കർണാടകത്തിൽ നിന്നാണ്.
Content Highlights: India`s coffee exports hit a record ₹15,500 crore in 2024-25, doubling in a decade
Published: 23 May 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented