കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ കേരളത്തിലെ കർഷകരെയും കാർഷിക സംരംഭകരെയും കാത്ത് 1101 കോടി രൂപ. അഞ്ചുവർഷം മുൻപ്‌ ആരംഭിച്ച പദ്ധതിയുടെ കാലാവധി മാർച്ചിൽ അവസാനിക്കുകയാണ്.

To advertise here,

അധിക ഈടില്ലാതെ കൃഷിക്കും കാർഷികാധിഷ്ഠിത വ്യവസായങ്ങൾക്കും ഹൈടെക് കൃഷിക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയിൽ വായ്പകൾക്ക് രണ്ടു വർഷം മൊറട്ടോറിയം ലഭിക്കും. പദ്ധതിയിൽ ഉൾപ്പെടുന്ന 34 ബാങ്കുകൾക്ക് പരമാവധി ഈടാക്കാവുന്ന പലിശ ഒൻപത് ശതമാനമാണ്. ഇതിൽ മൂന്നു ശതമാനം കേന്ദ്ര സർക്കാർ, ബാങ്കിന് നൽകും. രണ്ടുകോടി രൂപവരെ വായ്പയെടുക്കാവുന്ന നിധി 2020-ൽ ആരംഭിച്ചെങ്കിലും ആദ്യമൂന്നു വർഷം കർഷകസംരംഭകർ കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. 2520 കോടിയാണ് മാർച്ചുവരെ വായ്പയായി നൽകാവുന്നത്. ഇതുവരെ 4163 അപേക്ഷകളിലായി 1419 കോടിയാണ് അനുവദിക്കപ്പെട്ടത്. ഇനി 1101 കോടിയുണ്ട്.

ഏതൊക്കെ കൃഷിക്ക് ?

ധാന്യം, പഴങ്ങൾ, പച്ചക്കറികൾ, എണ്ണക്കുരു, പയറുവർഗം , കരിമ്പ്, കൊക്കോ, കാപ്പി, കശുവണ്ടി, മുരിങ്ങ, തേയില, റബ്ബർ, ഔഷധവിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കൂൺ, വെർട്ടിക്കൽ ഫാമിങ്, ഹൈഡ്രോപോണിക്സ്, എയ്‌റോ പോണിക്സ്, പോളി ഹൈസ്, ഗ്രീൻ ഹൗസ്, കാർഷിക ഉപകരണങ്ങൾ , യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സംരംഭങ്ങളും.

വായ്പയുടെ മാനദണ്ഡങ്ങൾ

അപേക്ഷകന്റെ സിബിൽ സ്കോർ പരിഗണിക്കും. ഭൂമി എത്ര വേണമെന്ന് നിബന്ധനയില്ല. വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കണം. എഐഎഫ് ടീം പരിശോധിച്ച അപേക്ഷകൾ ബാങ്ക് ശാഖയിലേക്കു മാറ്റും. കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപം ലഭ്യമാക്കുകയാണ് അടിസ്ഥാന സൗകര്യ വികസന നിധിയുടെ ലക്ഷ്യമെന്ന് സംസ്ഥാന ടീം ലീഡർ ഡി.എസ്. ബിജുകുമാർ പറഞ്ഞു. സംഭരണ കേന്ദ്രങ്ങൾ, സംസ്കരണ യൂണിറ്റുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിളവെടുപ്പാനന്തര സൗകര്യങ്ങൾ ഒരുക്കാനും വായ്പ ലഭിക്കും.