വടകര: കഴിഞ്ഞവർഷത്തെ നാളികേരദിനത്തിൽ ഒരു ക്വിന്റൽ പച്ചത്തേങ്ങയുടെ വില 3200 രൂപ, ഇന്നത് 6800. ഒരുവർഷത്തിനിടെ തേങ്ങയുടെ വില കുതിച്ചപ്പോൾ കർഷകർ അധികമായിനേടിയത് 3000 കോടിയോളം രൂപ. പച്ചത്തേങ്ങയുടെ തറവിലയായ 3400 രൂപയിൽനിന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ വില കയറിത്തുടങ്ങിയത്. ആമാസംതന്നെ 4400 രൂപയിലെത്തി. 8000 രൂപയ്ക്കടുത്തുവരെ കുതിപ്പുതുടർന്നു. ഒരുവർഷത്തിനിടെ ശരാശരി 6000 രൂപ പച്ചത്തേങ്ങയ്ക്ക് കിട്ടി. കൊപ്രയ്ക്കും ഉണ്ടക്കൊപ്രയ്ക്കുമെല്ലാം ശരാശരി 20,000 രൂപയും. ദീപാവലി, നവരാത്രി ആഘോഷങ്ങൾ മുന്നിലുള്ളതിനാൽ വില അടുത്തൊന്നും കുറയില്ലെന്ന ആത്മവിശ്വാസത്തിലാണ് വിപണി.
ഒരുവർഷം കേരളത്തിൽ 550 കോടിക്കും 600 കോടിക്കും മധ്യേ തേങ്ങവിളയുന്നുണ്ട്. കഴിഞ്ഞവർഷം ഉത്പാദനം വളരെ കുറവായിരുന്നു. അന്തിമകണക്ക് പുറത്തുവന്നില്ലെങ്കിലും 500 കോടിക്കും താഴെയാണ് ഉത്പാദനം. ഇതിന്റെ 30 ശതമാനത്തോളം ഗാർഹികാവശ്യത്തിനായി ഉപയോഗിക്കുന്നവയാണ്. വിപണിയിലെത്തുന്നത് ഏതാണ്ട് 13 ലക്ഷം ടൺ തേങ്ങ. ഇത്രയും തേങ്ങയ്ക്ക് തറവിലയിൽനിന്ന് അധികമായി ക്വിന്റലിന് 2500 രൂപ കിട്ടിയപ്പോൾത്തന്നെ കർഷകരുടെ നേട്ടം 3000 കോടി രൂപയിലേറെ.
ഒരുകിലോ തേങ്ങയ്ക്ക് 35-40 രൂപയോളം ഉത്പാദനച്ചെലവ് വരുന്നുണ്ട്. ഇതിൽ കൂടുതൽകിട്ടിയാൽ മാത്രമേ കൃഷി ലാഭകരമാകൂ. ആ നേട്ടത്തിലേക്ക് തേങ്ങ ചുവടുവെച്ചവർഷമാണ് കടന്നുപോയത്. 7600 രൂപയിലെത്തിയ പച്ചത്തേങ്ങവില പൊടുന്നനെ 52 രൂപയിലേക്ക് താഴ്ന്നത് ആശങ്കയുയർത്തിയെങ്കിലും അധികംവൈകാതെ തിരിച്ചുകയറി. തേങ്ങയ്ക്ക് വിലകൂടിയപ്പോൾ വിളയാത്ത തേങ്ങവരെ വിളവെടുത്തത് വിപണിയിൽ കൊപ്രയുടെയും മറ്റും ഗുണനിലവാരത്തെ ബാധിച്ചിരുന്നു. പലവ്യാപാരികൾക്കും ഇത് നഷ്ടമുണ്ടാക്കി. ഇത് തിരിച്ചറിഞ്ഞ് കർഷകർതന്നെ ഈ പ്രവണത നിയന്ത്രണിച്ച് വിപണിയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.
സന്തോഷത്തിനിടയിലും തിരിച്ചടി
വിലകൂടിയപ്പോൾ തേങ്ങ ഉത്പാദനം കുറഞ്ഞത് കേരളത്തിന് വലിയതിരിച്ചടിയായി. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം ഉത്പാദനം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനമാണ് കാരണം. ഇതാണ് കേരളത്തിനും വിനയായത്.
രാജ്യത്ത് നാളികേര ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ രണ്ടുവർഷമായി മൂന്നാംസ്ഥാനത്താണ്. തമിഴ്‌നാടും കർണാടകയും മുന്നിലെത്തി. കൃഷിയിൽ കേരളമാണ് മുന്നിലെങ്കിലും ഉത്പാദനക്ഷമത കുറഞ്ഞതാണ് തിരിച്ചടിയായത്. കർണാടകയുടെയും തമിഴ്‌നാടിന്റെയും ഉത്പാദനം 600 കോടി തേങ്ങയ്ക്കുമുകളിലാണ്. തേങ്ങയുടെ ക്ഷാമമാണ് വിലകൂടുന്നതിലേക്ക് നയിച്ചതെങ്കിലും വിലയിടിവിന്റെകാലത്ത് ഒന്നുകൂടി കൃഷിയെ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നേട്ടംകൊയ്യാമായിരുന്നു.
Content Highlights: coconut farming price hike
Published: 02 Sept 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented