കൊച്ചി: യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ ചട്ടം (ഇയുഡിആർ) നേരത്തെ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഇന്ത്യയിലെ കർഷകർക്ക് ആശങ്കപ്പെടേണ്ടിവരില്ല. വനനശീകരണം നടന്ന പ്രദേശത്ത് വിളയിച്ച കാപ്പി, കൊക്കോ അടക്കമുള്ള വിഭവങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായാണ് യൂറോപ്യൻ യൂണിയൻ 2025 ഡിസംബർ 30-ഓടെ ഇയുഡിആർ നടപ്പിലാക്കുന്നത്. ഇത് നടപ്പായാൽ, യൂറോപ്പിലേക്ക് കയറ്റിയയക്കുന്ന കാപ്പി, 2020 ഡിസംബർ 30-ന് ശേഷം വനം നശിപ്പിച്ച ഭൂമിയിൽ നിന്നുള്ളതല്ലെന്ന് കർഷകർ തെളിയിക്കേണ്ടി വരും.
ജൂലായ് മുതൽതന്നെ ഇയുഡിആർ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് യൂറോപ്പിലുള്ള ബയർമാരുടെ നിലപാട്. ഇയുഡിആർ നിലവിൽ വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെയുള്ള ഈ ആവശ്യം കേരളം അടക്കമുള്ള കാപ്പി കൂടുതലായി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കില്ല. വനം നശിപ്പിച്ചുകൊണ്ട് കൃഷിയിറക്കിയിട്ടില്ല എന്നതുതന്നെ കാരണം.
99 ശതമാനം കാപ്പികൃഷിയെ ബാധിക്കില്ല
യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ ചട്ടത്തിൽ പറയുന്ന സമയപരിധിക്കുശേഷം മരങ്ങളും വനവും നശിപ്പിച്ച് കാപ്പി കൃഷി ചെയ്യുന്ന സ്ഥലങ്ങൾ രാജ്യത്ത് കുറവാണ്. കർണാടകയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ള സംസ്ഥാനം. തൊട്ടുപിന്നിലുള്ള കേരളം, തമിഴ്നാട്, ആന്ധ്ര എന്നിങ്ങനെ രാജ്യത്തെ പ്രധാന കാപ്പികൃഷി മേഖലയുടെ 99 ശതമാനവും ഇയുഡിആറിന് അനുസൃതമായുള്ള കൃഷിയിടങ്ങളാണെന്ന് വയനാട് കാപ്പി ഗവേഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോർജ് ഡാനിയൽ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായിരിക്കും ഇക്കാര്യത്തിൽ ചെറിയതോതിലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുക. അതേസമയം ഇയുഡിആർ പ്രകാരമാണ് കൃഷിയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കേഷൻ കർഷകർക്ക് നൽകുന്നതിൽ ആശയക്കുഴപ്പം നിലവിലുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളു. കർഷകരെ ഇയുഡിആർ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിനായുള്ള കോഫി ബോർഡിന്റെ ആപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണുള്ളത്.
ഏപ്രിലിലെ കയറ്റുമതി 1,735 കോടി രൂപ
ഇന്ത്യയുടെ കാപ്പി കയറ്റുമതി 2025 ഏപ്രിൽമാസം 20.29 കോടി ഡോളറിലെത്തി. അതായത്, ഏതാണ്ട് 1,735 കോടി രൂപ. 2024 ഏപ്രിലിലെ 13.72 കോടി ഡോളറിനെ (1,173 കോടി രൂപ) അപേക്ഷിച്ച് 48 ശതമാനം വർധന. എന്നാൽ, കയറ്റുമതി അളവിൽ ഇടിവുണ്ടായി. ഇന്ത്യൻ കാപ്പിയുടെ വിലനിലവാരത്തിലുണ്ടായ ഉയർച്ചയാണ് കയറ്റുമതി വരുമാനം വർധിക്കാൻ കാരണമായത്.
Content Highlights: EU`s new deforestation rules
Published: 25 May 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented