ചിറ്റൂര്‍: മറ്റുസംസ്ഥാനങ്ങളില്‍ മാത്രമല്ല, വേണമെങ്കില്‍ മല്ലി ചിറ്റൂര്‍മേഖലയിലെ മണ്ണിലും വിളയും. വടകരപ്പതി മേനോന്‍പാറ വളയിക്കാരന്‍ചള്ളയിലെ കര്‍ഷകന്‍ നന്ദകുമാറാണ് (38) ഇത് തെളിയിച്ചത്.

To advertise here,

തമിഴ്നാട്ടില്‍നിന്ന് മല്ലി ധാരാളം വരുന്നതിനാല്‍ സാധാരണ ചിറ്റൂരിന്റെ കിഴക്കന്‍മേഖലയില്‍ ആരും മല്ലി കൃഷിചെയ്യാറില്ല. എന്നാല്‍, മല്ലി കൃഷിചെയ്യാനാഗ്രഹിച്ച നന്ദകുമാര്‍ പൊള്ളാച്ചിയിലെ ഒരു കര്‍ഷകന്റെ ഫാമില്‍നിന്നാണ് കൃഷിയെക്കുറിച്ച് മനസ്സിലാക്കിയത്. 

കൃഷി വിജയിക്കുമോയെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എങ്കിലും പൊള്ളാച്ചിയില്‍നിന്ന് പത്തുകിലോഗ്രാം വിത്ത് വാങ്ങി രണ്ടുംകല്പിച്ച് ഒരേക്കറില്‍ കൃഷിയിറക്കുകയായിരുന്നെന്ന് നന്ദകുമാര്‍ പറഞ്ഞു.

ഡിസംബറിലാണ് കൃഷി തുടങ്ങിയത്. 40 ദിവസത്തിനകം 2,800 കിലോഗ്രാം മല്ലി ലഭിച്ചു. കിലോഗ്രാമിന് 68 രൂപ നിരക്കില്‍ പൊള്ളാച്ചി ചന്തയിലാണ് ഇവ വില്പന നടത്തിയത്. ഒരേക്കറിന് 25,000 രൂപയോളം ചെലവ് വന്നു. ആദ്യം രണ്ടുതവണ ഉഴുത് മണ്ണ് പൊടിയാക്കിയാണ് വിത്തിട്ടത്. അടിവളമായി ആട്ടിന്‍കാഷ്ഠവും ചാണകവും നല്‍കി. 

ആഴ്ചയില്‍ രണ്ടുതവണയായിരുന്നു ജലസേചനം. ജൈവവളം നല്‍കിയതിനാല്‍ കീടബാധ തീരെയില്ലായിരുന്നെന്ന് കര്‍ഷകന്‍ പറയുന്നു. സ്ഥിരം വിലയില്ലാത്തതാണ് ഈ കൃഷി നേരിടുന്ന പ്രശ്‌നം. അഞ്ചേക്കറില്‍കൂടി മല്ലിത്താഴയും പുതിനയും കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും നന്ദകുമാര്‍ പറഞ്ഞു.

Content Highlights: coriander leaves cultivation in menonpara palakkad