വാഗമണ്‍: ഫാം ടൂറിസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വെറ്ററിനറി സര്‍വകലാശാലയുടെ വാഗമണ്‍ കോലാഹലമേട്ടിലെ കാമ്പസില്‍, ഫാം ടൂറിസം പദ്ധതിക്കായി കെട്ടിടസമുച്ചയം നിര്‍മിക്കുമെന്നും അവര്‍ പറഞ്ഞു. വയനാട് പൂക്കോട് ആസ്ഥാനമായ വെറ്ററിനറി സര്‍വകലാശാലയുടെ സ്ഥാപകദിനാഘോഷം, ഇടുക്കി വാഗമണ്‍ കോലാഹലമേട് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

കെ.എല്‍.ഡി.ബി.ഫാമില്‍ പശുക്കളുടെ എണ്ണം കൂട്ടി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കും. പുല്‍കൃഷിയിലേക്ക് തിരിയുന്ന ചെറുപ്പക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും. വെറ്ററിനറി സര്‍വകലാശാലയിലെ കുട്ടികള്‍ക്ക് കൂടുതല്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

മൃഗപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും കര്‍ഷകരുടേയും ഉന്നമനത്തിനായി, 14 പദ്ധതികള്‍ സമര്‍പ്പിച്ചുകൊണ്ടാണ് സ്ഥാപകദിനം ആഘോഷിച്ചത്. കോലാഹലമേട് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഡെയറി സയന്‍സ് കോളേജില്‍ സജ്ജമാക്കിയ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍, എക്‌സ്‌പെരിമെന്റല്‍ ഡെയറി പ്ലാന്റ്, ബേസ് ഫാമിന് പുതിയ ഓഫീസ് കെട്ടിടം, ഫാം അനുബന്ധ പരിശീലനകേന്ദ്രം, മെഗാ ബയോഗ്യാസ് പ്ലാന്റ്, സര്‍വകലാശാലയുടെ ഉത്പന്നങ്ങളുടെ വില്‍പ്പനകേന്ദ്രം, ഫാം ടൂറിസം പദ്ധതി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാനത്തെ മൃഗസംരക്ഷണ, ക്ഷീരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാനുള്ള ടോള്‍ ഫ്രീ നമ്പറിന്റെ (8078012480) പ്രകാശനം മന്ത്രി നിര്‍വഹിച്ചു. സര്‍വകലാശാലയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനം വാഴൂര്‍ സോമന്‍ എം.എല്‍.എ.നിര്‍വഹിച്ചു. സര്‍വകലാശാലയുടെ വിജ്ഞാനവ്യാപന പദ്ധതികള്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.അനില്‍ സമര്‍പ്പിച്ചു.