
കോഴിക്കോട്: കേരളത്തിലെ നഗരങ്ങള്‍ ഇനി ഓര്‍ക്കിഡ് പൂക്കളാല്‍ സമ്പന്നമാകും. റോഡ് വികസനത്തിന്റെ ഭാഗമായും മറ്റും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളില്‍നിന്നുള്ള തദ്ദേശീയമായ ഓര്‍ക്കിഡുകള്‍ ശേഖരിച്ചാണ് മറ്റുമരങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നത്.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, തൃശ്ശൂര്‍ വനഗവേഷണകേന്ദ്രം, തിരുവനന്തപുരം പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് എന്നിവയോടൊപ്പം ലണ്ടനിലെ ക്യൂവിലുള്ള റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പദ്ധതി.
കേരളത്തില്‍ ഓര്‍ക്കിഡുകളുടെ എണ്ണം കുറയുകയാണെന്ന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടറുടെ ചുമതലവഹിക്കുന്ന ഡോ. എന്‍.എസ്. പ്രദീപ് പറഞ്ഞു. ഇവയുടെ പ്രാധാന്യത്തെയും സംരക്ഷണത്തെയുംകുറിച്ച് ജനങ്ങളെ ബോധവത്കരിക്കലും കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പഠനവുമാണ് ലക്ഷ്യം.
കോഴിക്കോട്ട് സരോവരം ബയോപാര്‍ക്കിലെ മരങ്ങളിലാണ് ഇവ വെച്ചുപിടിപ്പിക്കുന്നത്. കോഴിക്കോട് ബൈപ്പാസ് വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോഴും കഴിഞ്ഞയാഴ്ച ആഴ്ചവട്ടത്ത് കൂറ്റന്‍ മരത്തിന്റെ ചില്ലകള്‍ വെട്ടിയപ്പോഴും ഓര്‍ക്കിഡുകള്‍ ശേഖരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലും തിരുവനന്തപുരത്തും ശേഖരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എവിടെ വെച്ചുപിടിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
തുടക്കത്തില്‍ 15 ഇനങ്ങള്‍
വാന്‍ഡ ടെസ്റ്റേഷ്യ, റിങ്കോസ്‌റ്റൈലിസ്, റെറ്റിയൂസ, സിമ്പിഡിയം അലോയ്ഫോളിയം, ഫോളിഡോട്ട, ബള്‍ബോഫിലം ഫിംബ്രിയേറ്റം, ബള്‍ബോഫിലം സ്റ്റെറയില്‍, അക്കാമ്പെ, ഡെന്‍ഡ്രോബിയം ഓവേറ്റം തുടങ്ങിയ പതിനഞ്ചോളം ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ വെച്ചുപിടിപ്പിക്കുന്നത്.
മഴമരം, മഹാഗണി, മഞ്ഞവാക, കാഷ്യു റെയിന തുടങ്ങിയ മരങ്ങളിലാണ് ഇവ വെച്ചുപിടിപ്പിക്കുന്നത്.
2019-ല്‍ തിരുവനന്തപുരം കനകക്കുന്നില്‍ പദ്ധതി നടപ്പാക്കാന്‍ പാലോട്ടെയും ലണ്ടനിലെയും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കൗണ്‍സിലിന്റെ തനത് ഫണ്ടാണ് ഉപയോഗിക്കുന്നത്.
Content Highlights: cities in kerala will now be rich with orchid flowers
Published: 15 Jun 2024, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented