കാഞ്ഞങ്ങാട്: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും കൃഷി നശിച്ചു. നെൽക്കർഷകർക്കാണ് നഷ്ടം ഏറെയും സംഭവിച്ചത്. നൂറ്‌ ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു. വയലിൽ ദിവസങ്ങളായി വെള്ളം കെട്ടിനിന്നതാണ് കാരണം. 1200 ഹെക്ടറിലധികം നെൽപ്പാടങ്ങളുണ്ട് ജില്ലയിൽ. ഇതിൽ ഒന്നാം വിളക്കൃഷിക്ക് 700 ഹെക്ടറിൽ വിത്ത്‌ വിതച്ചു.

To advertise here,

കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകളിലെ വിവിധ കേന്ദ്രങ്ങളിലും പിലിക്കോട്, പടന്ന, ചെറുവത്തൂർ, അജാനൂർ, പുല്ലൂർ-പെരിയ, പള്ളിക്കര, ചെമ്മനാട്, മൊഗ്രാൽപൂത്തൂർ, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലെ പടിഞ്ഞാറൻ ഗ്രാമങ്ങളിലുമാണ് ഏറെയും നെൽകൃഷി നശിച്ചത്.

മലയോരമേഖലകളിലെ പല തോട്ടങ്ങളിലും കവുങ്ങും തെങ്ങും കടപുഴകി വീണു. കുരുമുളക് വള്ളികൾക്കും നാശമുണ്ടായി. കൃഷിനാശത്തിന്റെ കണക്ക് അതത്‌ കൃഷിഭവനിൽനിന്ന്‌ വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പച്ചക്കറി കൃഷിയിലുണ്ടായ നഷ്ടവും ചെറുതല്ല. കുമ്പളങ്ങ, മത്തൻ, വെള്ളരി, പാവയ്ക്ക, വഴുതന തുടങ്ങി പച്ചമുളക് വരെ നട്ട പച്ചക്കറിത്തോട്ടങ്ങളിലും വെള്ളം കയറി.

കുലച്ചവാഴകൾ നിലംപൊത്തി

മടിക്കൈയിലെ ചില വാഴത്തോട്ടങ്ങളിലും നാശമുണ്ടായി. കുലച്ച വാഴകൾ പലതും കാറ്റിൽ നിലം പൊത്തി. മിക്ക തോട്ടങ്ങളിലും കുലകൊത്തൽ പൂർത്തിയായിരുന്നതിനാൽ വലിയ നഷ്ടം ഒഴിവായതായി കർഷകർ പറയുന്നു. ദിവസങ്ങളോളം കനത്ത മഴയുണ്ടായിരുന്നെങ്കിലും ശക്തമായ കാറ്റ് തുടർച്ചയായി ഉണ്ടായില്ല. ഇതും കർഷകർക്ക് ആശ്വാസമായി. ജില്ലയിലെ പല വാഴത്തോട്ടങ്ങളിലും നാശമുണ്ടായിട്ടുണ്ടെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻഷുർ ചെയ്യാൻ മറക്കരുത്

കനത്ത മഴയിലും കാറ്റിലും കാലാവസ്ഥാവ്യതിയാനത്തിലും ഒക്കെയുണ്ടാകുന്ന കൃഷിനാശത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് അവബോധം നൽകുകയാണ് കൃഷി ഉദ്യോഗസ്ഥർ. നെൽകൃഷിക്ക് ഹെക്ടർ ഒന്നിന് 250 രൂപ പ്രീമിയം അടച്ചാൽ കാൽ ലക്ഷം രൂപ മുതൽ 35,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും

വാഴ ഒന്നിന് മൂന്നു രൂപയാണ് പ്രീമിയം തുക. കുലച്ച വാഴ നശിച്ചാൽ ഒരെണ്ണത്തിന് 300 രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്നത്. മറ്റെല്ലാ കൃഷിക്കും ഇത്തരത്തിൽ വിള ഇൻഷുറൻസുണ്ട്. ഇത് സംസ്ഥാന സർക്കാർ നൽകുന്ന പരിരക്ഷയാണ്.

കാലാവസ്ഥാവ്യതിയാന വിള ഇൻഷുറൻസ് എന്ന പേരിൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് കേന്ദ്രസർക്കാരും നഷ്ടപരിഹാരം നൽകുന്നു.

കൃഷി വകുപ്പിന് മേധാവിയില്ല, കസേരകൾ പലതും ഒഴിഞ്ഞുകിടക്കുന്നു

ജില്ലയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറില്ല. ഡെപ്യൂട്ടി ഡയറക്ടർ പി.രാഘവേന്ദ്രയ്ക്ക് അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ മൂന്നുപേരില്ല. ആറ്‌ ഡെപ്യൂട്ടി ഡയരക്ടറുടെ തസ്തികയാണ് ജില്ലയിലുള്ളത്.

നിലവിലുള്ള മൂന്നുപേരിൽ ഒരാൾക്ക് ജില്ലാ കൃഷി ഓഫീസറുടെ ചുമതലയും നൽകി. ഫലത്തിൽ ഈ തസ്തികയിൽ രണ്ടുപേരേയുള്ളൂ. 11 അസി. ഡയറക്ടർമാർ വേണ്ടിടത്ത് മൂന്ന്‌ കസേര ഒഴിഞ്ഞുകിടക്കുന്നു. കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറുടെ കസേരയിലും ആളില്ല. അസി. എക്സി. എൻജിനീയറുടെ കാര്യാലയത്തിൽ വർക്ക്‌ സൂപ്രണ്ടുമാരുടെ രണ്ട് ഒഴിവുമുണ്ട്. വിവിധ കാര്യാലയങ്ങളിലായി മൂന്ന്‌ ക്ലാർക്കുമാർ, ഒരു കൃഷി ഓഫീസർ എന്നീ ഒഴിവുകളുമുണ്ട്.