പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങൾ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി. വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തിൽ വ്യത്യസ്തവും അപൂർവവുമായ മുന്നൂറിലേറെ വിദേശ പഴവർഗങ്ങളാണ് വിളയുന്നത്.

To advertise here,

പത്തിനത്തിൽപെട്ട ജബൂട്ടിക്കാബ, 20 ഇനത്തിൽപ്പെട്ട ഡ്രാഗൺ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, പാക്കിസ്താൻ വൈറ്റ് മൾബറി, ബ്രസീലിയൻ ബ്ലാക്ക് മൾബറി, സാവാന ചെറി, 10 ഇനത്തിലുള്ള റമ്പൂട്ടാൻ, 15 ഇനം പേര, 12 ഇനം പ്ലാവ്, 20 ഇനം മാവ്, തായ്‌ലാൻഡ് ജമ്പോ ബ്ലാക്ക് ഞാവൽ, മിറാക്കിൾ ഫ്രൂട്ട് തുടങ്ങിയ വൈശാഖിയുടെ പഴത്തോട്ടത്തിൽ സമൃദ്ധിയായി വിളയുന്നു. ഒപ്പം തെങ്ങ്, വാഴ, റെഡ്‌ലേഡി പപ്പായ, ഇഞ്ചി, മഞ്ഞൾ, കുരുമുളക് തുടങ്ങിയ വീട്ടിൽ ആവശ്യമായവയും ഇവിടെ കൃഷിചെയ്യുന്നു.

കുട്ടിക്കാലംമുതൽ കൃഷിയിൽ താത്‌പര്യം

പ്രക്കാനം കാരുവേലിൽ വീട്ടിൽ ബിനോജ് തെന്നാടന്റെയും രാഖിയുടെയും മകളായ വൈശാഖിക്ക്‌ കുട്ടിക്കാലം മുതലേ വിദേശ പഴവർഗ ചെടികൾ നട്ടുവളർത്താൻ ഏറെ ഇഷ്ടമായിരുന്നു. മകളുടെ ആഗ്രഹം തിരിച്ചറിഞ്ഞ അച്ഛൻ ബിനോജ് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി ഒപ്പം ചേർന്നു.

വിദേശ പഴങ്ങളെപ്പറ്റി ഗൂഗിളിലൂടെ വിശദമായി വിവരശേഖരണം നടത്തിയ വൈശാഖി കേരളത്തിലെ കാലാവസ്ഥയിൽ കൃഷിചെയ്യാൻ അനുയോജ്യമായ വിദേശ പഴവർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അച്ഛന് കൈമാറി.

ബിനോജ് വിദേശരാജ്യങ്ങളിലുള്ള സുഹൃത്തുക്കളിലൂടെ ചെടികൾ സംഘടിപ്പിച്ചു. അങ്ങനെ വീടിന്റെ സമീപത്തെ 30 സെന്റ് സ്ഥലത്ത് കൃഷിയും ആരംഭിച്ചു. ജൈവവളം മാത്രമാണ്‌ പഴകൃഷിക്ക്‌ ഉപയോഗിക്കുന്നത്.

തേടി അവാർഡുമെത്തി

പഠനത്തോടൊപ്പം വിദേശഫല കൃഷിയിലും തത്‌പരയായ വൈശാഖിയെ തേടി അവാർഡുമെത്തി. ചെന്നീർക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്ന് നൽകുന്ന ഈ വർഷത്തെ മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള അവാർഡ് വൈശാഖിക്കാണ്.

കർഷക ദിനമായ ചിങ്ങം ഒന്നിന് (ഞായറാഴ്ച) ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെ. ഇന്ദിരാദേവി വൈശാഖിക്ക് സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും സ്കൂൾ ഹെഡ് ഗേളുമാണ് ഈ മിടുക്കി.